
കൊച്ചി: ഡാർക്‌നെറ്റ് വഴി കോടികളുടെ ലഹരിയിടപാട് നടത്തിയവർ കൊച്ചിയിൽ പിടിയിൽ. സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേരെയാണ് നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ പിടികൂടിയത്. ജർമനിയിൽ നിന്നെത്തിയ പാഴ്‌സൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് വൻ ലഹരിവേട്ടയ്ക്ക് വഴിയൊരുക്കിയത്.
ലഹരിയിടപാടുകളുടെ സൂത്രധാരനായ ആലുവ ചെങ്ങമനാട് സ്വദേശി ശരത് പാറയ്ക്കൽ, എബിൻ ബാബു, ഷാരുൺ ഷാജി, കെ പി അമ്പാടി, സി ആർ അക്ഷയ്, അനന്തകൃഷ്‌ണൻ ടെബി, ആന്റണി സഞ്ജയ് എന്നിവരാണ് അറസ്റ്റിലായത്. ജർമനിയിൽ നിന്ന് പാഴ്‌സൽ വഴി എത്തിയത് പത്ത് എൽ എസ് ഡി സ്റ്റാമ്പുകളാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
കൊച്ചിയിലെ ആറിടങ്ങളിൽ നടത്തിയ പരിശോധനയിൽ 326 എൽ എസ് ഡി സ്റ്റാമ്പുകൾ, എട്ട് ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയും പിടിച്ചെടുത്തു. പിടിയിലായത് രാജ്യാന്തര ബന്ധമുള്ള ലഹരിമാഫിയ സംഘത്തിലെ കണ്ണികളാണെന്ന് നാർകോട്ടിക്‌സ് ബ്യൂറോ വ്യക്തമാക്കി. അന്വേഷണം കൂടുതൽ ഇടങ്ങളിലേയ്ക്ക് വ്യാപിപ്പിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
മറൈൻഡ്രൈവ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്പന നടത്തുന്ന സംഘത്തിലെ പ്രധാന പ്രതികൾ കൊച്ചിയിൽ കഴിഞ്ഞദിവസം പിടിയിലായിരുന്നു. പെരുമ്പാവൂർ മുടിക്കൽ സ്വദേശി മുച്ചേത്ത് വീട്ടിൽ എം.എസ്. അജ്മൽ (മാജിക് മെഹന്ദി-33), പള്ളുരുത്തി ചിറക്കൽ ബ്രിഡ്ജ് സ്വദേശി ആഷ്‌ന മൻസിലിൽ പി.എം. ഷെമീർ (47), എളംകുളം കോർപ്പറേഷൻ കോളനി സ്വദേശി കുളങ്ങത്തറ വീട്ടിൽ വിഷ്ണു (24) എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്. അജ്മലിന്റെയും ഷെമീറിന്റെയും പക്കൽനിന്ന് 6.5 ഗ്രാം എംഡിഎംഎയും മൂന്ന് സ്മാർട്ട് ഫോണുകളും 9500 രൂപയും വിഷ്ണുവിന്റെ പക്കൽനിന്ന് 20 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.