house-boat

ആലപ്പുഴ : സഞ്ചാരികളുടെ വരവ് വർദ്ധിച്ചതോടെ ജലയാനങ്ങളുടെ സുരക്ഷാപരിശോധന ഉടൻ പുനരാരംഭിക്കും. പരിശോധന ശക്തമാക്കിയതിനെ തുടർന്ന് ഹൗസ് ബോട്ട് ഉടമകൾ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. ഇതിനെ തുടർന്ന് കഴിഞ്ഞ രണ്ട് മാസമായി പരിശോധന താത്ക്കാലികമായി നിർത്തിവയ്ക്കുകയായിരുന്നു. ജില്ലയിൽ പുന്നമട, മുഹമ്മ, പള്ളാത്തുരുത്തി ഭാഗങ്ങളിലാണ് നിയമലംഘകരുടെ എണ്ണം അധികമായുള്ളത്. കായൽ സവാരിക്കെത്തുന്ന സഞ്ചാരികൾക്കൊപ്പം ബോട്ട് ജീവനക്കാർ മദ്യപിക്കുന്നത് പലപ്പോഴും തർക്കങ്ങൾക്കും കൈയാങ്കളിക്കും കാരണമാകുന്നുണ്ട്.

താനൂർ ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, ആലപ്പുഴയിലെ ഹൗസ് ബോട്ട് ഉൾപ്പെടെയുള്ള കായൽയാനങ്ങളിൽ പരിശോധന ശക്തമാക്കിയിരുന്നു. ഇടക്കാലത്ത് നിലച്ചിരുന്ന പൊലീസ്, ഫയർഫോഴ്സ്, ടൂറിസം പോർട്ട് ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധനയിൽ മതിയായ രേഖകളില്ലാത്ത നിരവധി ഹൗസ് ബോട്ടുകളും മോട്ടോർ ബോട്ടുകളുംപിടിച്ചെടുത്തിരുന്നു. ലക്ഷകണക്കിന് രൂപ പിഴയും ഈടാക്കി. കഴിഞ്ഞ ദിവസം ആലപ്പുഴയിൽ ഹൗസ് ബോട്ട് യാത്രക്കെത്തിയ ടൂറിസ്റ്റുകളും ബോട്ട് ഡ്രൈവറുമായി വൻ തർക്കമുണ്ടായി. പൊലീസെത്തിയതോടെ ഇരുകൂട്ടരും പരാതിയില്ലെന്ന് പറഞ്ഞ് സ്ഥലംവിടുകയായിരുന്നു.

വർദ്ധിച്ച് നിയമലംഘനങ്ങൾ

മദ്ധ്യവേനൽ അവധിക്ക് കൂടുതൽ ടൂറിസ്റ്റുകൾ ആലപ്പുഴയിൽ എത്തുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ഒക്ടോബർ മുതൽ സഞ്ചാരികളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. ഇതോടെയാണ് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി സംയുക്ത പരിശോധന പുനരാരംഭിക്കാൻ നിർദ്ദേശമുണ്ടായത്. ടൂറിസ്റ്റുകളുമായി പോകുമ്പോൾ പരിശോധന പാടില്ലെന്നാണ് ഹൗസ് ബോട്ടുടമകളുടെ നിലപാട്. എന്നാൽ ഇത് തുറമുഖ,പൊലീസ് വകുപ്പ് അംഗീകരിച്ചിട്ടില്ല. ഇതിൽ പ്രതിഷേധിച്ച് കളക്ടറേറ്റ് മാർച്ച് നടത്തിയതോടെ പരിശോധന തത്ക്കാലികമായി നിർത്തിവയ്ക്കുകയായിരുന്നു. എന്നാൽ നിയമലംഘനം വർദ്ധിച്ചതോടെ പരിശോധന ശക്തമാക്കാൻ കഴിഞ്ഞദിവസം ഡി.ഐ.ജിയുടെ നിർദ്ദേശമുണ്ടായി. ആലപ്പുഴയിൽ ദുരന്ത സാദ്ധ്യത തള്ളിക്കയാനാകില്ലെന്നും മാനദണ്ഡങ്ങൾ പാലിക്കാതെ ക്രമത്തിലധികം സഞ്ചാരികളുമായി സർവീസ് നടത്തുന്ന ബോട്ടുകളെ നിയന്ത്രിക്കാൻ പരിശോധന നടത്തണമെന്നും പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗവും റിപ്പോർട്ട് നൽകിയിട്ടുണ്ട്.

കണക്കിൽ കവിഞ്ഞ് യാത്രക്കാർ

1. പന്ത്രണ്ട് പേർ കയറാവുന്ന ബോട്ടുകളിൽ 25ഓളംസഞ്ചാരികളുമായിട്ടാണ് വേമ്പനാട്ട് കായലിൽ സവാരി നടത്തുന്നത്

2.അപകടങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ് പരിശോധനയുമായി ടൂറിസം വകുപ്പും ജില്ലാ ഭരണകൂടവും സജീവമാകുന്നത്

3.രക്ഷാപ്രവർത്തനത്തിന് വേമ്പനാട്ട് കായലിൽ ഫ്‌ളോട്ടിംഗ് ഫയർ സ്റ്റേഷൻ വേണമെന്ന ആവശ്യവും അവഗണിക്കപ്പെട്ടു

4 നെഹ്രുട്രോഫി, മുഹമ്മ, പള്ളാത്തുരുത്തി എന്നിവിടങ്ങളിൽ ഫ്ളോട്ടിംഗ് ഫയർസ്റ്റേഷനും ജില്ലാ ഓഫീസ് കേന്ദ്രീകരിച്ച് 50 അംഗ സ്‌കൂബാ ടീമും വേണമെന്നും ആവശ്യവും ശക്തമാണ്.

നിയമ ലംഘകരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ പരിശോധന പുനരാംഭിക്കാനാണ് നിർദ്ദേശം. വൈകാതെ പരിശോധന ആരംഭിക്കും. - ടൂറിസം പൊലീസ്

കഴിഞ്ഞ വർഷം പരിശോധന : 436 പിഴ: ₹ 25, 47,856