up

ലക്‌നൗ: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കേണ്ട എന്ന ഹൈക്കമാൻഡ് തീരുമാനത്തിനു പിന്നാലെ,​ അയോദ്ധ്യ സന്ദർശിച്ച് ഉത്തർപ്രദേശിലെ കോൺഗ്രസ് നേതാക്കൾ. സംസ്ഥാന അദ്ധ്യക്ഷൻ അജയ് റായിയുടെ നേതൃത്വത്തിൽ ആയിരത്തോളം പേരടങ്ങുന്ന സംഘം ഇന്നലെ വൈകിട്ടോടെയാണ് അയോദ്ധ്യയിലെത്തിയത്. സരയു നദിയിൽ പുണ്യസ്നാനം നടത്തിയ ശേഷം അയോദ്ധ്യയിലെ ഹനുമാൻ ഗഡി ഉൾപ്പെടെ വിവിധ ക്ഷേത്രങ്ങളിൽ ദർശനം നടത്തി.

മകരസംക്രാന്തി ദിനത്തിൽ ഭഗവാൻ രാമനെ ദർശനം നടത്താൻ സാധിച്ചതായി അജയ് റായ് പറഞ്ഞു. വിശ്വാസത്തിന്റെ പ്രതീകമാണ് രാമൻ. എല്ലാവരിലും രാമൻ വസിക്കുന്നു. അനുഗ്രഹം തേടിയാണ് അയോദ്ധ്യയിലെത്തിയതെന്ന് ദീപേന്ദർ ഹൂഡയും പ്രതികരിച്ചു. മതത്തിന്റെ പേരിൽ ദുഷിച്ച രാഷ്ട്രീയം കളിക്കുന്നത് ബി.ജെ.പിയാണെന്ന് സുപ്രിയ ശ്രീനേത് പറഞ്ഞു.
കോൺഗ്രസ് നിയമസഭാകക്ഷി നേതാവ് ആരാധന മിശ്ര ഉൾപ്പെടെയുള്ള നേതാക്കൾ അയോദ്ധ്യയിൽ എത്തുന്നുണ്ട്.

ഇവർക്ക് പിന്നാലെ രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെ നേതാക്കളും അയോദ്ധ്യയിലെത്തും.

മകരസംക്രാന്തിയോടനുബന്ധിച്ച് നഗരം സന്ദർശിക്കാനുള്ള തീരുമാനത്തിലായിരുന്നു യു.പിയിലെ നേതാക്കൾ.

പ്രതിഷ്ഠാ ചടങ്ങിനുള്ള ക്ഷണം കഴിഞ്ഞ ആഴ്ചയാണ് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും സോണിയാ ഗാന്ധിയും നിരസിച്ചത്. ഇത് ബി.ജെ.പി രാഷ്ട്രീയ ആയുധമാക്കിയിരുന്നു. പ്രതിഷ്ഠാ ദിനം ബി.ജെ.പി രാഷ്ട്രീയ ആയുധമാക്കുകയാണെന്ന പാർട്ടി നിലപാട് തിരിച്ചടി ആകാതിരിക്കാനാണ് യു. പി സംഘം അയോദ്ധ്യ സന്ദർശിക്കുന്നത്. വിശ്വാസത്തിന്റെ പേരിൽ പോകുന്നവരെ തടയില്ലെന്ന് പാർട്ടി നേരത്തേ വ്യക്തമാക്കിയിരുന്നു.

വ്യക്തിപരമായ ക്ഷണം സ്വീകരിച്ച് ചടങ്ങിൽ പങ്കെടുക്കുമെന്ന് ഹിമാചൽ പ്രദേശ് മന്ത്രി വിക്രമാദിത്യ സിംഗ് ഉൾപ്പെടെയുള്ള ചില നേതാക്കൾ അറിയിച്ചിരുന്നു.

രാഹുൽ സന്ദർശിക്കണം

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ഉത്തർപ്രദേശിൽ എത്തുമ്പോൾ രാമക്ഷേത്ര ദർശനം നടത്തണമെന്ന് പി.സി.സി ആവശ്യപ്പെടും.

ഞങ്ങൾ കൈയടിക്കണോ

ശങ്കരാചാര്യന്മാർ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ആവർത്തിച്ച് പുരി ശങ്കരാചാര്യ നിശ്ചലാനന്ദ സരസ്വതി. വിഗ്രഹം പ്രതിഷ്ഠിക്കുന്ന രീതിയിൽ നിന്ന് വ്യതിചലിച്ചതാണ് കാരണം. ശങ്കരാചാര്യന്മാർ അവരുടെ മാന്യത ഉയർത്തിപ്പിടിക്കുന്നവരാണ്. അഹങ്കാരത്തിന്റെ പ്രശ്‌നമല്ല. പ്രധാനമന്ത്രി വിഗ്രഹ പ്രതിഷ്ഠ നടത്തുമ്പോൾ ഞങ്ങൾ പുറത്തിരുന്ന് കൈയടിക്കണമെന്നാണോ പറയുന്നത്. മതേതര സർക്കാർ എന്നാൽ പാരമ്പര്യം തുടച്ചു നീക്കുന്നവർ എന്നല്ല അർത്ഥമെന്നും അദ്ദേഹം വ്യക്തമാക്കി. നാലു ശങ്കരാചാര്യന്മാരും ചടങ്ങിൽ പങ്കെടുക്കില്ലെന്നറിയിച്ചത് പ്രതിപക്ഷം ആയുധമാക്കിയിരുന്നു.

മൗറീഷ്യസ് ക്ഷേത്രങ്ങളിൽ ദീപാലങ്കാരം

പ്രാണപ്രതിഷ്‌‌ഠാ ചടങ്ങിനോടനുബന്ധിച്ച് മൗറീഷ്യയിലെ എല്ലാ ക്ഷേത്രങ്ങളിലും മൺവിളക്ക് കത്തിച്ച് രാമായണ പൂജ നടത്തുമെന്ന് ഇന്ത്യയിലെ ഹൈക്കമ്മിഷണർ ഹെയ്മണ്ഡോയൽ ദില്ലം പറഞ്ഞു. വിവിധ സാമൂഹിക സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തിൽ പരിപാടികൾ സംഘടിപ്പിക്കും. എല്ലാ വീടുകളിലും ആഘോഷം നടത്താൻ സർക്കാർ അഭ്യർത്ഥിച്ചതായും അദ്ദേഹം അറിയിച്ചു.