
ചണ്ഡീഗഢ്: പെൺവേഷത്തിൽ കാമുകിക്ക് പകരം പരീക്ഷയെഴുതാൻ എത്തിയ യുവാവ് പിടിയിൽ. പഞ്ചാബിലെ ഫരീദ്കോട്ടിലാണ് ഉദ്യോഗസ്ഥരെ പോലും അതിശയിപ്പിച്ച സംഭവം നടന്നത്. ഫാസിൽക സ്വദേശി അംഗ്രേസ് സിംഗാണ് കാമുകി പരംജിത് കൗറിന് പകരം പരീക്ഷയെഴുതാൻ എത്തിയത്. ബാബ ഫരീദ് യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി ജനുവരി ഏഴിന് നടത്തിയ പരീക്ഷയ്ക്ക് തൊട്ടുമുൻപായിരുന്നു കളളം പുറത്തുവന്നത്. കോട്‌കപുര ഡിഎവി പബ്ലിക് സ്കൂളിൽ വച്ചാണ് ആരോഗ്യ മേഖലയിലേക്കുളള ജോലിക്ക് ഈ പരീക്ഷ സംഘടിപ്പിച്ചത്.
കാമുകിയുടെ വ്യാജ വോട്ടർ ഐഡി, ആധാർ കാർഡ് എന്നിവയുണ്ടാക്കിയാണ് അംഗ്രേസ് സിംഗ് പരീക്ഷയെഴുതാനായി സ്കൂളിലെത്തിയത്. ചുണ്ടിൽ പിങ്ക് ലിപ്സ്റ്റിക്കും പുരട്ടി, കമ്മലും മാലയും വളയുമൊക്കെ അണിഞ്ഞ് സ്ത്രീ രൂപത്തിലാണ് ഇയാൾ എത്തിയത്. ഇയാളെ ആദ്യം മുതലേ പരീക്ഷാനടത്തിപ്പുകാർക്ക് സംശയമുണ്ടായിരുന്നു. തുടർന്ന് നടത്തിയ വിരലടയാള പരിശോധനയിലാണ് കളളം പുറത്തുവന്നത്. തുടർന്ന് ഇൻവിജിലേറ്റർമാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
അംഗ്രേസ് സിംഗിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വ്യാജ തിരിച്ചറിയൽ കാർഡ് തയ്യാറാക്കിയ മാർഗങ്ങളെക്കുറിച്ചും വിശദമായ പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു. കാമുകിക്ക് വേണ്ടിയാണ് പെൺവേഷത്തിൽ പരീക്ഷയ്ക്കെത്തിയതെന്ന് യുവാവ് സമ്മതിച്ചതായി പൊലീസ് പറഞ്ഞു.