
ന്യൂഡല്‍ഹി: വിമാനങ്ങള്‍ വൈകുന്നതതില്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ.). ഉത്തരേന്ത്യയില്‍ കനത്ത മൂടല്‍മഞ്ഞുമൂലം വിമാനങ്ങള്‍ വൈകുന്നത് സ്ഥിരമാണ്, ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്‍ പൈലറ്റിനെ മര്‍ദിച്ച സാഹചര്യം കൂടി കണക്കിലെടുത്താണ് ഡി.ജി.സി.എയുടെ പുതിയ തീരുമാനം.
സര്‍വീസ് നടക്കാതെവന്നതോടെ നൂറോളം യാത്രക്കാരാണ് ഇന്നലെ ഡല്‍ഹി എയര്‍പോര്‍ട്ടില്‍ കുടുങ്ങിയത്. ഇവരുടെ ചോദ്യങ്ങള്‍ക്ക് എയര്‍ലൈന്‍ ഉദ്യോഗസ്ഥര്‍ കൃത്യമായ മറുപടികള്‍ നല്‍കാതെ വന്നതോടെയാണ് സ്ഥിതിഗതികള്‍ വഷളായത്. ഇതോടെയാണ് പുതിയ സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്ത് പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കാന്‍ തീരുമാനമാനിച്ചത്.
നിലവില്‍ ബോര്‍ഡിങ് നിഷേധിക്കുകയോ, വിമാനങ്ങള്‍ വൈകുകയോ, റദ്ദാക്കുകയോ ചെയ്യുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ എയര്‍ലൈന്‍ കമ്പനി ചെയ്തുകൊടുക്കണമെന്നാണ് ഡി.ജി.സി.എയുടെ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജിയറില്‍ വ്യക്തമാക്കുന്നത്.
പുതിയ നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയ എസ്.ഒ.പി. എല്ലാ എയര്‍ലൈനുകളും അടിയന്തരമായി പാലിക്കണം എന്നാണ് ഡി.ജി.സി.എയുടെ നിര്‍ദേശം. എസ്.ഒ.പി. പ്രകാരം സര്‍വീസ് താമസിക്കുന്നത് സംബന്ധിച്ച വിവരങ്ങള്‍ അതാത് എയര്‍ലൈന്‍സ് അപ്പപ്പോള്‍ യാത്രക്കാരെ അറിയിക്കണം, ഇതുസംബന്ധിച്ച വിവരങ്ങള്‍ അവരുടെ ഔദ്യോഗിക വെബ്സൈറ്റില്‍ അപ്ഡേറ്റ് ചെയ്യണം.