
കൊച്ചി: കപ്പലുകളുടെ നിർമ്മാണ, നവീകരണ മേഖലകളിലെ വിപുലമായ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തി ആഗോള ഷിപ്പിംഗ് വ്യവസായത്തിലെ പുതിയ ഹബാകാൻ കൊച്ചിൻ ഷിപ്പ്‌യാർഡ് ഒരുങ്ങുന്നു. ഇന്ത്യൻ നേവി ആഭ്യന്തരമായി നിർമ്മിക്കുന്ന രണ്ടാമത്തെ വിമാനവാഹിനിയുടെ കരാർ കൂടി ലഭിക്കുന്നതോടെ ഈ രംഗത്തെ മുൻനിര സ്ഥാപനമായി മാറുമെന്നാണ് കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ പ്രതീക്ഷ. കമ്പനിയുടെ മൂന്നാമത്തെ ഡ്രൈഡോക്കിന്റെ കമ്മീഷനിംഗ് ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി നിർവഹിക്കുന്നതോടെ ആഗോള വിപണിയിൽ നിന്നും നിരവധി നിർമ്മാണ കരാറുകൾ ലഭിക്കുമെന്നും വിലയിരുത്തുന്നു.
ഇന്ത്യയിലെ വിവിധ തുറമുഖങ്ങളിലെത്തുന്ന കപ്പലുകളുടെ റിപ്പയറിംഗ് ജോലികൾക്കായി രാജ്യാന്തര ഷിപ്പ് റിപ്പയറിംഗ് കേന്ദ്രവും കൊച്ചി വെല്ലിംഗ്ടൺ ദ്വീപിൽ ഉടൻ പ്രവർത്തനം തുടങ്ങും. എൽ.എൻ.ജി വെസലുകൾ, ഡ്രിൽ ഷിപ്പുകൾ, വലിയ മണ്ണുമാന്തി കപ്പലുകൾ, വിമാന വാഹിനികൾ തുടങ്ങിയവയുടെ നിർമ്മാണത്തിനും അറ്റകുറ്റപണികൾക്കുമുള്ള സംവിധാനങ്ങളുമായാണ് പുതിയ ഡ്രൈഡോക്ക് ഒരുങ്ങുന്നത്. ഇന്ത്യയിൽ മറ്റൊരു കപ്പൽശാലകൾക്കും ഇത്രയും വലിയ വെസലുകളുടെ നിർമ്മാണവും റിപ്പയറിംഗും കൈകാര്യം ചെയ്യാൻ ശേഷിയില്ലെന്ന് കൊച്ചിൻ ഷിപ്പ്‌യാർഡിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. വിഴിഞ്ഞം രാജ്യാന്തര കണ്ടെയ്നർ ടെർമിനൽ കൂടി പ്രവർത്തന സജ്ജമാകുന്നതോടെ കപ്പൽ നവീകരണത്തിനും അനുബന്ധ ജോലികൾക്കും വിപുലമായ അവസരങ്ങൾ ലഭിക്കുമെന്നാണ് കരുതുന്നത്. പുതിയ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതോടെ ആഗോള കപ്പൽ നിർമ്മാണ. റിപ്പയറിംഗ് രംഗത്തെ ഇന്ത്യയുടെ വിഹിതം നിലവിലുള്ള 0.4 ശതമാനത്തിൽ നിന്നും രണ്ട് ശതമാനമായി ഉയരുമെന്ന് വിലയിരുത്തുന്നു.
സാദ്ധ്യതകൾ വിപുലം
പ്രതിരോധ മേഖലയിൽ 'മേക്ക് ഇൻ ഇന്ത്യ' പദ്ധതികളുടെ ഭാഗമായി കൂടുതൽ ഉത്പന്നങ്ങൾ ആഭ്യന്തരമായി നിർമ്മിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം കൊച്ചി കപ്പൽശാലയ്ക്ക് വൻനേട്ടമാകും. രണ്ടാമത്തെ അന്തർവാഹിനിയുടെ കരാറിനൊപ്പം നേവിയുടെ കൂടുതൽ പ്രതിരോധ ഉത്പന്നങ്ങളുടെ നിർമ്മാണത്തിനുംഅവസരം ലഭിക്കുമെന്നാണ് കരുതുന്നത്. പുതിയ ഡ്രൈഡോക്ക് പ്രവർത്തനസജ്ജമാകുന്നതോടെ ദുബായ്, കൊളംബോ, സിംഗപ്പൂർ എന്നിവയ്ക്ക് ബദലായ കപ്പൽ നിർമ്മാണ. മെയിന്റനൻസ് കേന്ദ്രമായി കൊച്ചി മാറിയേക്കും.