india-car-export-

കൊച്ചി: അമേരിക്കയും യൂറോപ്പും അടക്കമുള്ള പ്രധാന വിപണികൾ കനത്ത മാന്ദ്യത്തിലേക്ക് മൂക്ക് കുത്തിയതോടെ ഇന്ത്യയിൽ നിന്നുള്ള കാർ കയറ്റുമതി കഴിഞ്ഞ വർഷം കനത്ത തിരിച്ചടി നേരിട്ടു, നാണയപ്പെരുപ്പം നേരിടാൻ വിവിധ കേന്ദ്ര ബാങ്കുകൾ പലിശ നിരക്ക് കുത്തനെ വർദ്ധിപ്പിച്ചതാണ് ഇന്ത്യയുടെ വാഹന കയറ്റുമതിയെ പ്രതികൂലമായി ബാധിച്ചത്. വാഹന നിർമ്മാതാക്കളുടെ സംഘടനയായ സൊസൈറ്റി ഫോർ ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചേഴ്സ് അസോസിയേഷന്റെ കണക്കുകളനുസരിച്ച് രാജ്യത്തെ വാഹന കയറ്റുമതിയിൽ കഴിഞ്ഞ വർഷം 21 ശതമാനം ഇടിവുണ്ടായി. പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങളും റഷ്യയിലെ പ്രശ്നങ്ങളും ഇന്ത്യയുടെ വാഹന കയറ്റുമതിയെ പ്രതികൂലമായി ബാധിച്ചു.

അസോസിയേഷന്റെ കണക്കുകളനുസരിച്ച് മൊത്തം വാഹനങ്ങളുടെ കയറ്റുമതി മുൻവർഷം 52.4 ലക്ഷമായിരുന്നത് 2023ൽ 42.85 ലക്ഷമായി കുറഞ്ഞു. പാസഞ്ചർ കാറുകളുടെ കയറ്റുമതി മികച്ച വളർച്ച നേടിയെങ്കിലും വാണിജ്യ വാഹനങ്ങളുടെ വില്പനയിൽ കനത്ത ഇടിവുണ്ടായതാണ് തിരിച്ചടി സൃഷ്ടിച്ചത്.

ആഗോള മേഖലയിലെ പ്രമുഖ ബ്രാൻഡുകൾ വൻ നിക്ഷേപത്തിൽ ഇന്ത്യയിലെ നിർമ്മാണ സംവിധാനങ്ങൾ ഒരുക്കിതോടെ ഇന്ത്യയിൽ നിന്നുള്ള കാർ കയറ്റുമതി കുത്തനെ കൂടിയിരുന്നു. മാരുതി സുസുക്കി മുതൽ ടാറ്റ മോട്ടോട്‌സും ഹ്യൂണ്ടായും ഉൾപ്പെടെയുള്ള പ്രമുഖ കമ്പനികളെല്ലാം നിലവിൽ ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന കാറുകളാണ് വിവിധ വിപണികളിലെത്തിക്കുന്നത്.

അമേരിക്കയും യൂറോപ്പും അടക്കമുള്ള വികസിത വിപണികൾ മാന്ദ്യത്തിലൂടെ നീങ്ങുമ്പോഴും ഇന്ത്യൻ കാറുകൾക്ക് വിദേശ വിപണിയിൽ പ്രിയം കൂടുകയാണ്. മുൻനിര കമ്പനികളായ ടൊയോട്ട കിർലോസ്‌ക്കർ, വോക്‌സ്‌വാഗൻ, ഹ്യൂണ്ടായ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ്, ഹോണ്ട, സ്‌ക്കോഡ തുടങ്ങിയ കമ്പനികളെല്ലാം കയറ്റുമതി വിപണിയിൽ റെക്കാഡ് മുന്നേറ്റമാണ് കാഴ്ച്ചവെച്ചത്.

രാജ്യത്തെ മുൻനിര വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി കഴിഞ്ഞ വർഷം 2.62 ലക്ഷം വാഹനങ്ങളാണ് കയറ്റി അയച്ചത്.