
ആഗ്ര: അപകടത്തിൽപ്പെട്ട് ചോരയൊലിപ്പിച്ച് കിടന്ന യുവാവിനെ രക്ഷിക്കാതെ നാട്ടുകാർ പണം കവർന്ന് കടന്നു. ഉത്തർപ്രദേശ് ആഗ്രയിലെ ദേശീയ പാതയ്ക്കടുത്താണ് ദാരുണമായ സംഭവമുണ്ടായത്. ക്ഷീര വ്യാപാരിയായ ധർമ്മേന്ദ്ര കുമാർ ഗുപ്തയെ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാത്തതിനെ തുടർന്ന് മരിക്കുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം.
യുവാവ് മഥുരയിൽ നിന്നും ആഗ്രയിലുളള വീട്ടിലേക്ക് വരുന്നതിനിടെ ദേശീയ പാതയിൽ വച്ചാണ് അപകടം സംഭവിച്ചത്. അമിതവേഗത്തിലെത്തിയ ട്രക്ക് ധർമ്മേന്ദ്ര കുമാറിന്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു. ബൈക്കിൽ നിന്നും റോഡിലേക്ക് തെറിച്ചുവീണ ഇയാളുടെ അടുത്തേക്ക് നാട്ടുകാർ ഓടിക്കൂടി. എന്നെ രക്ഷിക്കൂവെന്ന് ധർമ്മേന്ദ്ര കുമാർ നാട്ടുകാരോട് അഭ്യർത്ഥിച്ചെങ്കിലും ആരും ഗൗനിച്ചില്ല. ആദ്യം പണമെടുക്കൂവെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. പിന്നാലെ യുവാവിന്റെ ബാഗിലുണ്ടായിരുന്ന ഒന്നര ലക്ഷം രൂപ കൈക്കലാക്കി നാട്ടുകാർ സംഭവസ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു. മണിക്കൂറോളം ധർമ്മേന്ദ്ര കുമാറിന് റോഡരികിൽ കിടക്കേണ്ടി വന്നു. തുടർന്ന് പൊലീസ് എത്തിയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്.
യുവാവിനെ കാണാതായതിനെ തുടർന്ന് അന്വേഷിച്ച് എത്തിയ ബന്ധുക്കൾ തകർന്ന ഇരുചക്ര വാഹനവും റോഡിൽ കിടന്ന ബാഗും കണ്ട ശേഷം പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ ധർമ്മേന്ദ്ര കുമാറിനെ ആശുപത്രിയിലെത്തിച്ചെന്ന് പൊലീസ് ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ യുവാവ് മരിച്ചിരുന്നുവെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.