
ഒരു കവിയുടെ ദേഹവിയോഗത്തിന്റെ നൂറാം വർഷത്തിൽ ആ കവിയെ ഒരു ഭാഷാ സമൂഹം സമകാലികനെ എന്ന പോലെ സമീപിക്കുകയും കൃതികളെയും വ്യക്തിയെയും കൂടുതൽ ആഴത്തിൽ അറിയാൻ ശ്രമിക്കുകയും ചെയ്യുന്നുവെങ്കിൽ ആ കവിയുടെ ആത്മസംഘർഷത്തിനും പ്രചോദന സാന്ദ്രതയ്ക്കും മറ്റു തെളിവുകൾ വേണ്ട. തന്റെ കൃതികളോളം, ഒരു പക്ഷെ അവയെക്കാളും ഗഹനത തന്റെ ജീവിതത്തിനും വ്യക്തിത്വത്തിനുമാണെന്നു കൂടി മഹാകവി കുമാരനാശാൻ മരണസീമകൾക്കപ്പുറത്തു നിന്ന് പ്രഖ്യാപിക്കുകയാണ്. ഇത്രയും സമഗ്രതയും, ഇത്രയും ആഴവും ഇത്രയും ഉൾക്കനവും, ഇത്രയും ആത്മസംഘർഷത്തിന്റെ പൊള്ളലും അവകാശപ്പെടാൻ കഴിയുന്ന മറ്റൊരു മലയാള കവിയില്ല.
പല്ലനയിൽ നൂറു സംവത്സരങ്ങൾക്കു മുമ്പ് ബോട്ടപകടം അപഹരിച്ച മഹാകവിയുടെ ജീവന്റെ അനശ്വര തരംഗങ്ങൾ മലയാളകവിതയുടെ വിഹായസ്സിൽ ഇപ്പോഴും വിദ്യുല്ലതകൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ഓരോ കാവ്യത്തിന്റെയും ശതാബ്ദി നമ്മൾ ആഘോഷിക്കുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ കേരളത്തിന്റെ ആശയഭൂമികയിൽ ആശാൻ ആശീർവദിച്ച ആശയങ്ങളും നിലപാടുകളും ഇപ്പോഴും പ്രകമ്പനങ്ങൾ തീർക്കുന്നു. കേരളത്തിന്റെ നവോത്ഥാന ചരിത്രവും കവിതാ ചരിത്രവും മഹാകവിയുടെ സ്മരണകളെയും സംഭാവനകളെയും ഇപ്പോഴും പ്രദക്ഷിണം വയ്ക്കുന്നു.
നമ്മുടെ സാംസ്‌കാരിക ചരിത്രത്തിലെ അത്യപൂർവ്വ പ്രതിഭാസമായി മാറിക്കഴിഞ്ഞു, മഹാകവി കുമാരനാശാൻ.
ആത്യന്തികമായി നാം കവിയായി അറിയുന്ന കുമാരനാശാന് ചരിത്രത്തെ ഈ വിധം സ്വാധീനിക്കാൻ കഴിഞ്ഞത് എന്തുകൊണ്ടാണ്? കായിക്കരയിൽ ജനിച്ച കുമാരു എന്ന ബാലനെ മഹാകവി കുമാരനാശാനാക്കി പരിവർത്തനപ്പെടുത്തിയത് കാലത്തിന്റെ നിപുണഹസ്തങ്ങളാണ്. കവിത്വവും ആത്മീയതയും അനുകമ്പയും സമഞ്ജസിച്ച ശ്രീനാരായണ ഗുരുദേവന്റെ സവിശേഷ ശ്രദ്ധയ്ക്കും സ്‌നേഹത്തിനും പരിഗണനയ്ക്കും ശിഷ്യത്വത്തിനും പാത്രമാകാൻ ആ ബാലനെ കാലം കനിഞ്ഞനുഗ്രഹിക്കുകയായിരുന്നല്ലോ.
ഗുരുവിന്റെ
വിസ്മയസ്പർശം
ഗുരുവിന്റെ കടാക്ഷം പതിഞ്ഞില്ലായിരുന്നുവെങ്കിൽ ഗഹനതയും ധിഷണാശേഷിയും അവകാശപ്പെടാൻ കഴിയുന്ന നാമിന്നറിയുന്ന സമഗ്രനായ മഹാകവി പിറക്കുമായിരുന്നില്ല എന്ന വാസ്തവവും തിരിച്ചറിയണം. ആശാന്റെ വിദ്യാഭ്യാസത്തെ, കവിതയെ, സാമൂഹിക കാഴ്ചപ്പാടുകളെ, കർമ്മജീവിതത്തെ, ജീവിത ദർശനത്തെ, ആദ്ധ്യാത്മികമായ ബോദ്ധ്യങ്ങളെ എല്ലാം ഗുരു വിസ്മയാവഹമായി സ്പർശിക്കുകയായിരുന്നു. ആശാന്റെ മനസ്സും വിചാരങ്ങളും പരുവപ്പെടുന്നത് ഗുരുവിന്റെ മഹാകാരുണ്യം കൊണ്ട്. മദ്രാസിലും കൽക്കത്തയിലുമുള്ള പ്രവാസ ജീവിതത്തിൽനിന്ന് ആർജ്ജിച്ച നവീനാശയങ്ങളും ഇംഗ്ലീഷ് ഭാഷാപരിചയവുമൊക്കെ ആ അടിത്തറയിൽ പണിതുയർത്തിയ മേലെടുപ്പുകളായിരുന്നു.
കേരളത്തിന്റെ നവോത്ഥാനത്തിലേക്കു നയിച്ച നൂതനാശയങ്ങളുടെ വിളഭൂമിയായി മാറി, ആശാന്റെ മനസ്സ്. വേദാന്തത്തെക്കുറിച്ചുള്ള വ്യക്തത സമൂഹത്തിൽ നിലനിന്ന ജീർണ്ണതകളെ തിരിച്ചറിയാനും എതിർക്കാനുമുള്ള ആന്തരിക ബോദ്ധ്യവും പ്രേരണയുമായിത്തീർന്നു. വിവേകാനന്ദ സ്വാമികളുടെ പ്രായോഗിക വേദാന്തവും ടാഗോറിന്റെ മനുഷ്യകേന്ദ്രിതമായ ആത്മീയതയും ബാഗാളിലെ ബ്രഹ്മസമാജ വിചാരങ്ങളും ആശാനെ അഗാധമായി സ്വാധീനിച്ചിരുന്നു. വേദാന്തചിന്തയുടെ സമകാലിക ഭാഷ്യം രചിക്കാൻ ഈ പരിചയവും ഗുരുദേവന്റെ ശിക്ഷണവും ആശാനെ സജ്ജനാക്കി. (നവോത്ഥാനത്തിനു ഹേതുവായ നൂതനമായ ആശയധാരകളുടെ ദാർശനികമായ അടിത്തറ അംഗീകരിക്കാൻ വിസമ്മതിക്കുക വഴി പലപ്പോഴും ഗുരുദേവനെയും കുമാരനാശാനെയും സമഗ്രമായി ഉൾക്കൊള്ളാനാകാതെ പോകുന്നത് പുരോഗമന കേരളത്തിന്റെ ബൗദ്ധിക ചരിത്രത്തിലെ വലിയൊരു വിടവാണ്.)
അധികാരത്തോട്
അപ്രിയ സത്യങ്ങൾ
എസ്.എൻ.ഡി.പിയുടെ ആദ്യത്തെ ദീർഘകാല കാര്യദർശി എന്ന നിലയിലും വിവേകോദയത്തിന്റെ പത്രാധിപർ എന്ന നിലയിലും പ്രജാസഭയിലെ അംഗം എന്ന നിലയിലും സമൂഹത്തിൽ അംഗീകാരവും സ്വാധീനവുമുള്ള ഒരു ധിഷണാശാലി എന്ന നിലയിലും മഹാകവി ജാതിഭേദത്തിനും ചൂഷണത്തിനും വിവേചനത്തിനുമെതിരെ സ്വീകരിച്ച നിലപാടുകൾ എത്ര കൃത്യമായിരുന്നുവെന്ന് ചരിത്രം ബോദ്ധ്യപ്പെടുത്തിത്തരുന്നുണ്ട്. അധികാരത്തോട് അപ്രിയ സത്യങ്ങൾ പറയാൻ ഒരിക്കലും കവി അമാന്തിച്ചില്ല; എങ്കിലും വിയോജിപ്പുകൾ മാന്യമായി അവതരിപ്പിക്കാനും എതിർപ്പിലും പരസ്പര ബഹുമാനം നിലനിറുത്താനും എന്നും ശ്രദ്ധിച്ച ആശാൻ ശൈലി സമകാല കേരളത്തിന് ഇപ്പോഴും മാതൃകയാണ്. ശബ്ദകോലാഹലങ്ങളിലൂടെ സാധിച്ചതിലും എത്രയോ അധികം നേട്ടങ്ങളും അവകാശങ്ങളും നേടിയെടുക്കുന്നതിന് ഈ മാന്യസമീപനം സഹായകമായി എന്ന് ചരിത്രം നമ്മെ ബോദ്ധ്യപ്പെടുത്തുന്നുണ്ട്.
സ്വകാര്യമായ
തിരതല്ലലുകൾ
വൈകി ഗൃഹസ്ഥാശ്രമം സ്വീകരിച്ച കുമാരനാശാന്റെ അന്തരംഗത്തിൽ നടന്ന ആത്മീയ ജീവിത നിർമ്മമതയും മമതാബന്ധങ്ങളെ നിഷേധിക്കാത്ത ആത്മീയതയും തമ്മിലുള്ള സംഘർഷം കവി നേരിട്ട് അധികമൊന്നും രേഖപ്പെടുത്തിയിട്ടില്ല. സംഭാഷണങ്ങളിലും അദ്ദേഹം മിതത്വം പുലർത്തി. എന്നാൽ ഈ സംഘർഷം കവിഹൃദയത്തിൽ ഉണർത്തിയ വിചാര തരംഗങ്ങൾ അത്യന്തം പ്രക്ഷുബ്ദ്ധമായിരുന്നിരിക്കണം. ആ പ്രക്ഷുബ്ദ്ധതയുടെ സ്വകാര്യ ഘട്ടത്തിലൂടെ ഏകനായി കടന്നു പോയി പതം വന്ന ആത്മചേതനയിൽ നിന്നാണ് ഈടുള്ള കൃതികൾ- നളിനിയും ലീലയുംപിറവിയെടുക്കുന്നത്.
ഇന്നത്തെ ദുഃഖങ്ങളെ നാളെ പുലർച്ചേ തന്നെ കവിതയാക്കി മാറ്റുന്ന ശീലക്കാരനായിരുന്നില്ല ആശാൻ. മംഗളപത്രമെഴുത്തും സമസ്യാപൂരണവുമല്ല കവിതയെന്ന് അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ച കവിയാണ് ആശാൻ. കവിതാ രചനയ്ക്ക് ഇത്രയേറെ തീക്ഷ്ണതയും താപവുമുണ്ടെന്നു നമുക്ക് ബോധ്യപ്പെടുത്തിയ കവി. അഗാധമായ മനനത്തിനു ശേഷം മാത്രം എഴുതിത്തുടങ്ങുക, ഓരോ ശ്ലോകവും ചെത്തിമിനുക്കി പൂർണ്ണതയുടെ തിളക്കം നേടാൻ ശ്രമിക്കുക, ഓരോ വരിയും ധ്വനിസമൃദ്ധമാക്കുക ഇതൊക്കെ മലയാള കവിതയിൽ ആശാനു മുമ്പ് അപൂർവ്വതയായിരുന്നു.
കവിതയുടെ മർമ്മമറിഞ്ഞ ഈ കവിയാണ് ആദ്യമായി, 'വീണപൂവെ'ന്നു പറഞ്ഞാൽ വീണുകിടക്കുന്ന പൂവ് മാത്രമല്ലെന്നും, ഗ്രാമവൃക്ഷത്തിലെ കുയിൽ എന്നാൽ കുയിലല്ലെന്നും നമ്മെ പഠിപ്പിച്ചത്. കവിതയുടെ സാദ്ധ്യതാസീമകളിലേക്ക് വിരൽചൂണ്ടിയ കവിയായിരുന്നു കുമാരനാശാൻ. കാവ്യകലയെക്കുറിച്ച് ഇത്ര സുചിന്തിതമായ സങ്കല്പങ്ങളോടു കൂടി കവിതയെ സമീപിക്കാൻ കഴിഞ്ഞ മഹാകവി മലയാളത്തിനു നൽകിയത് കവിതയെക്കുറിച്ചുള്ള നവീന പരികല്പനകളും അനന്തമായ സാദ്ധ്യതകളുമായിരുന്നു.
സീതയിലെ
ഫെമിനിസം
കഥാപാത്രങ്ങളുടെ മനസ്സിലൂടെ ഇത്രകണ്ട് സൂക്ഷ്മമായി ഒരു കവിക്ക് സഞ്ചരിക്കാനാകുമെന്നതിന്റെ പരമോത്കൃഷ്ട നിദർശനമാണ് ചിന്താവിഷ്ടയായ സീത എന്ന കാവ്യം. ഏതൊരു മഹാകാവ്യത്തെയും വെല്ലുന്ന മഹിതരചന. ഫെമിനിസത്തെക്കുറിച്ച് യൂറോപ്പിലും അമേരിക്കയിലും പോലും ആരും സംസാരിച്ചു തുടങ്ങാതിരുന്ന കാലത്താണ് പരമ മനസ്വിനിയായ സീതയുടെ സ്ത്രീസ്വാതന്ത്ര്യത്തിന്റെയും സ്വത്വബോധത്തിന്റെയും ധീരമായ ആശയങ്ങൾക്ക് ആവിഷ്‌കാരം കൊടുക്കുന്നത്. ഭർത്താവും രാജാവുമായ രാമനോട് സീത ചോദിക്കുന്ന 'പാവയോയിവൾ?' എന്ന ചോദ്യത്തിന്റെ ഖഡ്ഗത്തിളക്കം ഒരു നൂറ്റാണ്ടിനിപ്പുറം കൂടുതൽ തീക്ഷ്ണമായിരിക്കുന്നു.
ജാതിചിന്തയ്‌ക്കെതിരെയുള്ള കാവ്യ കലാപങ്ങളായി വിലയിരുത്തപ്പെടേണ്ട ചണ്ഡാലഭിക്ഷുകിയും ദുരവസ്ഥയും ആശാന്റെ സാമൂഹികപരിഷ്‌കരണ ശ്രമങ്ങളുടെ തിലകക്കുറികളാണ്. ഈ കൃതികളുടെ ആമുഖത്തിൽ കവി തന്നെ ഇവ അത്ര കേമമല്ല എന്ന അർഥം സ്ഫുരിക്കുമാറ് ചില പ്രസ്താവനകൾ നടത്തിയത് അക്ഷരാർത്ഥത്തിലെടുത്ത് വിലക്ഷണ നിരൂപങ്ങൾ നടത്തുന്നത് സാഹസമായിരിക്കും.
ആശാന്റെ
വിചാരദൂരം
കായിക്കരയിലാരംഭിച്ച് പല്ലനയിൽ അവസാനിച്ച ആ മഹിത ജീവിതത്തിന്റെ സഞ്ചാരപഥം ഈ രണ്ടു സ്ഥലങ്ങൾക്കിടയിലുള്ള ഭൗതിക ദൂരമായിരുന്നില്ല. ആശാന്റെ ജീവിതയാത്രയുടെ ഭൗതിക ഭൂമിശാസ്ത്രം തന്നെ വളരെ ദീർഘമാണ്. ബാംഗ്ലൂർ, മദ്രാസ്, കൽക്കത്ത, അരുവിപ്പുറം, തിരുവനന്തപുരം തോന്നയ്ക്കൽ എന്നിങ്ങനെയുള്ള സ്ഥലങ്ങളിൽ വ്യാപിച്ചുകിടക്കുന്നു, കവിയുടെ കാൽപ്പാടുകൾ. എന്നാൽ അതിനേക്കാൾ എത്രയോ വിസ്തൃതമാണ് അദ്ദേഹം സഞ്ചരിച്ച വിചാരവഴികൾ!
വൈവിധ്യപൂർണ്ണമായ വായനയിലൂടെയും മനനത്തിലൂടെയും മറ്റൊരു സമകാലിക കവിക്കും അവകാശപ്പെടാനാവാത്ത ഗംഭീരവും വിപുലവുമായൊരു ആശയലോകത്തിന്റെയും വൈകാരിക സംഘർഷത്തിന്റെയും അനുഭവസമ്പന്നതയുടെയും സാർവ്വഭൗമനായിരുന്നു ഈ കവി. ആ ചിന്തകൾ കൊണ്ട് മലയാള സമൂഹത്തെ ഉണർത്തി; മലയാള കവിതയെ ആഴപ്പെടുത്തി. കവിതയുടെ ഗഹനത പറഞ്ഞു തന്നു. പൂർണ്ണതയുടെ പുതിയ അളവുകോലുകൾ സമ്മാനിച്ചു. ഉദ്ഗ്രഥിതവും എന്നാൽ വ്യഥിതവുമായ അന്തരംഗത്തിൽ നിന്നേ കാലം നമിക്കുന്ന കൃതികളുണ്ടാവൂ എന്ന് ബോദ്ധ്യപ്പെടുത്തിത്തന്നു. മരണത്തിന് ആ കാവ്യസഞ്ചാരത്തെ സീമിതമാക്കാൻ കഴിയില്ലെന്ന് കഴിഞ്ഞ നൂറു വർഷമായി തെളിയിക്കുകയും ചെയ്തു. അനശ്വരതയിലേക്കുള്ള മഹാകവിയുടെ യാത്ര തുടരുകയാണ്.