suresh-

നേമം: വീട്ടമ്മയുടെ മാല കവർന്ന സംഭവത്തിൽ സ്വർണം വിൽക്കാൻ സഹായിച്ചയാളെ കരമന പൊലീസ് ആലുവയിൽ നിന്ന് പിടികൂടി. എറണാകുളം വാഴക്കുളം എരുമത്തല ചുണങ്ങംവേലി ചൊള്ളുങ്ങൽ ഹൗസിൽ സുരേഷാണ് (39) പിടിയിലായത്. ഇയാൾ ബ്രേക്ക് ഡാൻസറും ആലുവയിൽ ഡി 4 ഡാൻസ് എന്ന സ്ഥാപനം നടത്തുന്നയാളുമാണ്. ഇക്കഴിഞ്ഞ 8ന് വൈകിട്ട് അഞ്ചിന് മേലാറന്നൂർ പ്രേംനഗർ സ്വദേശി അഞ്ജലിയുടെ (48) ആറുപവൻ മാല കവർന്ന സംഭവത്തിൽ മഹാരാഷ്ട്ര ജസ്വന്ത് നഗർ സ്വദേശി അമോൽ ബാലസാഹിബ് ഷിൻഡെയെ (32) പെരുമ്പാവൂരിൽ നിന്ന് പൊലീസ് പിടികൂടിയിരുന്നു. മോഷ്ടിച്ച ബൈക്കിൽ കറങ്ങിയായിരുന്നു മാല മോഷണം. ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു തുടരന്വേഷണം.

2022ൽ നടന്ന ഒരു മാല മോഷണവുമായി ബന്ധപ്പെട്ട് കാലടി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ഷിൻഡെ ജയിൽശിക്ഷ അനുഭവിച്ചശേഷം അടുത്തിടെ പുറത്തിറങ്ങിയാണ് വീണ്ടും മോഷണം നടത്തിയത്. ഇതേ കാലയളവിൽത്തന്നെ ഒരു അടിപിടിക്കേസുമായി ബന്ധപ്പെട്ട് സുരേഷും ജയിലിലായിരുന്നു. ഇരുവരും ഒരു സെല്ലിലാണ് കഴിഞ്ഞുവന്നത്. ഇവിടെ വച്ചുള്ള പരിചയമാണ് ഷിൻഡെയെ സുരേഷുമായി ബന്ധപ്പെടാൻ പ്രേരിപ്പിച്ചത്.

പ്രേംനഗറിൽ നിന്ന് മോഷ്ടിച്ച മാലയുമായി ട്രെയിൻകയറി ഷിൻഡെയെത്തിയത് സുരേഷിന്റെ അടുത്താണ്. അത്യാവശ്യമായി 50,000 രൂപ ആവശ്യമുണ്ടായിരുന്ന സുരേഷ് പെരുമ്പാവൂരിലെ ഒരു ജ്വല്ലറിയിൽ മോഷണമുതൽ വിൽക്കാൻ സഹായിച്ചശേഷം തുക പങ്കിട്ടെടുത്തു. ഷിൻഡെയിൽ നിന്നു ലഭിച്ച മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആലുവയിലെ സ്വന്തം സ്ഥാപനത്തിൽ നിന്ന് സുരേഷിനെ കസ്റ്റഡിയിലെടുത്തത്. സ്വർണാഭരണത്തിന്റെ ഭൂരിഭാഗവും ജ്വല്ലറിയിൽ നിന്നും ബൈക്ക് തമ്പാനൂരിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. കരമന സി.ഐ സുജിത്ത്, എസ്.ഐമാരായ വിപിൻ, കൃഷ്ണകുമാർ, സി.പി.ഒമാരായ ഹരീഷ്, രാജേന്ദ്രൻ എന്നിവരാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.