
വാഷിംഗ്‌ടൺ: 2024ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ച് ഇന്ത്യൻ- അമേരിക്കൻ വ്യവസായി വിവേക് രാമസ്വാമി. അയോവ കോക്കസസിലെ മോശം പ്രകടനത്തെത്തുടർന്നാണ് പിന്മാറ്റം. റിപ്പബ്ളിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിക്കായുള്ള തിരഞ്ഞെടുപ്പിൽ മുൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപാണ് മിന്നും വിജയം നേടിയത്. റിപ്പബ്ളിക്കൻ പാർട്ടി സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പിലാണ് അയോവ കോക്കസിൽ ട്രംപ് നിർണായക വിജയം നേടിയത്.
ഫ്ളോറിഡ ഗവർണർ റോൺ ഡിസാന്റിസ്, മുൻ യുഎൻ അംബാസിഡർ നിക്കി ഹേലി എന്നിവരെ പിന്തള്ളിയാണ് ട്രംപ് മുന്നിലെത്തിയത്. വിവേക് രാമസ്വാമി നാലാമനായാണ് പൂർത്തിയാക്കിയത്. 7.7 ശതമാനം വോട്ടുകളാണ് വിവേക് നേടിയത്. 2023 ഫെബ്രുവരിയിലാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് മത്സരത്തിലേയ്ക്ക് രാമസ്വാമി ഇറങ്ങിയത്. കുടിയേറ്റത്തെക്കുറിച്ചുള്ള ശക്തമായ നിലപാടുകളിലൂടെയും അമേരിക്ക ആദ്യം എന്ന സമീപനത്തിലൂടെയും റിപ്പബ്ളിക്കൻ വോട്ടർമാരുടെ ശ്രദ്ധയും പിന്തുണയും നേടിയെടുക്കാൻ വിവേക് രാമസ്വാമിക്ക് കഴിഞ്ഞിരുന്നു. ട്രംപിന്റെ പ്രചാരണ തന്ത്രങ്ങളായിരുന്നു വിവേകും പിന്തുടർന്നത്. എന്നിരുന്നാലും അയോവ കോക്കസിൽ നാലാം സ്ഥാനത്തേയ്ക്ക് അദ്ദേഹം പിന്തള്ളപ്പെടുകയായിരുന്നു.
റിപ്പബ്ളിക്കൻ വോട്ടർമാർ തങ്ങളുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കുന്ന ആദ്യ സംസ്ഥാനമാണ് അയോവ. മാസങ്ങൾ നീണ്ടുനിൽക്കുന്ന തിരഞ്ഞെടുപ്പ് പ്രക്രിയയിലെ ആദ്യഘട്ടമാണ് കഴിഞ്ഞദിവസം നടന്ന അയോവ കോക്കസസ്. മിന്നും വിജയത്തോടെ റിപ്പബ്ളിക്കൻ പാർട്ടി സ്ഥാനാർത്ഥി സ്ഥാനത്തേക്കുള്ള യോഗ്യത ഉറപ്പിച്ചിരിക്കുകയാണ് ട്രംപ്.53.3 ശതമാനം വോട്ടാണ് ട്രംപ് നേടിയത്. പ്രധാന എതിരാളികളായ റോൺ ഡിസാന്റിസിന് 20 ശതമാനം വോട്ടും നിക്കി ഹാലിക്ക് 18.2 ശതമാനം വോട്ടുമാണ് ലഭിച്ചത്.