
മസ്‌കറ്റ്: പ്രവാസി മലയാളി യുവാവ് ഒമാനിൽ വാഹനാപകടത്തിൽ മരിച്ചു. കോഴിക്കോട് മുതുവണ്ണ കുറ്റ്യാടി സ്വദേശി അരീകുന്നുമ്മൽ മുഹമ്മദ് അലിയുടെ മകൻ മുഹമ്മദ് ഷാഫി (28) ആണ് മരിച്ചത്.
ഒമാനിലെ മുസന്നക്കടുത്ത് മുളദ്ദയിലാണ് വാഹനാപകടം ഉണ്ടായത്. ഷാഫി എട്ടുവർഷത്തോളമായി ഒമാനിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. അവിവാഹിതനാണ്. മാതാവ്: ജമീല. നിലവിൽ റുസ്‌താഖ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതശരീരം കെഎംസിസിയുടെ നേതൃത്വത്തിൽ തുടർനടപടികൾ പൂർത്തിയാക്കിയതിനുശേഷം നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
അതേസമയം, പക്ഷാഘാതം പിടിപ്പെട്ട് ജിദ്ദയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പ്രവാസി മരിച്ചു. മലപ്പുറം മഞ്ചേരി കാരപ്പറമ്പ് സ്വദേശി ഇളയേടത്ത് അബ്ദുറഹ്മാൻ (53) ആണ് മരിച്ചത്. 15 ദിവസമായി ജിദ്ദ കിംഗ് ഫഹദ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. രണ്ടുമാസം മുൻപാണ് ജിദ്ദയിലെത്തിയത്. നേരത്തെ 15 വർഷത്തോളം റിയാദിൽ ജോലി ചെയ്തിരുന്നു. പരേതനായ അബൂബക്കറിന്റെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: ഖമറുന്നിസ. മക്കൾ: ഫാത്തിമ ഫിദ, അബൂബക്കർ റിഹാൻ, മുഹമ്മജ് നജ്‌ഹാൻ.