
ഐസ്ക്രീമും പാലും ചേർത്ത മിൽക്ക് ഷേക്കുകൾ ഇഷ്ടമല്ലാത്തവർ ചുരുക്കമായിരിക്കും. മിൽക്ക് ഷേക്കിന്റെ കട്ടഫാനാണ് നിങ്ങളെങ്കിൽ തീർച്ചയായും യു എസിലെ ന്യൂയോർക്ക് സിറ്റിയിലെ സെറൻഡിപിറ്റി 3 എന്ന റെസ്റ്റോറന്റിനെ പറ്റി അറിയണം. കാരണം ലോകത്തെ ഏറ്റവും വില കൂടിയ മിൽക്ക് ഷേക്ക് ഇവിടെയാണ് കിട്ടുന്നത്. 'ലക്സ് മിൽക്ക് ഷേക്ക് ' എന്ന രുചിയേറിയ ഈ ഷേക്ക് 2018ൽ 100 ഡോളറിന് ( 8,300 രൂപ ) വിറ്റുപോയതോടെ ഗിന്നസ് ബുക്കിൽ ഇടംനേടി. ലോകപ്രശസ്ത ഫാഷൻ ബ്രാൻഡായ സ്വരോവ്‌സ്കി, കാലിഫോർണിയ ആസ്ഥാനമായുള്ള ക്രിസ്റ്റൽ നിൻജ എന്നിവരുമായി സഹകരിച്ചാണ് സെറൻഡിപിറ്റി 3 ഈ വിശിഷ്ട ഷേക്ക് തയാറാക്കിയത്. 3,000 പ്രീമിയം സ്വരോവ്‌സ്കി ക്രിസ്റ്റലുകൾ പതിച്ച ഗ്ലാസിലാണ് ഷേക്ക് ലഭിക്കുന്നത്.
കൂടാതെ, ലോകത്തെ ഏറ്റവും വില കൂടിയ ചേരുവകളാണ് ഷേക്ക് തയാറാക്കാൻ ഉപയോഗിച്ചിരിക്കുന്നത്. ചാനൽ ഐലൻഡ്സിൽ നിന്നുള്ള ജേഴ്സി പശുക്കളുടെ പാൽ, തഹീതിയൻ വാനില ഐസ്ക്രീം, ഇംഗ്ലണ്ടിലെ ഡേവോണിൽ ഉത്പാദിപ്പിക്കുന്ന കട്ടിയേറിയ ലക്ഷ്വറി ക്രീം, മഡഗാസ്കർ വാനില ബീൻസ്, ഭക്ഷ്യയോഗ്യമായ 23 കാരറ്റ് സ്വർണം, വിപ്പഡ് ക്രീം, ഇറ്റാലിയൻ ചെറി ഇങ്ങനെ നീളുന്നു ലക്സ് മിൽക്ക് ഷേക്കിലെ ചേരുവകൾ.
മിൽക്ക് ഷേക്ക് അടക്കം ഏകദേശം ഏഴോളം ഗിന്നസ് റെക്കോഡുകളാണ് സെറൻഡിപിറ്റി 3 നേടിയത്. ' 17,500 രൂപ വിലയുള്ള ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള സാൻവിച്ചായ ' ക്വിൻറ്റിസെൻഷൽ ഗ്രിൽഡ് ചീസ് " സാൻവിച്ചിന്റെ പിന്നിലും സെറൻഡിപിറ്റി 3യാണ്. ഏറ്റവും വില കൂടിയ ഡെസേർട്ടായ ' ഗോൾഡൻ ഒപ്യുലൻസ് സൺഡേ "യും ഇവരുടെ സൃഷ്ടിയാണ്.
1000 ഡോളറാണ് (ഏകദേശം 78,000 രൂപ ) ഇതിന്റെ വില.! ലോകത്തെ ഏറ്റവും വിലകൂടിയ ഹാംബർഗർ, ഹോട്ട് ഡോഗ്, ഏറ്റവും വലിയ വെഡ്ഡിംഗ് കേക്ക്, ഹോട്ട് ചോക്ലേറ്റ് കപ്പ് എന്നീ റെക്കോഡുകൾ സെറൻഡിപിറ്റി 3 മുമ്പ് നേടിയെങ്കിലും പിന്നീട് നഷ്ടമായി.