amitabh-bachchan

ലക്‌നൗ: ജനുവരി 22ന് രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങ് നടക്കാനിരിക്കെ ഉത്തർപ്രദേശിലെ പുണ്യനഗരമായ അയോദ്ധ്യയിൽ ഭൂമി സ്വന്തമാക്കി ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചൻ. അയോദ്ധ്യയിലെ സെവൻ സ്റ്റാർ എൻക്ളേവിലാണ് ബച്ചൻ സ്ഥലം വാങ്ങിയതെന്നാണ് റിപ്പോർട്ട്.

എത്ര സെന്റ് സ്ഥലമാണ് വാങ്ങിയതെന്നും എത്ര രൂപയ്ക്കാണ് വാങ്ങിയതെന്നും ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഇല്ലെങ്കിലും 14.5 കോടി രൂപയ്ക്ക് 10,000 ചതുരശ്രയടി സ്ഥലമാണ് രാമനഗരിയിൽ ബച്ചൻ സ്വന്തമാക്കിയതെന്നാണ് വിവരം. 51 ഏക്കറുകളിലായി പരന്ന് കിടക്കുന്ന 'സരയു' എന്ന് പേരുള്ള സ്ഥലം രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിൽ തന്നെ ഉദ്ഘാടനം നിർവഹിക്കപ്പെടുമെന്നും റിപ്പോ‌ർട്ടുകളുണ്ട്.

രാമക്ഷേത്രത്തിൽ നിന്ന് കഷ്ടിച്ച് 15 മിനിട്ട് മതി ഈ സ്ഥലത്തെത്താൻ. വിമാനത്താവളത്തിൽ നിന്ന് അരമണിക്കൂർ‌ ദുരത്തിലും. സ്ഥലത്ത് ഒരു ഫൈവ് സ്റ്റാർ പാലസ് ഹോട്ടൽ പണിയുമെന്ന് ബച്ചനുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. 2028 മാർച്ചിൽ പൂർത്തിയാക്കാനാണ് നീക്കമെന്നും പറയപ്പെടുന്നു. മുംബയ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ദി ഹൗസ് ഒഫ് അഭിനന്ദൻ ലോധയാണ് കെട്ടിടത്തിന്റെ നിർമാതാക്കൾ.

തന്റെ ഹൃദയത്തിൽ പ്രത്യേക സ്ഥാനം വഹിക്കുന്ന നഗരമായ അയോദ്ധ്യയിലെ സരയുവിൽ ദി ഹൗസ് ഒഫ് ലോധയുമായി യാത്ര ആരംഭിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഒരു പരിപാടിയിൽ ബച്ചൻ പറഞ്ഞിരുന്നു. അയോദ്ധ്യയുടെ കാലാതീതമായ ആത്മീയതയും സാംസ്കാരിക സമൃദ്ധിയും ഭൂമിശാസ്ത്രപരമായ അതിരുകൾക്കപ്പുറവും ആ സ്ഥലവുമായി വൈകാരിക ബന്ധം അനുഭവപ്പെടുന്നതിന് കാരണമാകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'അയോദ്ധ്യയുടെ ആത്മാവിലേയ്ക്കുള്ള ഒരു ഹൃദയസ്പർശിയായ യാത്രയുടെ തുടക്കമാണിത്. അവിടെ പാരമ്പര്യവും ആധുനികതയും പരിധികളില്ലാതെ സമന്വയിക്കുന്നു. ആഗോള ആത്മീയ തലസ്ഥാനത്ത് എന്റേതായി ഒരു കെട്ടിടം പണിയാൻ ഞാൻ ആഗ്രഹിക്കുന്നു'-ബച്ചൻ വ്യക്തമാക്കി. അയോദ്ധ്യ സരയുവിലെ ആദ്യ പൗരനാണ് ബച്ചനെന്ന് ദി ഹൗസ് ഒഫ് അഭിനന്ദൻ ലോധ ചെയർമാൻ അഭിനന്ദൻ ലോധ പറഞ്ഞു. അയോദ്ധ്യയിൽ നിന്ന് നാല് മണിക്കൂർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന പ്രയാഗ്‌രാജാണ് ബച്ചന്റെ ജന്മസ്ഥലം.