k

കുമാരനാശാനെന്ന മഹാപ്രതിഭയുടെ അക്ഷരങ്ങളും വാക്കുകളും ഇനിയും നൂറ്റാണ്ടുകൾ കടന്നുപോകും. മുമ്പോട്ടുകാലം കടന്നുപോയീടാതെ എത്ര ബലവത്തായ കോട്ടകെട്ടിയാലും മാറ്റത്തിന്റെ കാറ്റ് സ്‌നേഹസുരഭിലമായി ഒഴുകും, ആശാന്റെ കവിതപോലെ.

അഗ്നിയും ജലവും പഞ്ചഭൂതങ്ങളിൽപ്പെടുന്നതാണെങ്കിലും രൂപത്തിലും ഭാവത്തിലും വ്യത്യസ്തമാണ്. ദർശനത്തിലും സ്പർശനത്തിലും ഭിന്നമായ അനുഭവമാണ്. ജലം താണ നിലത്തേക്ക് ഒഴുകുന്നു. അഗ്നിയാകട്ടെ ആകാശത്തിന് അഭിമുഖമായി ഉയരുന്നു. അടിച്ചമർത്തപ്പെട്ടവർക്കും ചവിട്ടിത്താഴ്ത്തപ്പെട്ടവർക്കുമായി സ്‌നേഹജല പ്രവാഹമായി അലയടിച്ച മഹാകവിയാണ് കുമാരനാശാൻ. അതേസമയം അധർമ്മത്തിന്റെയും അനീതിയുടെയും വർണ്ണക്കൊട്ടാരക്കെട്ടുകളുടെ നേർക്ക് കവിതാഗ്നിജ്വാലകളായി ഉയരുകയും ചെയ്തു. അത്യപൂർവ്വ പ്രതിഭാശാലികളായ കവികൾക്കേ അത് സാധിക്കൂ. യുഗപുരുഷനായ ശ്രീനാരായണഗുരുവിന്റെ ദർശന ചക്രവാളം കണ്ടുവളർന്ന കുമാരനാശാന് അതിന് കഴിഞ്ഞു. ആ കവിതകളുടെ ചൂടും വെളിച്ചവും നൂറ്റാണ്ടുകൾക്കപ്പുറം സഹസ്രാബ്ദത്തോളം പരക്കുന്നു. പല്ലനയാറ്റിൽ ആ മഹാകവിയുടെ ഭൗതിക ദേഹവിയോഗം സംഭവിച്ചിട്ട് ഇന്ന് ഒരു നൂറ്റാണ്ടായെങ്കിലും ആ ഭാവനയും ചിന്തയും കവിതയും യൗവന തേജസോടെ നമുക്കൊപ്പമുണ്ട്. കാരണം ആശാന്റെ കവിത ചിരഞ്ജീവിയാണ്. ആ ചിന്തകളാകട്ടെ കാലദേശഭേദങ്ങൾ നീന്തിക്കയറിയവയാണ്.

ശ്രീനാരായണഗുരുവും കുമാരനാശാനും അവരുടെ വിശിഷ്ട ജന്മംകൊണ്ട് കാലത്തെ പ്രത്യേകം അടയാളപ്പെടുത്തിയവരാണ്. ചരിത്രം ശ്രീനാരായണഗുരുവിന് മുമ്പും ശേഷവും എന്ന്സൂക്ഷ്മദർശികൾക്ക് വായിക്കാനാകും. മലയാള കവിതയും അതുപോലെ ആശാന് മുമ്പും ശേഷവും എന്ന് വേറിട്ടുനിൽക്കുന്നു. എഴുത്തച്ഛന്റെ ഭാഷയിൽ ഭക്തിയുടെ സുഗന്ധം നാം അനുഭവിച്ചു. കുഞ്ചൻനമ്പ്യാരുടെ ശൈലിയിൽ ഭാഷയുടെ പൊട്ടിച്ചിരി ആസ്വദിച്ചു.ഭാഷയുടെയും ആശയങ്ങളുടെയും ഗാംഭീര്യവും ആഴവും നമുക്ക് കാട്ടിത്തന്നത് കായിക്കരയിൽ പിറന്ന കുമാരകവിയാണ്. വിശ്വദർശന സൗകുമാര്യംകൊണ്ട് ലോകോത്തരകവിതയെ തൊടാൻ മത്സരിച്ച ചിന്താപ്രൗഢി മഹാഗുരുവിന്റെ ചിന്ന സ്വാമിക്ക് ഒരുപക്ഷേ ശിഷ്യത്വംകൊണ്ട് പകർന്നുകിട്ടിയതാകാം.

സുന്ദരിമാരുടെ പാദസരങ്ങൾക്കും അരഞ്ഞാൺ കിലുക്കത്തിനുമപ്പുറം നോവുന്ന ഹൃദയങ്ങളുടെ മർമ്മരംകേട്ട കുമാരനാശാൻ സ്ത്രീത്വത്തിന്റെ പുതിയ ഉദാത്ത മാതൃകകൾ സൃഷ്ടിച്ചു. ഭാവത്തിലും ചിന്തയിലും വാല്മീകിയുടെ സീതയെ ചിന്താവിഷ്ടയാക്കി. സീതയുടെ കടക്കൺമുനകളിൽ ചോദ്യമുനകൾ ചേർത്തുവച്ചു. സർവംസഹയായ ഭൂമിപുത്രിയുടെ ചിരിക്കും മൗനത്തിനും പുതിയ ഭാവതലങ്ങൾ നൽകി. ഏത് സ്ത്രീജന്മത്തിനും ചോദ്യം ചെയ്യാനുള്ള ജന്മാവകാശമുണ്ടെന്ന് ആശാൻ സ്ഥാപിച്ചെടുത്തു. പെണ്ണെഴുത്തും ,സ്ത്രീവിമോചന പ്രസ്ഥാനങ്ങൾ ചിന്താരൂപം പോലും ആകാത്ത കാലത്താണ് ആശാന്റെ ഈ ചങ്കുറപ്പും ധീരതയുമെന്നോർക്കണം.

ഋഷിത്വവും കവിത്വവും ഒത്തുചേർന്ന ശ്രീനാരായണഗുരു ആദ്യ ദർശനത്തിൽത്തന്നെ കുമാരന്റെ കവിത്വസിദ്ധിയുടെ മാറ്റ് തിരിച്ചറിഞ്ഞു. അത് പോഷിപ്പിക്കാൻ ഉന്നതവിദ്യാഭ്യാസത്തിനുള്ള അവസരങ്ങളൊരുക്കി. കുമാരനാശാന്റെ വാക്ചാതുരിയും കവിതാശക്തിയും ഒളിഞ്ഞുകിടന്നിരുന്ന സംഘടനാപാടവവും ലോക ക്ഷേമത്തിന് ഉപയോഗപ്പെടണമെന്ന് ഗുരു ഇച്ഛിച്ചു. അങ്ങനെ കവിതാസാരഥിയെന്നതിനപ്പുറം സാമൂഹ്യ നവോത്ഥാനത്തിനുവേണ്ടി രൂപീകരിക്കപ്പെട്ട എസ്.എൻ.ഡി.പി യോഗമെന്ന മഹാപ്രസ്ഥാനത്തിന്റെ സെക്രട്ടറിയായും ചുമതലയേല്പിച്ചു. ബഹുമുഖ രംഗങ്ങളിൽ തിരക്കേറിയ പ്രവർത്തനങ്ങളിൽ മുഴുകിയിട്ടും ആശാൻ കവിതയുടെ അശ്വമേധം മുടങ്ങിയില്ല. വീണപൂവ്, ചണ്ഡാലഭിക്ഷുകി, ദുരവസ്ഥ, കരുണ, ചിന്താവിഷ്ടയായ സീത, ശ്രീബുദ്ധ ചരിതം, ബാലരാമായണം അങ്ങനെ തൂലികകൊണ്ട് തൊട്ടതൊക്കെ പത്തരമാറ്റായി.

ആശാന്റെ കാവ്യശകലങ്ങളും ചിന്താ വൈചിത്ര്യങ്ങളും മറ്റ് കലാരൂപങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും സാംസ്‌കാരിക സംഘടനകളും ഏറ്റെടുത്തു. യഥാർത്ഥത്തിൽ ആശാന്റെ ചിന്തയിൽ ആദ്യം നടന്ന വിപ്ലവങ്ങളെയും നവോത്ഥാനത്തെയുംകാൾ എന്ത് ചിന്താവിപ്ലവമാണ് പിന്നീട് നടന്നത്. ആശാന്റെ കവിതകളിൽ ഒളിഞ്ഞിരുന്ന ചിന്താവിത്തുകൾ തന്ത്രപൂർവമെടുത്ത് പിന്നീടുവന്ന പല എഴുത്തുകാരും രാഷ്ട്രീയ പിൻബലത്തോടെ വിതച്ച് നൂറുമേനി കൊയ്തു. നവോത്ഥാന കവിതയുടെ മേലങ്കിയണിഞ്ഞ് വിലസുകയും ചെയ്തു.

മലയാളി അതുവരെ കണ്ടിരുന്നതും അനുഭവിച്ചിരുന്നതുമായ പ്രണയത്തിനും സ്‌നേഹത്തിനും പുതിയ ആകാശങ്ങൾ ആശാൻ സൃഷ്ടിച്ചു നൽകി. നളിനി, ലീല, വാസവദത്ത, ചണ്ഡാലഭിക്ഷുകി, സാവിത്രി എന്നിവരുടെ സ്‌നേഹസങ്കല്പങ്ങൾക്ക് മണ്ണിന്റെയും വിണ്ണിന്റെയും ചാരുതയും സുഗന്ധവുമാണ്. ഒരു നൂറ്റാണ്ടിനിപ്പുറം നമ്മുടെ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക സാഹിത്യ വേദികളൊക്കെ പരിശോധിച്ചാൽ കുമാരനാശാൻ അവിടൊക്കെ അദൃശ്യനായ അദ്ധ്യക്ഷനായി വാഴുന്നതുകാണാം. പല മികച്ച പ്രഭാഷകരുടെയും എഴുത്തുകാരുടെയും നാവിൻതുമ്പിലും തൂലികത്തുമ്പിലും ആശാൻ തുളുമ്പി നിൽക്കുന്നു. കണ്ണീരിനാൽ അവനിവാഴ്വു കിനാവു കഷ്ടം എന്നതിനെക്കാൾ ഉയരത്തിൽ പറക്കാൻ എത്ര കവികല്പനകൾക്ക് പിന്നീട് കഴിഞ്ഞു. ദാഹിച്ചുവലഞ്ഞെത്തുന്ന ബുദ്ധസന്യാസിക്ക് പകരുന്ന 'നീചനാരി'യുടെ ജലത്തുള്ളികളെ ആശാൻ വിപ്ലവമുത്തുകളാക്കി. ചാത്തൻ പുലയൻ നമ്പൂതിരി കന്യയ്ക്ക് അഭയം നൽകി. ഒടുവിൽ പ്രണയഭരിതമായ ഇരുവരുടെയും ഹൃദയങ്ങൾ സംഗമിക്കുന്നതിനപ്പുറം എന്തുനവോത്ഥാനമാണ് നമ്മുടെ സമൂഹത്തിൽ പിന്നീട് സംഭവിച്ചത്. നെല്ലിൻചുവട്ടിൽ മുളയ്ക്കുന്ന കാട്ടുപുല്ലല്ല സാധു പുലയൻ എന്ന് വിളംബരം ചെയ്തത് ആ വിപ്ലവമനസാണ്. മാറ്റുവിൻ ചട്ടങ്ങളെ എന്ന് വ്യവസ്ഥിതിയുടെ മുഖത്തുനോക്കി ഗർജിച്ചതും ആ മനസുതന്നെ. സ്വാതന്ത്ര്യം തന്നെ ജീവിതമെന്നും പാരതന്ത്ര്യം മൃതിയെക്കാൾ ഭയാനകമെന്നും ഓർമ്മിപ്പിച്ചതും ആ കവിതയുടെ കരുത്താണ്. കെട്ടുകുതിരകളും തീവെട്ടികളും വാഴ്ത്തുപാട്ടുകാരും ഇല്ലെങ്കിലും ഉത്തമകവിതയുടെ പെരുക്കവും മുഴക്കവും കൊണ്ട് അത് കാലത്തെ അതിജീവിക്കുമെന്ന് മലയാളിക്ക് കാട്ടിത്തന്നതും കുമാരനാശാനാണ്. ഇന്ന് വിവാദങ്ങളാകുന്നതും ആഘോഷിക്കപ്പെടുന്നതുമായ പല മുന്നറിയിപ്പുകളും താക്കീതുകളും ആശാൻ ഒരു നൂറ്റാണ്ടിനുമുമ്പ് എഴുതിവച്ചതാണ്. അതിന്റെ പിന്തുടച്ചകൾ മാത്രമാണ് നാം പുതിയ രൂപത്തിൽ കാണുന്നതും കേൾക്കുന്നതും. കുമാരനാശാനെന്ന മഹാപ്രതിഭയുടെ അക്ഷരങ്ങളും വാക്കുകളും ഇനിയും നൂറ്റാണ്ടുകൾ കടന്നുപോകും. മുമ്പോട്ടുകാലം കടന്നുപോയീടാതെ എത്രബലവത്തായ കോട്ടകെട്ടിയാലും മാറ്റത്തിന്റെ കാറ്റ് സ്‌നേഹസുരഭിലമായി ഒഴുകും, ആശാന്റെ കവിതപോലെ.