
തിരുവനന്തപുരം: വദനാർബുദവും (ഓറൽ കാൻസർ) ദന്തക്ഷയവും മോണരോഗങ്ങളും ഉൾപ്പെടെയുള്ളവ സംസ്ഥാനത്ത് ദിനംപ്രതി വർദ്ധിക്കുമ്പോഴും അവയെ ചെറുക്കാനുള്ള ബോധവത്കരണം പേരിനു പോലുമില്ല. താഴെത്തട്ടിൽ ബോധവത്കരണം നടത്താനും ആശുപത്രികളിൽ പല്ലുകളുടെ ക്ലീനിംഗ് ഉൾപ്പെടെയുള്ള ജോലികൾ നിർവഹിക്കാനും ഡെന്റൽ ഹൈജീനിസ്റ്റുകളില്ലാത്തതാണ് ഈ മേഖലയിലെ പ്രധാന വെല്ലുവിളി.
ഡെന്റൽ സർജൻമാരുള്ള എല്ലാ ആരോഗ്യസ്ഥാപനങ്ങളിലും ഡെന്റൽ ഹൈജീനിസ്റ്റ് അനിവാര്യമാണ്. എന്നാൽ, സംസ്ഥാനത്ത് 49 ആരോഗ്യകേന്ദ്രങ്ങളിൽ ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ് 2തസ്തികപോലും സൃഷ്ടിച്ചിട്ടില്ല. നാഷണൽ ഓറൽ ഹെൽത്ത് പോളിസി പ്രകാരവും ഡെന്റൽ കൗൺസിൽ നിയമപ്രകാരവും 1:1അനുപാതത്തിൽ ഡെന്റൽ ഹൈജീനിസ്റ്റുകൾ നിർബന്ധമാണ്. കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളും താലൂക്ക് ആശുപത്രികളും ഉൾപ്പെടുന്ന 14 ജില്ലകളിലെ 49 ആരോഗ്യകേന്ദ്രങ്ങളിലാണ് ഹൈജീനിസ്റ്റുകളില്ലാത്തത്. പല്ലിന്റെ ക്ലീനിംഗ് ഹൈജീനിസ്റ്റുകളുടെ ചുമതലയായതിനാൽ മിക്ക സ്ഥലങ്ങളിലും ഡോക്ടർമാർ അതിൽ ശ്രദ്ധകേന്ദ്രീകരിക്കാറില്ല. മറ്റു ജോലികളുടെ തിരക്കാണ് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നത്. ഇതോടെ സാധാരണക്കാരായ രോഗികൾക്ക് അടിസ്ഥാന ദന്തചികിത്സ ലഭിക്കാത്ത സ്ഥിതിയാണ്.ഡെന്റൽ കൗൺസിൽ സർക്കാരിന് സമർപ്പിച്ച വിഷൻ ഡെന്റൽ 2030 പ്രകാരം സംസ്ഥാനത്ത് ദന്തരോഗങ്ങൾക്ക് ശാശ്വതപരിഹാരം കാണാൻ ബോധവത്കരണം അനിവാര്യമാണ്. മതിയായ ഡെന്റൽ ഹൈജീനിസ്റ്റുമാരെ നിയോഗിച്ച് ഈ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണമെന്നും റിപ്പോർട്ടിലുണ്ട്.
10 പേർക്കു പോലും പണിയില്ല!
സംസ്ഥാനത്ത് ഡെന്റൽ ഹൈജീനിസ്റ്റ് ഡിപ്ലോമ കോഴ്സുള്ളത് തിരുവനന്തപുരം ഡെന്റൽ കോളേജിൽ മാത്രം.
ആകെയുള്ള പത്ത് സീറ്റിൽ പ്രവേശനം നേടി പഠിച്ചിറങ്ങുന്നവർക്കു പോലും ജോലിയില്ലാത്ത സ്ഥിതി.
നിയമപ്രകാരം എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും തസ്തിക സൃഷ്ടിക്കാത്തത് പ്രതിസന്ധി.
കാനഡ,യു.കെ ഉൾപ്പെടെയുള്ള വിദേരാജ്യങ്ങളിൽ ഉയർന്ന ശമ്പളത്തോടെ തൊഴിൽ അവസരം.
ഡെന്റൽ കൗൺസിലിൽ രജിസ്റ്റർ ചെയ്ത് ജോലിക്കായി കാത്തിരിക്കുന്നത് 700 ഹൈജീനിസ്റ്റുകൾ.
90% പേർക്കും ദന്തരോഗം
സംസ്ഥാനത്ത് 90% പേരും ഏതെങ്കിലും തരത്തിലുള്ള ദന്തരോഗങ്ങളാൽ ബുദ്ധിമുട്ടുന്നതായും 5ശതമാനം പേരിൽ ഇത് ഗുരുതരമാണെന്നും ഡെന്റൽ ഹെൽത്ത് സർവീസ് അടുത്തിടെ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. ലക്ഷത്തിൽ 14പേരെ വദനാർബുദ്ധം ബാധിക്കുന്നു. 140പേർ വദനാർബുദത്തിന് തൊട്ട് മുമ്പുള്ള ഘട്ടത്തിലുമാണ്. ശരിയായ അവബോധം,വീടുകളിലെത്തിയുള്ള സ്ക്രീനിംഗ് എന്നിവയിലൂടെ ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകും.അതിന് ഡെന്റൽ ഹൈജീനിസ്റ്റുകൾ വേണം.