
അമൃത്സർ: കാമുകിക്ക് വേണ്ടി പരീക്ഷയെഴുതാൻ സ്ത്രീ വേഷത്തിലെത്തിയ യുവാവ് പിടിയിൽ. പഞ്ചാബിലെ ഫരീദ്കോട്ടിൽ കഴിഞ്ഞ ഏഴിനാണ് സംഭവം. ഫാസിൽക സ്വദേശി അംഗ്‌രേസ് സിംഗാണ് കാമുകി പരംജിത് കൗറിനു പകരം ഫരീദ്കോട്ടിലെ പരീക്ഷാകേന്ദ്രത്തിലെത്തിയത്.
ബാബാ ഫരീദ് ഹെൽത്ത് യൂണിവേഴ്സിറ്റിയിലെ മൾട്ടി പർപ്പസ് ഹെൽത്ത് വർക്കർ തസ്തികയിലേക്കുള്ള പരീക്ഷ. ലേഡീസ് സ്യൂട്ട്, ചുവന്ന വളകൾ, ബിന്ദി, ലിപ്‌സ്റ്റിക് തുടങ്ങി മേക്കപ്പ് ഒക്കെ ചെയ്‌ത് അംഗ്‌രേസ് സിംഗ് എത്തി. വ്യാജ തിരിച്ചറിയൽ കാർഡും ആധാർ കാർഡുമാണ് ഹാജരാക്കിയത്.
അവിടെയെല്ലാം വിജയിച്ച അംഗ്‌രേസ് ബയോമെട്രിക് പരിശോധനയിൽ കുടുങ്ങി. വിരലടയാളം പരിശോധിച്ചപ്പോൾ പരംജിത് കൗറിന്റെ വിരലടയാളവുമായി സാമ്യമില്ല. തട്ടിപ്പാണെന്ന് ബോദ്ധ്യപ്പെട്ടതോടെ നിയമനടപടി സ്വീകരിച്ചു. പരംജിത് കൗറിനെ പരീക്ഷയിൽ നിന്ന് വിലക്കി.