
തിരുവനന്തപുരം: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന് ശ്രീപദ്‌മനാഭ സ്വാമിയുടെ സമ്മാനമായി ഓണവില്ല് നൽകുന്നു. രണ്ട് ഓണവില്ലുകളാണ് അയോദ്ധ്യയിലേക്ക് പദ്‌മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും സമർപ്പിക്കുന്നത്. ജനുവരി 18ന് കിഴക്കേ നടയിൽ നടക്കുന്ന ചടങ്ങിൽ അവിട്ടം തിരുനാൾ ആദിത്യവർമ്മ ഓണവില്ലുകൾ പ്രതിനിധികൾക്ക് കൈമാറും. കവടിയാർ കൊട്ടാരത്തിന്റെ വകയായും ക്ഷേത്രത്തിന്റെ വകയായുമാണ് ഓണവില്ലുകൾ തയ്യാറാക്കിയത്. അഗ്രശാലയിലെ ഊഞ്ഞാൽ മണ്ഡപത്തിൽ സ്ഥാപിച്ചിട്ടുള്ള ഓണവില്ലുകൾ ദർശിക്കാൻ ഇന്നും നാളെയും ഭക്തർക്ക് അവസരമുണ്ട്.
രാമാവതാരത്തിന് മുമ്പുള്ള യോഗഭാവം
ഐതിഹ്യപ്രകാരം ശ്രീരാമാവാതാരത്തിന് തൊട്ടുമുമ്പുള്ള യോഗഭാവത്തിലാണ് ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്‌ഠ. തെക്കേടത്ത് നരസിംഹ സ്വാമിയുടെതൊട്ടുമുന്നിലായി ദിവസേന നടക്കുന്ന രാമായണ പാരായണം ഇവിടുത്തെ പ്രത്യേകതയാണ്. രാവിലെ ക്ഷേത്രനട തുറന്നാൽ രാത്രി അടയ‌്ക്കുന്നത് വരെയും രാമായണ പാരായണം ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രത്തിൽ നിർബന്ധമാണ്.
41 ദിവസം വ്രതമെടുത്താണ് ഓണവില്ല് തയ്യാറാക്കുന്നത്.വിളയിൽവീട്ടിൽ കുടുംബാംഗങ്ങൾക്ക് പാരമ്പര്യമായി കൈമാറിക്കിട്ടിയ അവകാശമാണിത്. ദേവഗണത്തിൽ പെട്ട മഞ്ഞക്കടമ്പ്, മഹാഗണി വൃക്ഷങ്ങളുടെ പലക വഞ്ചിയുടെ മാതൃകയിൽ അറുത്തെടുത്ത് മൂലമന്ത്രം ചൊല്ലി തയ്യാറാക്കിയ നിറക്കൂട്ടുകൾ ഉപയോഗിച്ചാണ് ശ്രീപദ്മനാഭസ്വാമിയുടെ വീരശയനം, മഹാവിഷ്‌ണുവിന്റെ ദശാവതാരം, ശ്രീരാമകഥകൾ,ശ്രീകൃഷ്‌ണലീല, ശാസ്‌താവിന്റെയും വിനായകന്റെയും ചിത്രങ്ങൾ എന്നിവ വരയ്‌ക്കുന്നത്.
ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രത്തിലെ ഏറ്റവും വിശേഷപ്പെട്ട ദിവസങ്ങളിൽ ഒന്നാണ് ചിങ്ങമാസത്തിലെ തിരുവോണം. ശ്രീരാമഭാവത്തെ പ്രതിനിധീകരിച്ചാണ് ഈ ദിവസം പദ്‌മനാഭന് ഓണവില്ല് ചാർത്തുന്നത്.