
മലപ്പുറം: മഞ്ചേരി ടൗണിൽ 7.945 കിലോഗ്രാം കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. വെസ്റ്റ് ബംഗാൾ സ്വദേശി അബ്ദുൽ ബറലിനെ (30) ആണ് മഞ്ചേരി എക്സൈസ് ഇൻസ്പെക്ടർ ഷിജു ഇ. ടി യും പാർട്ടിയും അറസ്റ്റ് ചെയ്തത്. കഞ്ചാവ് വില്പനയിലൂടെ ലഭിച്ച മുപ്പത്തയ്യായിരം രൂപയും ഇയാളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. എക്സൈസ് കമ്മീഷണറുടെ ഉത്തര മേഖല സ്‌ക്വാഡും, മലപ്പുറം എക്‌സൈസ് ഇന്റലിജൻസും, മഞ്ചേരി എക്‌സൈസ് റേഞ്ച് സംഘവും സംയുക്തമായിട്ടായിരുന്നു ഇയാളെ പിടികൂടിയത്.
സ്ഥിരമായി ഒരേ സ്ഥലത്ത് താമസിക്കാത്ത ഇയാൾ ഇടയ്ക്കിടക്കു താമസസ്ഥലം മാറ്റുന്നതിനാൽ പിടികൂടാൻ സാധിച്ചിരുന്നില്ല. ഇന്നലെ ഇയാൾ കഞ്ചാവ് വില്പനയ്ക്കിറങ്ങിയതായി വിവരം ലഭിച്ചതിനാൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വ്യാപക പരിശോധന നടത്തിയാണ് ഇയാളെ പിടികൂടാൻ സാധിച്ചത്.
ഇൻ്റലിജൻസ് വിഭാഗം ഇൻസ്പെക്ടർ മുഹമ്മദ് ഷെഫീഖ്, എക്സൈസ് ഇൻസ്പെക്ടർ ടി.ഷിജുമോൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീജിത്ത് ടി, സച്ചിൻ ദാസ് വി, അഖിൽ ദാസ് ഇ, ഡ്രൈവർ ഉണ്ണികൃഷ്ണൻ എം എന്നിവർ ചേർന്ന പാർട്ടിയാണ് പ്രതിയെ പിടികൂടിയത്.