modi

അയോദ്ധ്യ: രാജ്യം മുഴുവൻ ആയോദ്ധ്യയിലേക്ക് ഉറ്റുനോക്കുകയാണ്. ഈ മാസം ഇരുപത്തിരണ്ടിനാണ് രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുന്നത്. ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികളാണ് ചടങ്ങിൽ പങ്കെടുക്കുന്നത്. ഈ ധന്യമുഹൂർത്തത്തിനായി സരൈരാസിയിലെ 'സൂര്യവംശികളും' ഒരുങ്ങിക്കഴിഞ്ഞു. ആരാണ് ഈ സൂര്യവംശികൾ എന്നല്ലേ?


അയോദ്ധ്യയിലെ പ്രാന്തപ്രദേശത്തുള്ള സരൈരാസി ഗ്രാമത്തിൽ താമസിക്കുന്ന 'സൂര്യവംശികൾ' ശ്രീരാമന്റെ പൂർവ്വികർ എന്നാണ് അവകാശപ്പെടുന്നത്. സൂര്യവംശികളുടെ അഞ്ഞൂറ് വർഷത്തെ കാത്തിരിപ്പാണ് സഫലമാകാൻ പോകുന്നത്. മറ്റാരേക്കാളും കൂടുതൽ ജനുവരി 22നായി കാത്തിരിക്കുന്നവർ ഇവരായിരിക്കും.

സൂര്യവംശികളും ജനുവരി ഇരുപത്തിരണ്ടും

രാമക്ഷേത്രത്തിനായി അത്രയേറെ സംഭാവന ചെയ്തവരാണ് സൂര്യവംശികൾ. അഞ്ച് നൂറ്റാണ്ടുകൾക്ക് മുമ്പ് മുഗൾ ഭരണാധികാരികൾ അയോദ്ധ്യ ആക്രമിച്ചിരുന്നു. അപ്പോൾ ഠാക്കൂർ ഗജ്‌രാജ്‌ സിംഗിന്റെ നേതൃത്വത്തിലുള്ള സൂര്യവംശികൾ മുഗൾ ഭരണാധികാരികൾക്കെതിരെ രംഗത്തെത്തിയിരുന്നുവെന്നാണ് പൊതുവിലുള്ള വിശ്വാസം.

modi

സൂര്യവംശികളെ സംബന്ധിച്ച് ജനുവരി 22 'പ്രാണപ്രതിഷ്ഠ' ദിനം മാത്രമല്ല. അഞ്ഞൂറ് വർഷം മുമ്പെടുത്ത ഒരു പ്രതിജ്ഞ നടപ്പിലാകുന്ന ദിനം കൂടിയാണ് അന്ന്. സൂര്യവംശാധിപൻ ആയിരുന്നു പ്രതിജ്ഞ ചെയ്തത്.


ശ്രീരാമന്റെ ജന്മസ്ഥാനത്ത് ക്ഷേത്രം ഉയരുന്നതുവരെ വരെ തലപ്പാവ് ഉപയോഗിക്കുകയോ ഷൂ ധരിക്കുകയോ ചെയ്യില്ല. ശ്രീരാമപ്രതിഷ്ഠയ്‌ക്ക് ശേഷം മാത്രമേ തലപ്പാവോ ഷൂവോ ഉപയോഗിക്കുകയുള്ളൂവെന്നായിരുന്നു പ്രതിജ്ഞ. ഈ നിമിഷം വരെ തങ്ങളുടെ പൂർവ്വികരുടെ പ്രതിജ്ഞ അക്ഷരംപ്രതി പാലിച്ചവരുണ്ട്.

പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം അവർ തലപ്പാവും ചെരുപ്പുമൊക്കെ ഉപയോഗിക്കും. 'കഴിഞ്ഞ 500 വർഷത്തിനിടയിൽ, വിവാഹം ഉൾപ്പടെയുള്ള ഒരു അവസരത്തിലും സമുദായത്തിന്റെ അഭിമാനമായി കരുതുന്ന തലപ്പാവ് ഞങ്ങളാരും ധരിച്ചിട്ടില്ല. ജനുവരി 22 സൂര്യവംശജർക്ക് സുപ്രധാന ദിവസമായിരിക്കും.'- ഗ്രാമവാസി പറഞ്ഞു.

ജനുവരി ഇരുപത്തിരണ്ടിന് ഉച്ചയ്‌ക്ക്‌ 12.20നാണ് പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുന്നത്.‌ സരൈരസിയിൽ നിന്നുള്ള ആളുകൾക്ക് പുറമേ, അയോദ്ധ്യയിലും പരിസരത്തുമുള്ള 115 ഓളം ഗ്രാമങ്ങളിൽ നിന്നുള്ള സൂര്യവംശി സമുദായത്തിൽപ്പെട്ടവരും 'പ്രാണപ്രതിഷ്ഠ'ക്കായി ഒരുങ്ങിക്കഴിഞ്ഞു.

ഗ്രാമത്തിലെ ഒരുക്കങ്ങൾ

ഇവിടത്തെ സ്ത്രീകൾ ഷോപ്പിംഗിന്റെ തിരക്കിലാണ്. പുരുഷന്മാരാകട്ടെ പല നിറങ്ങളിലുള്ള തലപ്പാവും 'നാഗ്ര' ഷൂകളുമൊക്കെ പ്രാദേശിക വിപണിയിൽ നിന്ന് വാങ്ങുകയാണ്. ചെളി നിറഞ്ഞ മുറ്റങ്ങൾ വൃത്തിയാക്കി ചാണകം മെഴുകി വർണ്ണാഭമായ 'രംഗോലികളൊക്കെ' വരച്ച് ആഘോഷത്തിൽ മുഴുകിയിരിക്കുകയാണ് സരൈരാസി. മനസിന് കുളിർമ നൽകുന്ന കാഴ്ചകളാണ് എവിടെയും. ശ്രീരാമ പ്രതിഷ്ഠയ്‌ക്കൊപ്പം വർഷങ്ങൾക്ക് ശേഷം ഇവർ തലപ്പാവും ഷൂവും കൂടി ധരിക്കുന്ന ദിനമായിരിക്കും ജനുവരി 22.

modi

'ഞങ്ങളുടെ പൂർവ്വികരുടെ ആഗ്രഹം സഫലമാകുന്നത് കാണുന്നത് തന്നെ ഭാഗ്യമാണ്. ഈ ദിവസം യാഥാർത്ഥ്യമാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും നമ്മുടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും നന്ദി പറയുന്നു.'- ഠാക്കൂർ ഗജ്‌രാജ് സിംഗിന്റെ പിൻഗാമിയായ ഹരീഷ് ചന്ദ്ര സിംഗ് പറഞ്ഞു.

ചിലർ നിരാശയിലാണ്


സിനിമാ താരങ്ങൾ അടക്കം നിരവധി പേരെയാണ് പ്രാണപ്രതിഷ്ഠാ മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ ക്ഷണിച്ചിരിക്കുന്നത്. എന്നാൽ ചടങ്ങിലേക്ക് തങ്ങളെ ക്ഷണിക്കാത്തതിൽ ചില ഗ്രാമവാസികൾ നിരാശ പ്രകടിപ്പിച്ചു.

modi

'ഞങ്ങളുടെ പൂർവ്വികർ വലിയ സംഭാവന നൽകിയിട്ടും പ്രാണ പ്രതിഷ്ഠാ ചടങ്ങിലേക്ക് ഞങ്ങളെ ക്ഷണിക്കാത്തത് ഖേദകരമാണ്. എന്നിരുന്നാലും, ഞങ്ങളുടെ പൂർവ്വികർ പ്രതിജ്ഞയെടുക്കുകയും അവരുടെ ജീവൻ നൽകുകയും ചെയ്ത അതേ കാര്യം നടപ്പിലാകുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.'- വിജയ് സിംഗ് എന്നയാൾ പറഞ്ഞു.

നാടോടിക്കഥകളെന്ന് ചരിത്രകാരന്മാർ

ഗ്രാമവാസികളുടെ അവകാശവാദത്തെ പിന്തുണയ്ക്കുന്ന ഔപചാരിക രേഖകളോ തെളിവുകളോ ഇല്ലെന്നും ഇതൊക്കെ നാടോടിക്കഥകളാണെന്നുമാണ് ചരിത്രകാരന്മാർ പറയുന്നത്. മുഗൾ സൈന്യവുമായി പ്രദേശവാസികൾ ഏറ്റുമുട്ടിയതിന് ആധികാരികമായ ഒരു രേഖയൊന്നുമില്ലെന്നാണ് ചരിത്രകാരൻ രഘുവംശ് മണി പറയുന്നത്.