
അഹമ്മദാബാദ്: മരുഭൂമിയിലെ പൊള്ളുന്ന സൂര്യപ്രകാശവും മണൽക്കാറ്റും ഒരേസമയം വൈദ്യുതിയാക്കി മാറ്റുന്ന ലോകത്തെ ആദ്യ സംയുക്ത പദ്ധതി ഇന്ത്യയിൽ. രാജസ്ഥാൻ മരുഭൂമിയോട് ചേർന്ന് ഗുജറാത്തിലെ കച്ച് ജില്ലയിലുള്ള ഖാവ്ട മരുഭൂമിയിലാണിത്. കാറ്റാടിപാടവും സോളാർ പാർക്കും ഒന്നിച്ച് പ്രവർത്തിക്കും. ലോകത്തെ ഏറ്റവും വലിയ ഹരിതഉൗർജ്ജ സംവിധാനം എന്ന ബഹുമതിയും കൈവരും.
പദ്ധതി പൂർത്തിയാകുമ്പോൾ പ്രതിദിനം 33000 മെഗാവാട്ട് വൈദ്യുതിലഭിക്കും. 2022ൽ തുടങ്ങിയ നിർമ്മാണം പുരോഗമിക്കുകയാണ്. അഞ്ചു കോടി ടൺ കാർബൺ ബഹിർഗമനം ഇല്ലാതാക്കാനാകും. അദാനിയുടെ ഉടമസ്ഥതയിലാണിത്. സോളാർ പദ്ധതി 2025ൽ പൂർത്തിയാവുമെങ്കിലും കാറ്റാടിപ്പാടം ഘട്ടങ്ങളായാണ് കമ്മിഷൻ ചെയ്യുന്നത്. മുന്ദ്രയിൽ അദാനിയുടെ ഫാക്ടറിയിൽ ഒരു വർഷം 400 ഫാനുകളാണ് നിർമ്മിക്കുന്നത്. ആവശ്യമായവ നിർമ്മിക്കാൻ ആറുവർഷം വേണ്ടിവരും. 79 മീറ്റർ നീളവും 24ടൺ ഭാരവുമുള്ള ഒരു കാറ്റാടി ഫാനിൽ നിന്ന് 5.2 മെഗാവാട്ട് വൈദ്യുതി ലഭിക്കും.
പാർക്കിന് സിംഗപ്പൂർ നഗരത്തിന്റെ വലിപ്പം
1. മൊത്തം 726ചതുരശ്ര കിലോമീറ്റർ വൃസ്തൃതിയിലാണ് പാർക്ക്. ഇതു സിംഗപ്പൂർ നഗരത്തിന്റെ വലിപ്പത്തിന് തുല്യമാണ്. അഞ്ച് വർഷത്തിനുള്ളിൽ രണ്ടുലക്ഷം കോടിയുടെ നിക്ഷേപമാണ് അദാനി നടത്തുന്നത്.
2. പദ്ധതി പൂർത്തിയാവുമ്പോൾ, പ്രതിദിനം രണ്ടു കോടി വീടുകളിലെ ആവശ്യത്തിനുള്ള 33000 മെഗാവാട്ടാണ് ഉത്പാദനശേഷി. സോളാറിൽ നിന്ന് 20000മെഗാവാട്ടും കാറ്റാടിയിൽ നിന്ന് 13000 മെഗാവാട്ടുമാണ് ലഭിക്കുന്നത്. .കേരളത്തിലെ പ്രതിദിന ഉപഭോഗം 4500മെഗാവാട്ട് മാത്രമാണ്.
സോളാറിലും വമ്പൻ പദ്ധതി ഇന്ത്യയിൽ
1. ലോകത്തെ ഏറ്റവും വലിയ സോളാർ പാർക്ക് രാജസ്ഥാൻ മരുഭൂമിയിലെ ബാദ്ലയിൽ.ഉൽപാദനശേഷി 2245മെഗാവാട്ട്
2. ചൈനയിലെ ഹുവാങെ സോളാർ പാർക്ക്.ഉൽപാദനശേഷി 2200 മെഗാവാട്ട്
3. കർണാടകയിലെ പാവഗഡ സോളാർ പാർക്ക്. ഉൽപാദനശേഷി 2050 മെഗാവാട്ട്
4. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളാർ പാർക്ക്, ദുബായ്. ഉത്പാദനശേഷി 2050 മെഗാവാട്ട്
5. ദുബായിലെ അൽ ധഫ്രാ സോളാർ പി.വി.ഉത്പാദനശേഷി 2000 മെഗാ വാട്ട്
6. ഏറ്റവും വലിയ കാറ്റാടിപ്പാടം ചെെനയിലെ ഗൻസു വിൻഡ് പാർക്കാണ്. 20000 മെഗാവാട്ടാണ് ഉത്പാദനം