 
തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിന് കേളികൊട്ട് ഉയരാൻ സമയമെടുക്കുമെങ്കിലും പോരാട്ടച്ചൂടിൽ തൃശൂർ. മാസങ്ങൾക്ക് മുൻപേ സുരേഷ് ഗോപിയുടെ പ്രചാരണം തുടങ്ങിയിരുന്നു. യു.ഡി.എഫ് സ്ഥാനാർത്ഥിയായി ടി.എൻ. പ്രതാപന്റെ ചുമരെഴുത്ത് കൂടി തുടങ്ങിയതോടെ പ്രചാരണച്ചൂടിലേക്ക് അടുക്കുകയാണ് തൃശൂർ.
രണ്ടാഴ്ചയ്ക്കകം രണ്ടുതവണ പ്രധാനമന്ത്രി ജില്ലയിൽ എത്തുന്നത് ബി.ജെ.പിക്ക് ഊർജമാകുന്നുണ്ട്. എന്നാൽ അതെല്ലാം മറികടക്കാൻ വൻറാലിക്ക് കോപ്പുകൂട്ടുകയാണ് യു.ഡി.എഫ്. വൈകിയാലും പിടിച്ചുകയറാമെന്ന ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫ്.
ഗുരുവായൂർ ക്ഷേത്രനടയിൽ നടക്കുന്ന സുരേഷ് ഗേപിയുടെ മകളുടെ വിവാഹത്തിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതെങ്കിലും തൃപ്രയാർ ക്ഷേത്രത്തിൽ കൂടി ദർശനം നടത്തുന്നതിന് പിന്നിലും രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നാണ് വിലയിരുത്തൽ. അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയ്ക്ക് മുൻപേ ദക്ഷിണേന്ത്യയിലെ പ്രമുഖ ശ്രീരാമ ക്ഷേത്രത്തിൽ ദർശനം നടത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്.
മോദി എത്തുന്ന മൂന്നിടങ്ങളും തൃശൂർ പാർലമെന്റ് മണ്ഡലത്തിൽ ഉൾപ്പെടുന്നതാണെന്നതും ശ്രദ്ധേയം. ഗുരുവായൂരിലും തൃപ്രയാറിലും ഹെലിപാഡുകളിൽ വമ്പൻ സ്വീകരണം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ബി.ജെ.പി. ഇന്നലെ സുരേഷ് ഗോപി തൃശൂർ ലൂർദ്ദ് പള്ളിയിലെത്തി മാതാവിന് അഞ്ച് പവൻ തൂക്കം വരുന്ന പൊൻകിരീടം സമർപ്പിച്ചിരുന്നു. കുടുംബ സമേതം എത്തിയായിരുന്നു സമർപ്പണം. മൂന്ന് മുന്നണികളുടെയും വാക്പോരും ഇതിനകം ആരംഭിച്ചിട്ടുണ്ട്.
വമ്പൻ റാലിക്ക് കോൺഗ്രസ്
തൃശൂർ കേന്ദ്രീകരിച്ച് വമ്പൻ റാലിക്കുള്ളം മുന്നൊരുക്കത്തിലാണ് കോൺഗ്രസ്. ഫെബ്രുവരി നാലിന് വൈകിട്ട് 3.30ന് തേക്കിൻകാട് മൈതാനത്ത് നടക്കുന്ന മഹാസമ്മേളനം ഇന്ത്യ മുന്നണി ചെയർമാൻ കൂടിയായ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാകും ഉദ്ഘാടനം ചെയ്യുക. സംസ്ഥാനത്തെ 25177 ബൂത്തുകളിൽ നിന്ന് ബൂത്ത് പ്രസിഡന്റ്, വനിതാ വൈസ് പ്രസിഡന്റ്, ബി.എൽ.എമാർ എന്നിങ്ങനെ മൂന്ന് പേർ അടങ്ങുന്ന 75000ലേറെ പ്രവർത്തകരും മണ്ഡലം മുതൽ എ.ഐ.സി.സി തലം വരെയുള്ള ഭാരവാഹികളും ഉൾപ്പെടെ ഒരു ലക്ഷത്തോളം പേർ പങ്കെടുക്കും.
കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി,പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, ഡോ. ശശി തരൂർ എം.പി, കൊടിക്കുന്നിൽ സുരേഷ് എം.പി, യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, കെ.പി.സി.സി പ്രചാരണ സമിതി ചെയർമാൻ കെ. മുരളീധരൻ എം.പി എന്നിവർ പങ്കെടുക്കും.
ചുമരെഴുത്ത് തുടങ്ങി
സിറ്റിംഗ് എം.പിമാർ മത്സരിക്കുമെന്ന പ്രഖ്യാപനം കണക്കിലെടുത്ത് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുൻപേ ടി.എൻ. പ്രതാപനായി ചുവരെഴുത്ത് തുടങ്ങി. മണ്ഡലത്തിന്റെ വിവിധയിടങ്ങളിലാണ് ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. 'പ്രതാപൻ തുടരും, പ്രതാപത്തോടെ' എന്ന ചുവരെഴുത്തിൽ കൈപ്പത്തി ചിഹ്നവും രേഖപ്പെടുത്തിയിട്ടുണ്ട്.
അടിത്തട്ടിൽ പ്രവർത്തനം ശക്തമാക്കി എൽ.ഡി.എഫ്
സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചില്ലെങ്കിലും എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. വർഗ - ബഹുജന - യുവജന സംഘടനകളുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാരിനെതിരെയുള്ള സമരപരിപാടികൾ ശക്തമാക്കിയിട്ടുണ്ട്. ജനുവരി 20ന് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെ മനുഷ്യച്ചങ്ങല നടക്കുകയാണ്. ശക്തമായ ത്രികോണ മത്സരം വന്നാൽ നഷ്ടപ്പെട്ട തൃശൂർ സീറ്റ് പിടിച്ചെടുക്കാമെന്നാണ് എൽ.ഡി.എഫ് വിലയിരുത്തൽ. നിയമസഭാ തിരഞ്ഞെടുപ്പിൽ പി. ബാലചന്ദ്രൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന് പാർട്ടി പോലും ആശങ്കപ്പെട്ട സാഹചര്യത്തിൽ ജയിച്ചു കയറിയതാണ് ഇതിന് ആധാരമായി ചൂണ്ടിക്കാണിക്കുന്നത്.