imf

വാഷിംഗ്‌ടൺ: വികസിത സമ്പദ്വ്യവസ്ഥ നിലനിൽക്കുന്ന രാജ്യങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തൊഴിൽമേഖലയിലുണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ച് സൂചനയുമായി ഐഎംഎഫ് മേധാവി ക്രിസ്റ്റലിന ജോർജിയേവ. വികസിത സമ്പദ്‌വ്യവസ്ഥ നിലനിൽക്കുന്ന രാജ്യങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് 60 ശതമാനം ജോലികളെയും സ്വാധീനിക്കാം എന്നാണ് ഐഎംഎഫ് മാനേജിംഗ് ഡയറക്‌ടർ ക്രിസ്റ്റലിന ജോർജിയേവ അറിയിച്ചത്.വാഷിംഗ്‌ടണിൽ ഒരഭിമുഖത്തിലാണ് അവർ ഇത്തരത്തിൽ അഭിപ്രായപ്രകടനം നടത്തിയത്.ഇന്ത്യയടക്കം നിരവധി രാജ്യങ്ങളെ ബാധിക്കുന്ന കാര്യമാണിത്.

'നിങ്ങളുടെ ജോലി എ ഐ സാങ്കേതികവിദ്യ വരുന്നതോടെ ഒറ്റയടിക്ക് അപ്രത്യക്ഷമായേക്കാം. അല്ലെങ്കിൽ എ ഐ നിങ്ങളുടെ ജോലിയെ മെച്ചപ്പെടുത്താം. ഇതിലൂടെ നിങ്ങൾ കൂടുതൽ ഉൽപാദനക്ഷമതയുള്ളവരാകാം. അങ്ങനെ വരുമാനവും വർദ്ധിക്കാം.' ക്രിസ്‌റ്റലിന പറയുന്നു. ആഗോള തൊഴിൽ വിപണിയിൽ 40 ശതമാനവും എ ഐ സ്വാധീനത്തിന് വിധേയമാകാം. വളരുന്ന സമ്പദ്‌വ്യവസ്ഥയിൽ 40 ശതമാനത്തോളം ഇടങ്ങളിലും താഴ്‌ന്ന വരുമാനമുള്ള 26 ശതമാനം രാജ്യങ്ങളിലും ഇത് ബാധിക്കാം. വളരുന്ന സമ്പദ്‌വ്യവസ്ഥയുള്ല രാജ്യങ്ങളിൽ എ ഐ സാങ്കേതിക വിദ്യവഴി ലഭിക്കുന്ന പ്രയോജനവും കുറവാണെന്ന് ക്രിസ്റ്റലിന ജോർജിയേവ പറയുന്നു.

കൊവിഡ് കാലത്തെ ധനപ്രതിസന്ധികളടക്കം മറികടക്കേണ്ടതിനാൽ 2024 ലോകമാകെ ധനനയത്തിന് വളരെ പ്രയാസകരമായ വ‌ർഷമാകുമെന്നും അവ‌ർ സൂചിപ്പിച്ചു. നിരവധി രാജ്യങ്ങളിൽ ഈ വർഷം തിരഞ്ഞെടുപ്പ് നടക്കും എന്നതിനാൽ സർക്കാരുകൾക്ക് നികുതിയിളവോ, ആനുകൂല്യങ്ങളോ നൽകുന്നത് മൂലം സാമ്പത്തിക ഭാരമുണ്ടാകാമെന്നും അവർ സൂചിപ്പിച്ചു. ഇന്ത്യയടക്കം ഏതാണ്ട് 80ഓളം രാജ്യങ്ങളിലാണ് ഈ വർഷം പൊതുതിരഞ്ഞെടുപ്പ് നടക്കുക.