
ബാഗോട്ട: ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യക്കെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ നിയമയുദ്ധം നടത്തിയ ദക്ഷിണാഫ്രിക്കക്ക് സമാധാന നൊബേൽ നൽകണമെന്ന് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ. അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ദക്ഷിണാഫ്രിക്ക നടത്തുന്ന കേസിന് ആവർത്തിച്ച് പിന്തുണ പ്രഖ്യാപിച്ച ഗുസ്താവോ, ഗസ്സക്കെതിരെ ഇസ്രായേൽ നടത്തുന്നത് വംശഹത്യയാണെന്ന് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഗസ്സയിൽ ഇസ്രായേൽ വംശഹത്യ നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ഐക്യരാഷ്ട്രസഭക്ക് കീഴിലെ ഹേഗ് അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ (ഐ.സി.ജെ) ദക്ഷിണാഫ്രിക്ക നൽകിയ പരാതിയിൽ ഇക്കഴിഞ്ഞ ദിവസങ്ങളിലായിരുന്നു കോടതി വാദം കേട്ടത്. വ്യാഴാഴ്ച ദക്ഷിണാഫ്രിക്കയും വെള്ളിയാഴ്ച ഇസ്രായേലും തങ്ങളുടെ വാദമുഖങ്ങൾ അവതരിപ്പിച്ചിരുന്നു.
നേരത്തേ ആസൂത്രണംചെയ്ത് നിശ്ചയിച്ചുറപ്പിച്ച വംശഹത്യയാണ് ഗസ്സയിൽ നടക്കുന്നതെന്ന് ദക്ഷിണാഫ്രിക്കക്കുവേണ്ടി ഹാജരായ അഭിഭാഷക ആദില ഹാശിം തെളിവുകൾ നിരത്തി ചൂണ്ടിക്കാട്ടി. വംശഹത്യകൾ ഒരിക്കലും മുൻകൂട്ടി പ്രഖ്യാപിച്ച് നടപ്പാക്കുന്നതല്ല. എന്നാൽ, 13 ആഴ്ചയായി ഗസ്സയിൽ നടക്കുന്നത് വംശഹത്യയാണെന്ന് ഇത്തരം സംഭവങ്ങൾ വിശകലനംചെയ്യുമ്പോൾ കോടതിക്ക് വ്യക്തമാകുമെന്ന് ആദില ബോധിപ്പിച്ചു.
കേസിൽ കോടതിയുടെ തീരുമാനം വരുംദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്ന് അന്താരാഷ്ട്ര കോടതി പ്രസിഡന്റ് ജൊവാൻ ഡൊണോഗ് പറഞ്ഞു.