swasika-vijay

നടി സ്വാസിക വിജയ് വിവാഹിതയാകുന്നു. നടനും മോഡലുമായ പ്രേം ജേക്കബ് ആണ് വരൻ. ജനുവരി 26ന് തിരുവനന്തപുരത്ത് വച്ചാണ് വിവാഹം. 27ന് കൊച്ചിയിൽ സുഹൃത്തുക്കൾക്കായി വിവാഹവിരുന്നും സംഘടിപ്പിച്ചിട്ടുണ്ട്. ഇരുവരുടേതും പ്രണയവിവാഹമാണ്.

തിരുവനന്തപുരം സ്വദേശിയാണ് പ്രേം. എറണാകുളം മൂവാറ്റുപുഴ സ്വദേശിയായ സ്വാസികയുടെ യഥാർത്ഥ പേര് പൂജ വിജയ് എന്നാണ്. മനംപോലെ മംഗല്യം എന്ന സീരിയലിൽ സ്വാസികയും പ്രേമും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇരുവരുടെയും ഫോട്ടോഷൂട്ട് ചിത്രങ്ങളും വൈറലായിരുന്നു.

2010ൽ വൈഗ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സ്വാസിക സിനിമയിലെത്തിയത്. സിനിമാക്കമ്പനിയാണ് ആദ്യ മലയാള സിനിമ. പിന്നീട് ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധനേടുകയായിരുന്നു. ദത്തുപുത്രി, സീത എന്നീ സീരിയലുകളിലൂടെ കുടുംബപ്രേക്ഷകരുടെ ഇഷ്ടനടിയായി മാറി സ്വാസിക.

വാസന്തി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. പ്രഭുവിന്റെ മക്കൾ, പൊറിഞ്ചു മറിയം ജോസ്, ചതുരം, ആറാട്ട്, കുമാരി, മോൺസ്റ്റർ തുടങ്ങിയ സിനിമകളിലെ വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഉടയോൾ, പ്രൈസ് ഓഫ് പൊലീസ്, ജെന്നിഫർ, വമ്പത്തി, ലബർ പന്ത് എന്നിവയാണ് സ്വാസികയുടേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ.