
തൃശൂർ: തൃശൂരിൽ നിയന്ത്രണംവിട്ട കാർ പാറമടയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. കുഴിക്കാട്ടുശേരി വരദനാട് ക്ഷേത്രത്തിനു സമീപമാണ് അപകടം. പുത്തൻചിറ സ്വദേശികളായ മൂത്തേടത്ത് ശ്യാം (52), താക്കോൽക്കാരൻ ടിറ്റോ (48), പുന്നേലിപറമ്പിൽ ജോർജ് (48) എന്നിവരാണ് മരിച്ചത്.
കുഴിക്കാട്ടുശേരിയിൽനിന്നു പുത്തൻചിറയിലേക്കു പോകുമ്പോൾ കാർ നിയന്ത്രണം വിട്ട് റോഡരികിലെ പാറമടയിലേക്കു കൈവരി തകർത്ത് പതിക്കുകയായിരുന്നു. ഇന്നലെ രാത്രി പതിനൊന്നോടെ ആണ് അപകടം. എതിരെ വന്ന ബൈക്ക് യാത്രക്കാരാണ് അപകടം കണ്ടതെന്നു പൊലീസ് അറിയിച്ചു. റോഡിനോടുചേർന്ന് 50 അടിയോളം ആഴമുള്ള കുളത്തിലേക്കാണ് കാർ മറിഞ്ഞത്. അഗ്നി രക്ഷാസേനയും പൊലീസും എത്തിയെങ്കിലും കുളത്തിനു ആഴം കൂടുതലായതിനാൽ തിരച്ചിൽനടത്താനായില്ല.
തൃശൂരിൽനിന്നു ജില്ലാ ഫയർ ഓഫിസർ വി.എസ്.സുബി, മാള അഗ്നിരക്ഷാ സ്റ്റേഷൻ ഓഫിസർ നന്ദകൃഷ്ണനാഥൻ എന്നിവരുടെ നേതൃത്വത്തിൽ ആർ.എം.നിമേഷ്, അനിൽമോഹൻ, എം.എം.മിഥുൻ, സി. രമേഷ്കുമാർ എന്നിരടങ്ങുന്ന സ്‌കൂബ സംഘം തിരച്ചിൽ നടത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.