suresh-gopi

തൃശൂർ: തൃശൂർ ലൂർദ് പള്ളിയിൽ സ്വർണ കിരീടം സമർപ്പിച്ച് സുരേഷ് ഗോപിയും കുടുംബവും. പെരുന്നാളിന് വന്ന സമയത്ത് പള്ളിയിൽ സ്വർണ കിരീടം സമർപ്പിക്കാമെന്ന് സുരേഷ് ഗോപി നേർച്ച നേർന്നിരുന്നു. ഭാര്യ രാധിക, മക്കളായ ഭാഗ്യ സുരേഷ്, ഭാവ്‌നി സുരേഷ് എന്നിവരും പള്ളിയിൽ എത്തിയിട്ടുണ്ട്.

ജില്ലാ അദ്ധ്യക്ഷൻ ഉൾപ്പെടെയുള്ള ബിജെപി നേതാക്കളും പള്ളിയിലെത്തി. ഇടവക വികാരിയുടെ നേതൃത്വത്തിൽ പ്രാർത്ഥനാ ചടങ്ങുകൾക്ക് ശേഷം സുരേഷ് ഗോപിയും മകളും ചേർന്നാണ് മാതാവിന്റെ തിരു രൂപത്തിൽ കിരീടം ചാർത്തിയത്.

കഴിഞ്ഞ ദിവസമാണ് ഭാഗ്യ സുരേഷിന്റെ വിവാഹവുമായി ബന്ധപ്പെട്ട ഹൽദി ചടങ്ങുകൾ നടന്നത്. ജനുവരി 17ന് തൃശൂരിൽ ഗുരുവായൂരപ്പന്റെ സന്നിധിയിലാണ് ഭാഗ്യയുടെ വിവാഹം നടക്കുന്നത്. മാവേലിക്കര സ്വദേശി ശ്രേയസ് മോഹനാണ് വരൻ. ഹൽദി ചടങ്ങിന്റെ ചിത്രങ്ങൾ സുരേഷ് ഗോപിയുടെ ഭാര്യ രാധികയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചത്.

എന്നാൽ, സംഗീത് ചടങ്ങിൽ സുരേഷ് ഗോപി എത്തിയിരുന്നില്ല. കൊച്ചിയിൽ വരാഹം സിനിമയുടെ ലൊക്കേഷനിലായിരുന്നു അദ്ദേഹം. താരത്തിന്റെ സീനുകൾ പൂർത്തിയായതോടെ ഇനിയുള്ള വിവാഹചിത്രങ്ങളിലെല്ലാം സുരേഷ് ഗോപിയെ ആരാധകർക്ക് കാണാനാവും. വിവാഹച്ചടങ്ങിൽ വധൂവരന്മാർക്ക് ആശീർവാദം നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉണ്ടാവും.