
മുംബയ്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) ഉപയോഗിച്ച് സെലിബ്രിറ്റികളുടെ വ്യാജ വീഡിയോ നിർമ്മിക്കുന്നതിന് (ഡീപ് ഫേക്ക് )ഇരയായി മുൻ ഇന്ത്യൻ ക്രിക്കറ്റർ സച്ചിൻ ടെൻഡുൽക്കറും. ഒരു ഓൺലൈൻ ഗെയിം ആപ്പിനെ പ്രോത്സാഹിപ്പിക്കുന്ന സച്ചിന്റെ വ്യാജ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഈ ഗെയിമിലൂടെ തന്റെ മകൾ സാറ ദിവസേന 1.8 ലക്ഷം രൂപ സമ്പാദിക്കുന്നുണ്ടെന്നും താരം പറയുന്നതായി വീഡിയോയിലുണ്ട്. ഇത് ശ്രദ്ധയിൽ പെട്ടതിനെത്തുടർന്നാണ് കൃത്രിമമായി നിർമ്മിച്ച വീഡിയോയാണെന്ന് വ്യക്തമാക്കി സച്ചിൻ രംഗത്ത് വന്നത്.
സമീപകാലത്തായി ബോളിവുഡ് നടിമാരായ രശ്മിക മന്ദാന, കത്രീന കൈഫ്, ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര, കജോൾ തുടങ്ങിയവരെല്ലാം ഡീപ് ഫേക്ക് എന്ന എ.ഐ സാങ്കേതികവിദ്യയുടെ ദോഷവശങ്ങൾ അനുഭവിച്ചിരുന്നു. സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യുന്നതിൽ ദുഃഖമുണ്ടെന്നും ഇത്തരം തെറ്റായ കാര്യങ്ങൾ പ്രചരിക്കാതിരിക്കാൻ നടപടി വേണമെന്നും സച്ചിൻ ആവശ്യപ്പെട്ടു. ഇത്തരം വീഡിയോകൾക്കെതിരേ സോഷ്യൽ മീഡിയയിൽ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.