
രാജ്യത്തിന്റെ എഴുപത്തിയഞ്ചാം റിപ്പബ്ലിക് ദിനം ആഗതമാവുകയാണ്. ഭാരതം ഒരു സ്വതന്ത്ര പരമാധികാര ജനാധിപത്യ രാഷ്ട്രമായിട്ട് എഴുപത്തിനാലു വർഷം പൂർത്തിയായി എന്നർത്ഥം. തിരിഞ്ഞുനോക്കുമ്പോൾ നമുക്ക് അഭിമാനിക്കാൻ ഏറെയുണ്ട്. എന്നാൽ വലിയൊരു വിഭാഗം ജനങ്ങളുടെ ദാരിദ്ര്യം, നിരക്ഷരത, അഴിമതി, അനൈക്യം തുടങ്ങിയ പ്രശ്നങ്ങൾ ശേഷിക്കുന്നു. ജനങ്ങളിൽ ആത്മവിശ്വാസവും പ്രയത്നശീലവും മൂല്യബോധവും വളർത്തുകയാണ് പ്രശ്നപരിഹാരം.
ആദ്യം നമ്മുടെ സംസ്കാരത്തെക്കുറിച്ചും പൈതൃകത്തെക്കുറിച്ചുമുള്ള അറിവും അഭിമാനവും ജനങ്ങളിൽ വളരണം. ഋഷിമാരുടെ നാടാണ് ഭാരതം. ലോകത്തിനു മുഴുവൻ നന്മയും ശ്രേയസും നല്കുന്ന സംസ്കാരമാണ്അവർ നമുക്കു നല്കിയത്. ഉന്നതമായ തത്ത്വദർശനവും മഹത്തായ മാനുഷിക മൂല്യങ്ങളും ആ സംസ്കാരത്തിന്റെ മുഖ മുദ്രയാണ്. സർവ ചരാചരങ്ങളെയും ഈശ്വരതുല്യം ആദരിക്കാനും സ്നേഹിക്കാനും സേവിക്കാനും അതു നമ്മെ പഠിപ്പിച്ചു. നമുക്കു വ്യത്യസ്തങ്ങളായ ആചാരങ്ങളും വിശ്വാസങ്ങളും വീക്ഷണങ്ങളുമുണ്ടാകാം. എന്നാൽ അവയെല്ലാം നിലനില്ക്കുമ്പോൾത്തന്നെ വൈവിദ്ധ്യങ്ങളെ ഉൾക്കൊള്ളാൻ കഴിയുന്ന ഒരു ഏകതയെ, രാഷ്ട്രബോധത്തെ ഉള്ളിലുണർത്താനും കഴിയണം. രാജ്യത്തിന്റെ സംസ്കാരം തന്നെയാണ് ആ ഏകതയ്ക്ക് അടിസ്ഥാനം.
ഒരു സംഭവം ഓർമ്മവരികയാണ്. ക്രൂരമായ പീഡനത്തിനിരയായ ഒരു രാജ്യത്തിലെ ജനങ്ങൾ അഭയാർത്ഥികളായി ഭാരതത്തിലെ ഒരു രാജ്യത്തിലെത്തി. അവർക്ക് സ്വാഗതമോതിയ ശേഷം അവിടുത്തെ രാജാവ്, പാൽ നിറഞ്ഞു തുളുമ്പുന്ന ഒരു വെള്ളിപ്പാത്രം അവർക്കു നല്കി. എന്നിട്ട് പറഞ്ഞു, ഇത് ഞങ്ങളുടെ രാജ്യത്തിന്റെ പ്രതീകമാണ്. ഇവിടെ എങ്ങനെ നിങ്ങളെ ഉൾക്കൊള്ളിക്കാൻ കഴിയുമെന്നു പറയൂ. അപ്പോൾ അഭയാർത്ഥികളുടെ നേതാവ് ഒരു സ്പൂൺ പഞ്ചസാരയെടുത്ത് പാൽപ്പാത്രത്തിൽ നിക്ഷേപിച്ചു. അത് പാലിൽ ലയിച്ചുചേർന്നു. ഒരു തുള്ളി പാൽ പോലും തുളുമ്പിയില്ല.അഭയാർത്ഥികളുടെ നേതാവ് പറഞ്ഞു: ഞങ്ങൾ ഇതുപോലെ ഇവിടെ ജീവിച്ചുകൊള്ളാം! തങ്ങൾക്ക് അഭയം നല്കുന്ന രാജ്യത്ത് അല്പം പോലും അസ്വസ്ഥത സൃഷ്ടിക്കാതെ, അവിടത്തെ ജനങ്ങളുടെ ജീവിതത്തിന് ആനന്ദവും മാധുര്യവും പകർന്നുകൊണ്ട് ജീവിച്ചുകൊള്ളാം എന്നായിരുന്നു അഭയാർത്ഥി നേതാവിന്റെ പ്രവൃത്തിയുടെ സന്ദേശം. അതു മനസിലാക്കിയ രാജാവ് അവർക്ക് തന്റെ രാജ്യത്ത് സസുഖം കഴിയുന്നതിന് എല്ലാ സൗകര്യങ്ങളും നല്കി. ആനയുടെ കാല്പാടിൽ മറ്റേതൊരു മൃഗത്തിന്റെയും കാല്പാട് അടങ്ങുന്നതു പോലെ വ്യത്യസ്ത വീക്ഷണങ്ങളെയും വിശ്വാസങ്ങളെയും ഉൾക്കൊള്ളുവാനുള്ള വിശാലത ഭാരത സംസ്കാരത്തിനുണ്ട്. ആ പൈതൃകത്തെക്കുറിച്ചുള്ള അഭിമാനം നമ്മളിൽ ഉണർത്തിയാൽ എല്ലാ വിഭാഗീയചിന്തകളെയും മൂല്യശോഷണത്തെയും നമുക്കു നിർമ്മാർജ്ജനം ചെയ്യാം. എവിടെനിന്നും നന്മയെ ഉൾക്കൊള്ളാം.
തായ്ലന്റിലെയും ഇന്തോനേഷ്യയിലെയും കാര്യങ്ങളാണ് ഓർമ്മ വരുന്നത്. ബുദ്ധമതക്കാർ കൂടുതലുള്ള തായ്ലന്റിന്റെയും ഇസ്ളാം മതവിശ്വാസികൾ കൂടുതലുള്ള ഇന്തോനേഷ്യയുടെയും ദേശീയഗ്രന്ഥം രാമായണമാണ്. ഇന്തോനേഷ്യയുടെ കറൻസിയിൽ ഗണപതി ഭഗവാന്റെ ചിത്രം മുദ്രണം ചെയ്തിരിക്കുന്നു. മതപരമായ ചിന്തകൾക്കുപരി, സ്വന്തം പാരമ്പര്യത്തിലും സംസ്കാരിക ചരിത്രത്തിലും എങ്ങനെ അഭിമാനം കൊള്ളാമെന്ന് ഇത് നമ്മെ പഠിപ്പിക്കുന്നു. നമ്മൾ ജനിച്ച നാടും സംസ്കാരവും നമുക്ക് അമ്മയാണ്. ആ സംസ്കാരവുമായുള്ള ബന്ധം നഷ്ടപ്പെട്ടാൽ നമ്മൾ നൂൽ പൊട്ടിയ പട്ടം പോലെയാകും. സ്വന്തം സംസ്കാരത്തിൽ അഭിമാനം പുലർത്തുമ്പോൾത്തന്നെ കാലാനുസൃതമായ വീക്ഷണങ്ങളും പുരോഗമനചിന്തകളും ഉൾക്കൊണ്ട് നമുക്ക് പ്രയത്നിക്കാം; ശാന്തിയും ഐക്യവും ഐശ്വര്യവും പുലരുന്ന ഒരു ഭാരതം പടുത്തുയർത്താം.