
ന്യൂയോർക്ക്: അമേരിക്കൻ പത്രമായ ദി ന്യൂയോർക്ക് ടൈംസിനെതിരെ ട്രംപ് നൽകിയ കേസ് പരാജയപ്പെട്ടതിന് പിന്നാലെ ദിനപത്രത്തിന് നാല് ലക്ഷം ഡോളറോളം ( 33 കോടി ) നൽകണമെന്ന് ഉത്തരവിട്ട് കോടതി. ന്യൂയോർക്ക് കൗണ്ടി സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് റോബർട്ട് ജെ. റീഡ് ആണ് കോടതി ചെലവായി ഇത്രയും തുക നൽകാൻ ഉത്തരവിട്ടത്.
അഭിഭാഷകർക്കുള്ള ഫീസ്, നിയമപരമായ മറ്റുചെലവുകൾ എന്നിവയ്ക്കായി ന്യൂയോർക്ക് ടൈംസിലെ മാധ്യമപ്രവർത്തകരായ സൂസൻ ക്രെയിഗ്, റസൽ ബട്ട്‌നെർ എന്നിവർക്ക് 229,931 ഡോളറും ഡേവിഡ് ബർസ്റ്റോവിന് 162,717 ഡോളർ എന്നിങ്ങനെ 393,000 ഡോളർ ട്രംപ് നൽകണമെന്നാണ് കോടതിയുടെ ഉത്തരവ്. തുക വളരെ കൂടുതലാണെന്ന ട്രംപിന്റെ അഭിഭാഷകന്റെ വാദം കോടതി മുഖവിലയ്ക്കെടുത്തില്ല.
021ലാണ് ഡൊണാൾഡ് ട്രംപ് ന്യൂയോർക്ക് ടൈംസിനും മാധ്യമപ്രവർത്തകർക്കുമെതിരെ കോടതിയെ സമീപിക്കുന്നത്.
മൂന്ന് മാധ്യമപ്രവർത്തകരും ട്രംപിന്റെ വെളിപ്പെടുത്താത്ത സമ്പത്തിനെ കുറിച്ച് 2018ൽ ന്യൂയോർക്ക് ടൈംസിൽ പ്രസിദ്ധീകരിച്ചിരുന്നു. പുലിറ്റ്സർ പുരസ്‌കാരം നേടിയ പരമ്പരയായിരുന്നു ഇത്. അതിനെ തുടർന്നാണ് ന്യൂയോർക്ക് ടൈംസിനും മൂന്ന് മാധ്യമപ്രവർത്തകർക്കുമെതിരെ 10 കോടി ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ട്രംപ് ട്രംപ് കോടതിയെ സമീപിച്ചു. കഴിഞ്ഞ വർഷം ഇതേ കോടതി കേസ് തള്ളുകയായിരുന്നു.
ട്രംപ് കോടതി ചെലവ് നൽകണമെന്ന ഉത്തരവിനെ ന്യൂയോർക്ക് ടൈംസ് സ്വാഗതം ചെയ്തു. നീതിന്യായ സംവിധാനത്തെ ദുരുപയോഗം ചെയ്ത് മാധ്യമപ്രവർത്തകരെ നിശബ്ദരാക്കാൻ ശ്രമിക്കുന്നവർക്കുള്ള ശക്തമായ സന്ദേശമാണ് വിധിയെന്ന് ന്യൂയോർക്ക് ടൈംസ് പ്രസ്താവനയിൽ പറഞ്ഞു