
ഉയരങ്ങൾ കീഴടക്കി കുതിച്ച് ഓഹരി വിപണി
കൊച്ചി: നിക്ഷേപകർക്ക് വൻ നേട്ടങ്ങൾ സമ്മാനിച്ച് ഇന്ത്യൻ ഓഹരി വിപണി ഇന്നലെ പുതിയ റെക്കാഡ് ഉയരത്തിലെത്തി. സെൻസെക്സ് ഇന്നലെ 759.49 പോയിന്റ് നേട്ടവുമായി 73,327.94ൽ അവസാനിച്ചു. ദേശീയ സൂചിക 203 പോയിന്റ് ഉയർന്ന് 22,097.50ൽ വ്യാപാരം പൂർത്തിയാക്കി. തുടർച്ചയായ അഞ്ചാം ദിവസമാണ് മുഖ്യ ഓഹരി സൂചികകൾ നേട്ടത്തോടെ അവസാനിക്കുന്നത്. ഇന്നലെ മാത്രം നിക്ഷേപകരുടെ ആസ്തിയിൽ 3.7 ലക്ഷം കോടി രൂപയുടെ വർദ്ധനയുണ്ടായി.
ഇൻഫോസിസ്, ഭാരതി എയർടെൽ, വിപ്രോ, ഒ.എൻ.ജി.സി, എച്ച്.സി.എൽ ടെക്നോളജീസ്, മാരുതി സുസുക്കി, റിലയൻസ് ഇൻഡസ്ട്രീസ്, ബജാജ് ഫിനാൻസ് എന്നിവയുടെ ഓഹരികൾ ഇന്നലത്തെ മുന്നേറ്റത്തിന് നേതൃത്വം നൽകി.
ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുന്നുവെന്ന പ്രതീക്ഷയിൽ വിദേശ നിക്ഷേപകരും ആഭ്യന്തര ഫണ്ടുകളും വൻ തോതിൽ വിപണിയിലേക്ക് പണമൊഴുക്കി. നാണയപ്പെരുപ്പം നിയന്ത്രണ വിധേയമായി തുടരുന്നതിനാൽ സാമ്പത്തിക മേഖല മികച്ച പ്രകടനം തുടരുമെന്ന് അനലിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു.
ഇറക്കുമതി കുറയുന്നു; കയറ്റുമതി കൂടുന്നു
കൊച്ചി: ആഗോള മേഖലയിൽ മാന്ദ്യം ശക്തിയാർജിക്കുമ്പോഴും ഇന്ത്യയുടെ കയറ്റുമതി ഗണ്യമായി കൂടുന്നു. കേന്ദ്ര സർക്കാരിന്റെ കണക്കുകളനുസരിച്ച് ഡിസംബറിൽ ഉത്പന്നങ്ങളുടെ കയറ്റുമതി ഒരു ശതമാനം ഉയർന്ന് 3,845 കോടി ഡോളറിലെത്തി. വികസിത രാജ്യങ്ങളിലെ തിരിച്ചടി മറികടക്കാൻ പുതിയ വിപണികൾ കണ്ടെത്തി ഇന്ത്യൻ കമ്പനികൾ ഉത്പന്നങ്ങൾ വിറ്റഴിക്കുന്നതാണ് കയറ്റുമതി കൂടാൻ സഹായിക്കുന്നത്.
ഇന്ത്യയുടെ ഇറക്കുമതി ആശ്രയത്വവും കുറയുകയാണ്. ഇന്ത്യയിലേക്കുള്ള ഇറക്കുമതി ഡിസംബറിൽ 4.8 ശതമാനം കുറഞ്ഞ് 5825 കോടി ഡോളറിലെത്തി. ക്രൂഡോയിലിന്റെ വിലയിലുണ്ടായ കുറവും അനുകൂല ഘടകമായി. ഇതോടെ ഇന്ത്യയുടെ വ്യാപാര കമ്മി 1980 കോടി ഡോളറായി താഴ്ന്നു.
ശക്തിയാർജിച്ച് രൂപ
കൊച്ചി: വിദേശ നിക്ഷേപകരുടെ പണമൊഴുക്കും കയറ്റുമതിക്കാരുടെ വില്പന സമ്മർദ്ദവും മൂലം ഡോളറിനെതിരെ രൂപ കൂടുതൽ കരുത്ത് നേടുന്നു. ഇന്നലെ ഡോളറിനെതിരെ രൂപയുടെ മൂല്യം ആറ് പൈസയുടെ നേട്ടവുമായി 82.88 ൽ അവസാനിച്ചു. കഴിഞ്ഞ ഒൻപത് ദിവസങ്ങളിലായി ഡോളറിനെതിരെ രൂപ 48 പൈസയുടെ നേട്ടമാണുണ്ടാക്കിയത്. ജനുവരി രണ്ടിന് ഡോളറിനെതിരെ രൂപയുടെ മൂല്യം 83.32 വരെ താഴ്ന്നിരുന്നു.