
സനാ: അമേരിക്കൻ ചരക്ക് കപ്പലിൽ മിസൈൽ ആക്രമണം. യമന്റെ തെക്കൻ തീരത്ത് വെച്ചാണ് ആക്രമണം ഉണ്ടായത്. അമേരിക്കൻ ചരക്ക് കപ്പലിൽ മിസൈൽ പതിക്കുകയായിരുന്നു. യുഎസ് കേന്ദ്രമായുള്ള ഈഗിൾ ബുൾക് എന്ന കമ്പനിയുടെ ജിബ്രാൾട്ടർ ഈഗിൾ എന്ന പേരിലുള്ള ചരക്ക് കപ്പലിനുനേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിന് പിന്നിൽ ഹൂതികളാണെന്നാണ് സൂചന.
ചരക്ക് കപ്പലിൽ മിസൈൽ പതിച്ചെങ്കിലും ആളപായമില്ല. എന്നാൽ കപ്പലിന് കേട് പാട് സംഭവിച്ചിട്ടുണ്ട്. ചരക്ക് കപ്പലിന് പുറമെ യുദ്ധകപ്പലിന് നേരെയും മിസൈൽ ആക്രമണ ശ്രമം ഉണ്ടായെന്ന് അമേരിക്ക അറിയിച്ചു. എന്നാൽ, മിസൈൽ യുദ്ധ കപ്പലിൽ പതിക്കും മുൻപ് തകർത്തുവെന്നും അമേരിക്ക അറിയിച്ചു. കപ്പലിന് ചെറിയ കേടുപാട് മാത്രമാണ് സംഭവിച്ചതെന്നും ആർക്കും പരിക്കില്ലെന്നും അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസം യമൻ തലസ്ഥാനമായ സനയിലും തീരനഗരമായ ഹുദൈദയിലും അമേരിക്കയും ബ്രിട്ടണും ആക്രമണം നടത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഹൂതികൾ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണിപ്പോൾ അമേരിക്കൻ ചരക്ക് കപ്പലിനുനേരെ മിസൈൽ ആക്രമണം ഉണ്ടായത്. ഹൂതികളുടെ ഭീഷണിയുടെ പശ്ചാത്തലത്തിൽ യു.എസ് പതാക വഹിക്കുന്ന കപ്പലുകളോട് ചെങ്കടലിൽനിന്ന് വിട്ടുനിൽക്കാൻ അമേരിക്കൻ നാവികസേന ആവശ്യപ്പെട്ടിരുന്നു.
ഗസ്സയിലെ ഇസ്രയേൽ മനുഷ്യക്കുരുതിക്ക് പ്രതികാരമായി ചെങ്കടലിലെ ഇസ്രയേൽ ബന്ധമുള്ള കപ്പലുകൾക്ക് നേരെ ഇറാൻ പിന്തുണയുള്ള ഹൂതി സംഘം ആക്രമണം തുടരുകയാണ്. ഇതിന് തടയിടാൻ വെള്ളിയാഴ്ചയും യമനിലെ ഹൂതി സൈനിക കേന്ദ്രങ്ങൾക്ക് നേരെ യു.എസും യു.കെയും സംയുക്തമായി വ്യോമാക്രമണം നടത്തി.
ഗാസക്കെതിരായ ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കുകയും പാലസ്തീൻ ഉപരോധം അവസാനിപ്പിക്കുകയും ചെയ്യുന്നത് വരെ അന്താരാഷ്ട്ര കപ്പൽപ്പാതയിൽ ഇസ്രയേൽ ബന്ധമുള്ള കപ്പലുകൾ ആക്രമിക്കുന്നത് തുടരുമെന്ന് ഹൂതി നേതൃത്വം കഴിഞ്ഞ ദിവസവും ആവർത്തിച്ചിരുന്നു.
വടക്കൻ, മധ്യ, തെക്കൻ ഗാസയിൽ ജനങ്ങളെ ഒറ്റരാത്രികൊണ്ട് കൊല്ലുകയും പരിക്കേൽപ്പിക്കുകയും ചെയ്യുന്ന ഇസ്രായേൽ ആക്രമണങ്ങൾ തുടരുകയാണ്. ഒക്‌ടോബർ 7 മുതൽ ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 24,100 പേർ കൊല്ലപ്പെടുകയും 60,800 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒക്‌ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിൽ ഇസ്രായേലിൽ മരിച്ചവരുടെ എണ്ണം 1,139 ആണ്.