attack

ന്യൂഡൽഹി: വിമാനം വൈകുമെന്ന അറിയിപ്പിന് പിന്നാലെ പൈല​റ്റിനെ ആക്രമിച്ച് യാത്രികൻ. ന്യൂഡൽഹിയിൽ നിന്നും ഗോവയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഇൻഡിഗോ (6ഇ-2175) എന്ന വിമാനത്തിൽ കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടുകൂടിയായിരുന്നു സംഭവം, യാത്രികനായ സഹിൽ കറ്റാരിയ പൈലറ്റിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. സംഭവത്തിൽ യുവാവിനെതിരെ ഇൻഡിഗോ പരാതി നൽകിയിട്ടുണ്ട്.

കനത്ത മൂടൽമഞ്ഞ് കാരണം വിമാനം പുറപ്പെടാൻ വൈകുമെന്ന് പൈല​റ്റ് യാത്രക്കാരോട് പറയുന്നത് വീഡിയോയിൽ വ്യക്തമായി കേൾക്കാൻ കഴിയും. പിന്നാലെ മഞ്ഞ നിറത്തിലുളള വസ്ത്രം ധരിച്ച യുവാവ് പിൻസീ​റ്റിൽ നിന്നും വേഗത്തിൽ വന്ന് പൈല​റ്റിനെ കടന്നാക്രമിക്കുകയായിരുന്നു. യുവാവിനെ പിടിച്ചുമാ​റ്റുന്നതിനായി മ​റ്റുളള യാത്രികർ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. സംഭവത്തിന് പിന്നാലെ യുവാവിനെ സഹയാത്രികർ അധികൃതർക്ക് കൈമാറുകയായിരുന്നു. സംഭവത്തിൽ പൊലീസും ഏവിയേഷൻ സെക്യൂരിറ്റി ഏ‌ജൻസിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

A passenger punched an Indigo capt in the aircraft as he was making delay announcement. The guy ran up from the last row and punched the new Capt who replaced the previous crew who crossed FDTL. Unbelievable ! @DGCAIndia @MoCA_GoI pic.twitter.com/SkdlpWbaDd

— Capt_Ck (@Capt_Ck) January 14, 2024

അതേസമയം, രാജ്യതലസ്ഥാനത്ത് മൂടൽമഞ്ഞും അതിശൈത്യവും രൂക്ഷമായ സാഹചര്യത്തിൽ കഴിഞ്ഞ ദിവസം മാത്രം റദ്ദാക്കിയത് 600 ഓളം വിമാനങ്ങളാണ്. കര,​ റെയിൽ,​ വ്യോമ ഗതാഗതത്തെ ഏതാണ്ട് 12 മണിക്കൂറിനടുത്ത് നീണ്ടുനിന്ന കനത്ത മൂടൽമഞ്ഞ് കാര്യമായിതന്നെ ബാധിച്ചു. പരമാവധി കാഴ്‌ചാപരിധി രാത്രി 12.30 മുതൽ പുലർച്ചെ മൂന്ന് മണിവരെ 200 മീറ്ററിൽ താഴെയായിരുന്നു. തുടർന്ന് മൂന്ന് മണിമുതൽ രാവിലെ പത്തര വരെ പൂജ്യം ആയതോടെ ആയിരക്കണക്കിന് യാത്രക്കാരും സാധാരണക്കാരും ബുദ്ധിമുട്ടി. അടുത്തിടെയായിട്ട് ഇൻഡിഗോ കടുത്ത ആരോപണങ്ങളാണ് നേരിടുന്നത്.