osaka

ആൻഡി മുറെയും വാൻഡ്രൂസോവയും ആദ്യ റൗണ്ടിൽ പുറത്ത്

മെൽബൺ : ഓസ്ട്രേലിയൻ ഓപ്പണിന്റെ രണ്ടാം ദിനം സാക്ഷ്യം വഹിച്ചത് വമ്പന്മാരുടെ വീഴ്ചയ്ക്ക്. മുൻ ഗ്രാൻസ്ളാം ജേതാക്കളായ നവോമി ഒസാക്ക, ആൻഡി മുറെ, മാർക്കേറ്റ വാൻഡ്രൂസോവ എന്നിവരാണ് ഇന്നലെ ആദ്യ റൗണ്ടിൽ തോൽവി ഏറ്റുവാങ്ങിയ പ്രമുഖർ. മുൻ ലോക ഒന്നാം നമ്പർ താരം ഡാനിൽ മെദ്‌വദേവ്, ഒൻസ് ജബേയുർ, കോക്കോ ഗൗഫ്, സിസ്റ്റിപ്പാസ്, അനസ്താസ്യ പാവ്‌ലുചെങ്കോവ തുടങ്ങിയവർ ആദ്യറൗണ്ടിൽ വിജയം നേടി.

2022 സെപ്റ്റംബറിന് ശേഷം സമ്മർദ്ദങ്ങളിൽ നിന്ന് മോചിതനാകാനായി കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുകയും കഴിഞ്ഞ ജൂലായ്‌യിൽ ഒരു കുഞ്ഞിന് ജന്മം നൽകുകയും ചെയ്ത മുൻ ലോക ഒന്നാം നമ്പർ താരം നവോമി ഒസാക്കയുടെ ഗ്രാൻസ്ളാം ടൂർണമെന്റുകളിലേക്കുള്ള തിരിച്ചുവരവ് സങ്കടകരമാക്കിയത് 16-ാം സീഡ്ഫ്രഞ്ച് താരം കരോളിൻ ഗാർഷ്യയാണ്. ഒരു മണിക്കൂർ 26 മിനിട്ട് മിനിട്ട് നീണ്ട പോരാട്ടത്തിൽ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു കരോളിന്റെ ജയം. സ്കോർ 6-4,7-6(7/2). രണ്ടാം സെറ്റ് ടൈബ്രേക്കർ വരെ എത്തിക്കാൻ നവോമിക്ക് കഴിഞ്ഞെങ്കിലും മത്സരം പിടിച്ചെടുക്കാനായില്ല. രണ്ട് തവണ ഓസ്ട്രേലിയൻ ഓപ്പൺ നേടിയിട്ടുള്ള താരമാണ് നവോമി. കഴിഞ്ഞ സീസണിലെ വിംബിൾഡൺ ജേതാവായ മാർക്കേറ്റ വാൻഡ്രൂസോവയെ ഇന്നലെ മെൽബണിലെ ആദ്യ റൗണ്ടിൽ ഉക്രേനിയൻ ക്വാളിഫയറായ ഡയാന യത്രേംസ്കയാണ് നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തത്. സ്കോർ : 6-1,6-2. ഏഴാം സീഡായി മത്സരിക്കാനിറങ്ങിയ മാർക്കേറ്റയ്ക്ക് ഉക്രേനിയൻ താരത്തിന് മുന്നിൽ അൽപ്പംപോലും പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. ബ്രിട്ടീഷ് താരമായ ആൻഡി മുറയെ 6-4,6-2,6-2 എന്ന സ്കോറിന് അർജന്റീനയുടെ എച്ചേവരിയാണ് തോൽപ്പിച്ചത്.

ഡാനിൽ മെദ്‌വദേവ് ആദ്യ റൗണ്ടിൽ ടെറസ് അറ്റ്മാനെയ്ക്ക് എതിരെ 5-7,6-2,6-4,1-0ത്തിന് മുന്നിട്ട് നിൽക്കുമ്പോൾ വാക്കോവറിലൂടെ മുന്നേറുകയായിരുന്നു. ഒൻസ് ജബേയുർ ആദ്യ റൗണ്ടിൽ ഉക്രേനിയൻ ക്വാളിഫയർ സ്റ്റാറോഡബ്ടുസേവയെ 6-3,6-1നാണ് കീഴടക്കിയത്. കോക്കോ ഗൗഫ് 6-3,6-0ത്തിന് സ്ളൊവാക്യയുടെ അന്ന കരോളിനയെ കീഴടക്കി.