maldives

ചൈനീസ് അനുകൂലിയും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മുയിസു മാലദ്വീപിൽ പ്രസിഡന്റായി അധികാരമേറ്റ് മാസങ്ങൾക്കകം ഇരുരാജ്യങ്ങളുമായുള്ള ബന്ധം തകർച്ചയുടെ വക്കിലെത്തിയിരിക്കുകയാണ്. ഇന്ത്യാ വിരുദ്ധത പറഞ്ഞ് തിരഞ്ഞെടുപ്പ് ജയിച്ച് ദിവസങ്ങൾക്കകം ഇന്ത്യൻ സൈന്യം മാലദ്വീപ് വിടണമെന്ന് മുയിസു ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ ലക്ഷദ്വീപ് സന്ദർശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മനോഹരമായ ചിത്രങ്ങൾ പങ്കുവച്ച് ടൂറിസത്തിനായി കുറിച്ച പോസ്റ്റ് മാലദ്വീപ് അധികൃതരെ കുറച്ചൊന്നുമല്ല പ്രകോപിപ്പിച്ചത്.

ജനുവരി അഞ്ചിന് മോദി സന്ദർശന ചിത്രങ്ങൾ പുറത്തുവിട്ടതിന് പിന്നാലെ പ്രധാനമന്ത്രിയെ ഇസ്രയേലിന്റെ പാവ എന്നും കോമാളി എന്നുമാണ് മാലിദ്വീപ് മന്ത്രിയായ മറിയം ഷിയുന അധിക്ഷേപിച്ചത്. സമാന പ്രസ്‌താവന നടത്തിയതിന് മറിയം ഷിയുനയടക്കം മൂന്ന് മന്ത്രിമാരെ സസ്പെൻഡ് ചെയ്‌തിരുന്നു.മാൽഷ ഷെരീഫ്,​മഹ്‌സൂം മാജിദ് എന്നിവരെയാണ് മാലദ്വീപ് ഭരണകൂടം സസ്‌പെൻഡ് ചെയ്‌തത്.

എന്നാൽ അച്ചടക്ക നടപടിക്ക് പിന്നാലെയും മാലദ്വീപ് പ്രസിഡന്റ് തന്റെ നയം പിൻവലിച്ചില്ല. മാലദ്വീപിൽ തങ്ങുന്ന ഇന്ത്യൻ സൈനികർ മാർച്ച് 15നകം മടങ്ങണമെന്നാണ് കഴിഞ്ഞ ദിവസം പ്രസിഡന്റ് മുഹമ്മദ് മുയിസു പുറത്തിറക്കിയ പ്രസ്‌താവന.

ഭരണകർത്താക്കൾ ഇങ്ങനെ പ്രകോപനപരമായി പെരുമാറുമ്പോഴും ഇന്ത്യ എപ്പോഴും മാലദ്വീപ് ജനതയ്‌ക്ക് നൽകിയിട്ടുള്ള പിന്തുണ അത്ര പെട്ടെന്ന് മറക്കാനാവില്ല. മാലദ്വീപ് മന്ത്രിമാരുടെ പ്രകോപനപരമായ പ്രസ്‌താവനയ്‌ക്ക് മറുപടിയായി ബോയ്‌കോട്ട് മാലദ്വീപ് ക്യാമ്പെയിൻ ഇന്ത്യയിൽ നടന്നതോടെ മാലദ്വീപിലെ പ്രധാന വരുമാന മാർഗമായ ടൂറിസത്തിന് വലിയ തിരിച്ചടി നേരിട്ടു. ഇതോടെ ജനങ്ങളിൽ പലരും സമൂഹമാദ്ധ്യമങ്ങൾ വഴി ഇന്ത്യൻ ജനതയോട് ക്ഷമ ചോദിക്കുകയാണ്.

ഇന്ത്യയിൽ പ്രത്യേകിച്ച് തെക്കേ ഇന്ത്യയിൽ മെഡിക്കൽ,​ പഠന ആവശ്യങ്ങൾക്കായി എത്തുന്ന മാലദ്വീപ് സ്വദേശികൾ വളരെയേറെയാണ്. ഇത്തരക്കാരാണ് സത്യത്തിൽ മാലദ്വീപ് മന്ത്രിമാരുടെ പ്രസ്‌താവനയിൽ കുടുങ്ങിപ്പോകുന്നത്.

apology

ചികിത്സയിലെ സാമ്പത്തിക ചെലവ്

ഏതൊരാവശ്യത്തിനും മാലദ്വീപ് സ്വദേശികൾക്ക് ചെലവ് കുറവ് ഇന്ത്യയിൽ എത്തുന്നത് തന്നെയാണ്.ഇന്ത്യ-മാലദ്വീപ് തർക്കത്തിന് പിന്നാലെ ഒരു മാലദ്വീപ് സ്വദേശി കുറിച്ചതിങ്ങനെ. 'ഇന്ത്യയിലെ എന്റെ സുഹൃത്തുക്കളോട് ക്ഷമ ചോദിക്കുന്നു. ഇന്ത്യയിലേക്ക് ബുക്ക് ചെയ്‌ത മെഡിക്കൽ ഫാമിലി ട്രിപ്പിന്റ കാര്യത്തിൽ ആശങ്കയുണ്ട്.'

'പണക്കാരായ നിങ്ങൾ ചിലർക്ക് സിംഗപ്പൂരോ മറ്റ് ഇഷ്‌ടമുള്ളയിടങ്ങളിലോ പോയി ചികിത്സ നടത്താം എന്നത് പോലെ നമുക്കും പോകാനാകും എന്ന് കരുതരുത്.' എന്ന് ചില മാലദ്വീപ് സ്വദേശികൾ പരിഭവിക്കുന്നുണ്ട്.

ചികിത്സ മാത്രമല്ല പഠനവും

മാലദ്വീപ് സ്വദേശികൾക്ക് ചികിത്സ മാത്രമല്ല രാജ്യത്തെ ആരോഗ്യവിഭാഗത്തിൽ ജോലി ചെയ്യാൻ മികച്ച മെഡിക്കൽ വിദ്യാഭ്യാസവും ലഭിക്കുന്നത് ഇന്ത്യയിൽ നിന്നാണ്. സാമ്പത്തികവും ദൂരവും എല്ലാം അടിസ്ഥാനമാക്കി മിക്ക മാലദ്വീപ് സ്വദേശികളും മെഡിക്കൽ വിദ്യാഭ്യാസത്തിന് ഇന്ത്യയാണ് തിരഞ്ഞെടുക്കുക. മാലദ്വീപിയൻ മെഡിക്കൽ ട്രാവലർ നടത്തിയ പഠനത്തിലാകട്ടെ ശ്രീലങ്ക കഴിഞ്ഞാൽ 98 ശതമാനം മാലദ്വീപ് സ്വദേശികളും മെഡിക്കൽ പഠനത്തിന് പോകാനിഷ്‌ടപ്പെടുന്നത് ഇന്ത്യയിലാണ്. പരിചയം, സാമീപ്യം. താങ്ങാവുന്ന പണച്ചിലവ് എന്നിങ്ങനെ ഘടകങ്ങൾ തന്നെയാണ് ഇന്ത്യയ്ക്ക് അനുകൂലമായത്.

അസന്ധ എന്ന പൊതു റഫറൽ സമ്പ്രദായം വഴി മാലദ്വീപിലെ പൊതുമേഖലാ ഡോക്‌ടർമാർക്ക് മറ്റിടങ്ങളിലേക്ക് രോഗികളെ റഫർ ചെയ്യാം. ഇത്തരത്തിലുള്ളവരാണ് ഇന്ത്യയിലെത്തുന്നത്. 198 ദ്വീപുകളിലായി താമസിക്കുന്ന 3.3 ലക്ഷം ജനങ്ങളാണ് മാലദ്വീപിലുള്ളത്.ഇതിൽ നാല് ദ്വീപിൽ മാത്രമാണ് 5000ലധികം ജനസംഖ്യ ഉള്ളത്. 10 ദ്വീപുകളെ ചേർത്ത് അറ്റോളുകൾ നിലവിലുണ്ട്. ഇത്തരത്തിൽ 21 അറ്റോളുകൾ ചേർന്നാണ് ആരോഗ്യ സംവിധാനം. ഇതിൽ മൂന്നോ നാലോ അറ്റോളുകൾ ചേർന്ന് ആറ് പ്രാദേശിക ആശുപത്രിയുണ്ട്. വലിയ ചികിത്സയ്‌ക്ക് തലസ്ഥാനമായ മാലിയിലാണ് ജനങ്ങൾ എത്തുക. എങ്കിലും വിദഗദ്ധ ചികിത്സ ഇവിടെ ലഭിക്കാതെ വരുമ്പോൾ ജനം ഇന്ത്യയിലേക്ക് വരാറുണ്ട്.

പ്രശ്‌നങ്ങൾക്കിടയിലും ഇരുകൂട്ടർക്കും സ്വീകാര്യമായ നടപടിയെടുക്കുമെന്നാണ് ഇന്ത്യ വ്യക്തമാക്കുന്നത്.ജീവകാരുണ്യ, മെഡിക്കൽ സേവനം എത്തിക്കാനുള്ള ഇന്ത്യയുടെ വ്യോമ സർവീസുകൾ തുടരാൻ തന്നെയാണ് തീരുമാനവും.

കണക്കുകൾ പ്രകാരം 2021ൽ ബംഗ്ളാദേശ് കഴിഞ്ഞാൽ ഏറ്റവുമധികം പേർ മെഡിക്കൽ സഹായത്തിനായി എത്തിയത് മാലദ്വീപിൽ നിന്നാണ്. 22798പേർ. കൊവിഡിന് മുൻപ് 2019ൽ ഇത് 50978 പേരായിരുന്നു. ചൈനയുമായുള്ള സൗഹൃദം കാരണം മൊയ്‌സു നഷ്‌ടപ്പെടുത്തുന്നത് ഇത്തരത്തിൽ സാധാരണക്കാർക്ക് ഇന്ത്യയിൽ ഫലപ്രദമായ ചികിത്സ ലഭിക്കാനുള്ള അവസരം തന്നെയാണ്.