v

റെയ്കവിക് : ഐസ്‍ലാൻഡിൽ വീണ്ടും അഗ്നിപർവ്വത സ്ഫോടനം. ഒരു മാസത്തിനിടെയുണ്ടാകുന്ന രണ്ടാമത്തെ സ്ഫോടനമാണിത്. ഞായറാഴ്‌ച പുലർച്ചെ റെയ്‌ക്‌ജാൻസ് ഉപദ്വീപിലെ അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് ഗ്രിൻഡാവിക് ടൗണിലേക്ക് ലാവ ഒഴുകിയെത്തുകയായിരുന്നു. അതേ തുടർന്ന് നഗരത്തിലെ നിരവധി വീടുകൾ കത്തി നശിച്ചു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ആളുകളെ നേരത്തെ തന്നെ മാറ്റിയതിനാൽ ആളപായമില്ല. വിമാന സർവീസുകളെയും ബാധിക്കില്ലെന്ന് അധികൃതർ അറിയിച്ചു. ലാവ ഒഴുക്ക് കാരണം നഗരത്തിലേക്കുള്ള പ്രധാന റോഡ് തടസ്സപ്പെട്ടിരിക്കുകയാണ്. ഡിസംബറില്‍ ഉണ്ടായ അഗ്നിപര്‍വ്വത സ്‌ഫോടനത്തെ തുടര്‍ന്ന് പ്രതിരോധ മതിലുകള്‍ സ്ഥാപിച്ചിരുന്നെങ്കിലും ചില സ്ഥലങ്ങളിലെ പ്രതിരോധം മറികടന്നാണ് ലാവ ഗിന്‍ഡാവിക് നഗരത്തിലേക്ക് ഒഴുകിയത്. 'ഒരുമിച്ചു നിൽക്കുക, വീടുകൾ നഷ്ടപ്പെട്ടവരോട് കരുണ കാണിക്കുക എന്ന് ഐസ് ലാൻഡ് പ്രസിഡന്റ് ഞായറാഴ്ച വൈകീട്ട് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.

തുടർച്ചയായ ഭൂചനത്തെ തുടർന്ന് കഴിഞ്ഞ നവംബറിൽ ഐസ്‌ലാൻഡിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. അന്ന് പതിനാല് മണിക്കൂറിനിടെ 800 ഭൂചലങ്ങളായിരുന്നു അനുഭവപ്പെട്ടത്. ഇതിന് പിന്നാലെയാണ് പ്രദേശത്ത് ഭീതി പടർത്തി ഇപ്പോൾ അഗ്നിപർവ്വത സ്ഫോടനമുണ്ടായത്.