
താനെ: എടിഎം കവർച്ചക്കിടെ കള്ളന്മാർ കത്തിച്ചത് 21ലക്ഷം രൂപ. മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. ജനുവരി 13ന് പുലർച്ചെ ഡോംബിവാലി ടൗൺഷിപ്പിലെ വിഷ്ണു നഗർ ഏരിയയിൽ സ്ഥിതി ചെയ്യുന്ന ദേശസാൽകൃത ബാങ്കിന്റെ എംടിഎമ്മാണ് മോഷ്ടാക്കൾ തകർക്കാൻ ശ്രമിച്ചത്. ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് പ്രതികൾ മോഷണം നടത്തിയത്.
എന്നാൽ ഗ്യാസ് കട്ടറിൽ നിന്ന് വന്ന കനത്ത ചൂടിൽ എടിഎം മെഷീനിൽ തീപിടിക്കുകയായിരുന്നു. 21,11,800 രൂപ കത്തിനശിച്ചതായും എടിഎമ്മിന് കാര്യമായ കേടുപാടുകൾ സംഭവിച്ചതായും അധികൃതർ അറിയിച്ചു. എടിഎം സെന്റർ കെെകാര്യം ചെയ്യുന്ന ഏജൻസി നൽകിയ വിശദാംശങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
അതേസമയം, 2023 ഡിസംബറിൽ ബംഗളൂരുവിലും സമാനസംഭവം നടന്നിട്ടുണ്ട്. ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം തകർക്കുന്നതിനിടെ നിരവധി നോട്ടുകൾ കത്തിനശിച്ചു. എംടിഎം സ്ഥാപിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമ സംഭവം കണ്ട് വന്നതിനാൽ മോഷണത്തിനുപയോഗിച്ച സാമഗ്രികളടക്കം ഉപേക്ഷിച്ച് മോഷ്ടാക്കൾ സ്ഥലംവിട്ടു.