
കോഴിക്കോട്: മത്സ്യബന്ധനത്തിന് പോവുന്നവർ ആധാറിന്റെ ഒറിജിനൽ കോപ്പി കൈയിൽ കരുതണമെന്നും ഇല്ലെങ്കിൽ പിഴ ഈടാക്കുമെന്നുള്ള ഫിഷറീസ് വകുപ്പിന്റെ ഉത്തരവിനെതിരെ മത്സ്യത്തൊഴിലാളികൾ. കേരളത്തിന്റെ തീരക്കടൽ, ആഴക്കടൽ മേഖലകളിൽ മത്സ്യബന്ധനത്തിൽ ഏർപ്പെടുന്ന മത്സ്യതൊഴിലാളികൾ തത്സമയം ഒറിജിനൽ ആധാർ കാർഡ് കൈവശം വച്ചില്ലെങ്കിൽ ഇന്ന് മുതൽ പിഴ ചുമത്തുമെന്ന ഫിഷറീസ് വകുപ്പിന്റെ തീരുമാനം അപ്രായോഗികവും മത്സ്യതൊഴിലാളി വിരുദ്ധവുമാണെന്ന് കേരള സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷൻ അറിയിച്ചു.
മത്സ്യബന്ധനത്തിന്റെ പ്രായോഗികത മാത്രം മുൻനിർത്തി നിർമ്മിച്ചിട്ടുള്ള പരമ്പരാഗത വള്ളങ്ങളിൽ പണിയെടുക്കുന്ന മത്സ്യത്തൊഴിലാളികൾ അപകടകരമായ സാഹചര്യത്തെ മുഖാമുഖം കണ്ടാണ് മത്സ്യബന്ധനം നടത്തുന്നത്. കടലപകടങ്ങളിൽപ്പെടുന്ന യാനങ്ങളെയും, തൊഴിലാളികളെയും തിരിച്ചു കിട്ടാത്ത സുരക്ഷിതത്വം ഇല്ലാത്ത ഈ തൊഴിൽ മേഖലയിൽ പണിയെടുക്കുന്നവർ ജീവിച്ചിരുന്നു എന്ന് തെളിയിക്കാനുള്ളതും ദൈനംദിന ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രേഖയുമായ ആധാർ കാർഡ് അപകടത്തോടൊപ്പം ഇല്ലായ്മചെയ്ത് നഷ്ടപരിഹാരം ഉൾപ്പെടെ നിരസിക്കുവാനുള്ള നീക്കമായേ ഇതിനെ കാണാൻ പറ്റൂ എന്ന് തൊഴിലാളികൾ ആരോപിക്കുന്നു.
യാനങ്ങളിൽ ഫിഷറീസ് വകുപ്പിന്റെ രജിസ്‌ട്രേഷനും, ലൈസൻസും, തൊഴിലാളികൾക്ക് കേന്ദ്രസംസ്ഥാന സർക്കാരുകളുടെ ബയോമെട്രിക്ക് ഉൾപ്പെടെ നിയമ പരിരക്ഷാ കാർഡുകൾ ഉണ്ടായിട്ടും ജലവുമായി നിരന്തര സമ്പർക്കത്തിൽ ഏർപ്പെടുന്ന തൊഴിലാളികൾ ആധാർ കൈവശം വയ്ക്കണമെന്ന അപ്രായോഗിക തീരുമാനങ്ങൾ അടിച്ചേൽപ്പിച്ച് നിരന്തരം നിയമക്കുരുക്കുകൾ ഉണ്ടാക്കി മത്സ്യത്തൊഴിലാളികളെ പീഡിപ്പിക്കുന്ന ഫിഷറീസ് വകുപ്പിന്റെ തീരുമാനങ്ങൾക്കെതിരെ സംസ്ഥാന തലത്തിൽ മത്സ്യത്തൊഴിലാളി അതിജീവന സദസുകൾ സംഘടിപ്പിച്ച് പ്രക്ഷോഭത്തിലേയ്ക്ക് കടക്കുമെന്നും സംസ്ഥാന പ്രസിഡന്റ് ജാക്സൺ പൊള്ളയിലും ,സെക്രട്ടറി എം.പി. അബ്ദുൾറാസിക്കും പറഞ്ഞു.