
ന്യൂഡൽഹി: ദേശീയ നേതൃത്വം ജനുവരി 22നുള്ള പ്രാണപ്രതിഷ്ഠാ ചടങ്ങിനുള്ള ക്ഷണം നിരസിച്ചത് വിവാദമായിരിക്കെ കോൺഗ്രസ് നേതാക്കൾ അയോദ്ധ്യയിൽ എത്തി. ഉത്തർപ്രദേശ് പി.സി.സി അദ്ധ്യക്ഷൻ അജയ് റായ്, യു.പി എം.എൽ.എ അഖിലേഷ് പ്രതാപ് സിംഗ്, സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി അവിനാഷ് പാണ്ഡെ, ഹരിയാനയിലെ നേതാവും എംപിയുമായ ദീപേന്ദർ ഹൂഡ എന്നിവർ അയോദ്ധ്യയിലെ സരയൂ നദിയിൽ പുണ്യസ്നാനം നടത്തി. സംഘം അയോദ്ധ്യയിലെ ഹനുമാൻ ഗർഹി ക്ഷേത്രത്തിൽ പ്രാർത്ഥിച്ചു.
ഭഗവാൻ രാമൻ എല്ലാവരുടേതുമാണെന്നും താൻ മുൻപും അയോദ്ധ്യയിൽ വന്നിട്ടുണ്ടെന്നും ഹൂഡ പറഞ്ഞു. മകരസക്രാന്തിയുടെ ഭാഗമായി ശ്രീരാമന്റെ അനുഗ്രഹം തേടി വന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനേതും സഹപ്രവർത്തകർക്കൊപ്പം അയോദ്ധ്യ സന്ദർശിച്ചു. . മതത്തിന്റെ പേരിൽ വൃത്തികെട്ട രാഷ്ട്രീയമാണ് ബി.ജെ.പി നടത്തുന്നതെന്നും സുപ്രിയ പറഞ്ഞു.
അതേസമയം ജനുവരി 22ന് അയോദ്ധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് മൗറീഷ്യയിലെ എല്ലാ ക്ഷേത്രങ്ങളിലും മൺവിളക്ക് കത്തിച്ച് രാമായണ പൂജ നടത്തുമെന്ന് ഇന്ത്യയിലെ ഹൈക്കമ്മീഷണർ ഹെയ്മണ്ഡോയൽ ദില്ലം പറഞ്ഞു. വിവിധ സാമൂഹിക സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തിലും പരിപാടികൾ സംഘടിപ്പിക്കും. എല്ലാ വീടുകളിലും ദീപാവലി പോലെ ആഘോഷിക്കാൻ സർക്കാർ അഭ്യർത്ഥിച്ചതായും അദ്ദേഹം അറിയിച്ചു.