beauty

താരൻ കാരണം ബുദ്ധിമുട്ടാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ശിരോചർമത്തിൽ ജലാംശം കുറയുന്നതും, അഴുക്കും പൊടിയും നിറഞ്ഞ കാലാവസ്ഥയും ഒക്കെയാണ് ഇതിന് പ്രധാന കാരണം. താരൻ മാറുന്നതിന് വേണ്ടി നിങ്ങൾ പല തരത്തിലുള്ള മാർഗങ്ങൾ പരീക്ഷിച്ച് മടുത്തിട്ടുണ്ടാവും. എന്നാൽ ഒരു കാര്യം മനസിലാക്കൂ. താരൻ എന്നത് നമുക്ക് ശാശ്വതമായി പരിഹാരം കാണാൻ കഴിയുന്ന ഒരു പ്രശ്നമല്ല. അതിനാൽ തന്നെ കൃത്യമായ മുടി സംരക്ഷണം അനിവാര്യമാണ്. താരൻ ഒഴിവാക്കി മുടി കൊഴിച്ചിൽ തടയാൻ എന്തൊക്കെ കാര്യങ്ങളാണ് നിങ്ങൾ ഉൾപ്പെടുത്തേണ്ടതെന്ന് നോക്കാം.

എണ്ണ

ആഴ്ചയിൽ ഒരു ദിവസമെങ്കിലും ശിരോചർമ്മത്തിലും മുടിയിലും നന്നായി എണ്ണ തേച്ച് മസാജ് ചെയ്‌ത ശേഷം കുളിക്കുക. നിങ്ങളുടെ മുടിയും ശിരോചർമ്മവും വരണ്ടതാണെങ്കിൽ കുളിക്കുമ്പോഴെല്ലാം എണ്ണ പുരട്ടാൻ പ്രത്യേകം ശ്രദ്ധിക്കുക. മുടിയുടെ കേടുപാടുകൾ മാറ്റി നല്ല മൃദുവാക്കാനും തിളങ്ങാനും ഇത് സഹായിക്കും. വെളിച്ചെണ്ണ, ആവണക്കെണ്ണ, അവൊക്കാഡോ ഓയിൽ, ബദാം ഓയിൽ, അർഗൻ ഓയിൽ എന്നിവ ഉപയോഗിക്കാവുന്നതാണ്. കുളിക്കുമ്പോൾ ഏതെങ്കിലും മൈൽഡ് ഷാംപൂ ഉപയോഗിച്ച് എണ്ണ കഴുകി കളയാനും മറക്കരുത്.

ഹെയർ മാസ്‌കുകൾ

താരൻ മാറാൻ ഫലപ്രദമായ ഒന്നാണ് നാരങ്ങാ നീരും തൈരും മുട്ടയുടെ വെള്ളയും ചേർത്ത് തയ്യാറാക്കുന്ന ഹെയർ മാസ്‌ക്. തലയിലെ ചൊറിച്ചിൽ അകറ്റാനും മുടി വേരുകളെ ശക്തിപ്പെടുത്താനും ഇത് നല്ലതാണ്. 30 മിനിട്ടാണ് ഈ മാസ്‌ക് തലയിൽ വയ്‌ക്കേണ്ടത്. ഒറ്റ ഉപയോഗത്തിൽ തന്നെ ഫലം കിട്ടുന്നതാണ്.

മുടി എപ്പോഴും വൃത്തിയായി സൂക്ഷിക്കാൻ ശ്രമിക്കുക. ചൂടുവെള്ളം ഉപയോഗിച്ച് മുടി കഴുകാതിരിക്കുക. മുടിക്ക് അനുയോജ്യമായ ഷാംപൂ വാങ്ങി ഉപയോഗിക്കുക. കണ്ടീഷണർ ഉപയോഗിക്കാൻ മറക്കരുത്.