
ഭോപ്പാൽ: പട്ടത്തിന്റെ ചരട് കഴുത്തിൽ കുരുങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം. മദ്ധ്യപ്രദേശിലെ ധാർ നഗരത്തിലാണ് സംഭവമുണ്ടായത്. പിതാവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന കുട്ടിയുടെ കഴുത്തിൽ പട്ടത്തിന്റെ ചരട് കുടുങ്ങുകയായിരുന്നു.
പരിക്കേറ്റ കുഞ്ഞിനെ ഉടൻ തന്നെ അടുത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും കർശന നടപടിയെടുക്കുമെന്നും മദ്ധ്യപ്രദേശ് പൊലീസ് അറിയിച്ചു. പട്ടം പറത്താൻ ഉപയോഗിച്ച മൂർച്ചയേറിയ ചൈനീസ് നൂലാണ് അപകടത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. മനഃപൂർവമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്. പട്ടം പറത്തിയത് ആരാണെന്ന് ഉടൻ കണ്ടെത്തുമെന്നും ഇനി ചൈനീസ് നൂല് കൈവശം വയ്‌ക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സിറ്റി പൊലീസ് സൂപ്രണ്ട് രവീന്ദ്ര വാസ്കെൽ പറഞ്ഞു.
ഞായറാഴ്ച ഹൈദരാബാദിലും അഹമ്മദാബാദിലും സമാനമായ സംഭവം നടന്നിരുന്നു. ഇന്ത്യൻ സൈനികനും നാല് വയസുകാരനുമാണ് മരിച്ചത്. ഗോല്‍ക്കൊണ്ട സൈനിക ആശുപത്രിയിലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ ലാംഗര്‍ ഹൗസ് പ്രദേശത്ത് വച്ചാണ് ആന്ധ്രാപ്രദേശ് വിശാഖപട്ടണം സ്വദേശി കെ കോടേശ്വര്‍ റെഡ്ഢി (30)യെന്ന സൈനികൻ പട്ടത്തിന്റെ നൂൽ കഴുത്തിൽ കുരുങ്ങി മരിച്ചത്. മകരസംക്രാന്തിയുടെ ഭാഗമായി നടക്കുന്ന പട്ടം പറത്തൽ കാരണം നിരവധിപേർ അപകടത്തിൽപ്പെട്ടതായാണ് റിപ്പോർട്ട്.