
കാൻബെറ: ഓസ്‌ട്രേലിയയിൽ എവിടെ നോക്കിയാലും കാണുന്ന ജീവിയാണ് പാമ്പ്. തങ്ങളുടെ വീടിനുള്ളിലും ഓഫീസിലുമൊക്കെ ഇവിടത്തെ താമസക്കാർ പാമ്പുകളെ കാണാറുണ്ട്. തന്റെ മൂന്ന് വയസുള്ള മകളുടെ മേശവലിപ്പിൽ ലോകത്തിലെ ഏറ്റവും വിഷമുള്ള രണ്ടാമത്തെ പാമ്പിനെ കണ്ട ഞെട്ടലിലാണ് യുവതി.
വിവരമറിഞ്ഞ് ഓസ്‌ട്രേലിയയിലെ പാമ്പുപിടുത്തക്കാരനായ മാർക്ക് പെല്ലി സ്ഥലത്തെത്തുകയും അഞ്ചടി നീളമുള്ള ഈസ്റ്റേൺ ബ്രൗൺ എന്ന പാമ്പിനെ കുട്ടിയുടെ മുറിയിൽ നിന്ന് പിടികൂടുകയും ചെയ്തു. ഇതിന്റെ വീഡിയോ അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.
'കഴുകി, ഉണക്കിയ വസ്ത്രങ്ങൾ മടക്കിവയ്ക്കുന്നതിനിടയിലാണ് പാമ്പ് വസ്ത്രങ്ങൾക്കിടയിലേക്ക് കയറിയത്. യുവതി അത് അറിഞ്ഞില്ല. തുണി മടക്കിവച്ച് മേശ അടച്ചു. കുറച്ച് കഴിഞ്ഞ് മകന് വസ്ത്രങ്ങൾ എടുക്കാനായി മേശ തുറന്നപ്പോഴാണ് അഞ്ചടി നീളമുള്ള, തവിട്ട് നിറത്തിലുള്ള ഈസ്റ്റേൺ ബ്രൗണിനെ കണ്ടെത്തിയത്.'- എന്നാൽ പാമ്പ് പിടുത്തക്കാരൻ ഫേസ്ബുക്കിൽ കുറിച്ചത്.
ഇത്രയും വലിയ പാമ്പ് മേശയ്ക്കകത്തേക്ക് കയറുന്നത് ഈ സ്ത്രീ കണ്ടില്ലേയെന്ന് ചോദിച്ച് നിരവധി പേരാണ് യുവതിയെ വിമർശിച്ചുകൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്. എന്നാൽ അവരെ കുറ്റംപറഞ്ഞിട്ട് കാര്യമില്ലെന്നും ആർക്കും ഇങ്ങനെ സംഭവിക്കാമെന്നും മറ്റുചിലരും കമന്റ് ചെയ്തിട്ടുണ്ട്.