
ഇൻഡോർ : ശിവം ദുബെ എന്ന പേസ് ബൗളിംഗ് ആൾറൗണ്ടറെ അഫ്ഗാനിസ്ഥാനെതിരായ ട്വന്റി-20 പരമ്പരയിലേക്ക് സെലക്ടർമാർ നിയോഗിച്ചത് ഹാർദിക് പാണ്ഡ്യയ്ക്ക് പകരമുള്ള ഓപ്ഷൻ എന്ന നിലയിലാണ്. കഴിഞ്ഞ ഏകദിന ലോകകപ്പിനിടെ ഹാർദിക്കിന് പരിക്കേറ്റപ്പോൾ ഒരു പേസ് ബൗളിംഗ് ആൾറൗണ്ടറുടെ അഭാവം ഇന്ത്യൻ ടീമിൽ നിഴലിച്ചിരുന്നു. ഈ വർഷം ട്വന്റി-20 ലോകകപ്പിനിടെ അങ്ങനെയെന്തെങ്കിലും സംഭവിച്ചാൽ ഒരു ബായ്ക്ക് അപ്പ് എന്ന നിലയിൽ പരീക്ഷിക്കാൻ വേണ്ടിയാണ് ശിവം ദുബെയ്ക്ക് ഇപ്പോൾ അവസരം നൽകിയത്.
ഇത് തനിക്ക് രക്ഷപെടാനുള്ള അവസരമാണെന്ന് തിരിച്ചറിഞ്ഞ് കളിച്ചതാണ് ശിവം ദുബെയെ ശ്രദ്ധേയനാക്കുന്നത്. ഏത് റോളിലേക്കാണോ സെലക്ടർമാർ തന്നെ തിരഞ്ഞെടുത്തത് ആ വേഷം പരമാവധി ഭംഗിയാക്കുകയായിരുന്നു ദുബെ. ആദ്യ രണ്ട് മത്സരങ്ങളിലെയും ഇന്ത്യൻ വിജയത്തിന് പിന്നിൽ ദുബെയുടെ ആൾറൗണ്ട് പ്രകടനത്തിന് വലിയ പങ്കുണ്ടായിരുന്നു. മൊഹാലിയിൽ നടന്ന ആദ്യ മത്സരത്തിൽ പുറത്താകാതെ 60 റൺസും ഒൻപത് റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റുമാണ് ദുബെ സ്വന്തമാക്കിയത്. ഇൻഡോറിൽ നടന്ന രണ്ടാം മത്സരത്തിൽ പുറത്താകാതെ 63 റൺസും 36 റൺസ് വഴങ്ങി ഒരുവിക്കറ്റും വീഴ്ത്തി.
ട്വന്റി-20 ഫോർമാറ്റിൽ ഒരു മത്സരത്തിൽ അർദ്ധസെഞ്ച്വറിയും ഒരു വിക്കറ്റെങ്കിലും നേടുകയും ചെയ്യുന്ന ഏഴാമത്തെ ഇന്ത്യൻ താരമാണ് ശിവം ദുബെ.
ഒന്നിലേറെ തവണ ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ താരവുമാണ് ദുബെ. യുവ്‌രാജ് സിംഗും വിരാട് കൊഹ്‌ലിയുമാണ് ആദ്യ രണ്ടുപേർ. യുവ്‌രാജ് മൂന്നുവട്ടവും വിരാട് രണ്ട് വട്ടവും ഈ നേട്ടത്തിലെത്തിയിട്ടുണ്ട്.
41
രോഹിത് ശർമ്മ ഇന്ത്യൻ ക്യാപ്ടനെന്ന നിലയിൽ ട്വന്റി -20യിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ ധോണിയുടെ റെക്കാഡിനൊപ്പമെത്തി. 72 മത്സരങ്ങളിൽ ധോണി 41 ജയം നേടിയപ്പോൾ രോഹിത് 53 മത്സരങ്ങളിൽ നിന്നാണ് ഈ നേട്ടത്തിലെത്തിയത്.
150
ട്വന്റി -20യിൽ 150 മത്സരങ്ങൾ തികയ്ക്കുന്ന ആദ്യ പുരുഷ ക്രിക്കറ്ററും രോഹിതാണ്.
രവീന്ദ്ര ജഡേജയ്ക്ക് ശേഷം ട്വന്റി -20 ഫോർമാറ്റിൽ 2000 റൺസും 200 വിക്കറ്റും തികയ്ക്കുന്ന ഇന്ത്യൻ താരമായി അക്ഷർ പട്ടേൽ മാറി.
ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള മൂന്നാം ട്വന്റി-20 നാളെ ബംഗളുരുവിൽ