modi-yogi

ന്യൂഡൽഹി: ലോക‌്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നരേന്ദ്രമോദി സർക്കാരിന് നേട്ടമാകുന്ന നിർണായക റിപ്പോർട്ട് പുറത്തുവിട്ട് നിതി ആയോഗ്. 9 വർഷത്തിനിടെ 24.82 കോടി ഇന്ത്യക്കാർ ദാരിദ്ര്യ മുക്തി നേടിയെന്ന് "2005-06 മുതൽ ഇന്ത്യയിലെ ബഹുമുഖ ദാരിദ്ര്യം’ എന്ന ഡിസ്‌കഷൻ പേപ്പർ ചൂണ്ടിക്കാട്ടുന്നു. 2013-14-ൽ 29.17ശതമാനമായിരുന്ന ദാരിദ്ര്യ അനുപാതം 2022-23-ൽ 11.28 ആയി ഇടിഞ്ഞു. ഇതുപ്രകാരം 2030ന് മുമ്പ് ബഹുമുഖ ദാരിദ്ര്യം പകുതിയായി കുറയ്ക്കുക എന്ന ലക്ഷ്യം ഇന്ത്യ കൈവരിക്കുമെന്നും പറയുന്നു.

ദരിദ്ര സംസ്ഥാനങ്ങളിൽ ദാരിദ്ര്യം വേഗത്തിൽ കുറയുന്നു.

ഉത്തർപ്രദേശ്, ബിഹാർ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ 2013-14 നും 2022-23 നും ഇടയിൽ ദരിദ്രരുടെ എണ്ണത്തിൽ വലിയ ഇടിവ് രേഖപ്പെടുത്തി.

ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ പേർ ദാരിദ്ര്യ മുക്തി നേടിയത്(5.94 കോടി). ബിഹാറിൽ 3.77 കോടിയും മധ്യപ്രദേശിൽ 2.30 കോടിയും രാജസ്ഥാനിൽ 1.87 കോടിയും ആളുകൾ ദാരിദ്ര്യമുക്തി നേടി. കേരളത്തിൽ 2.72 ലക്ഷം.

2005-06 മുതൽ 2015-16 കാലയളവിനെക്കാൾ 2015-16 മുതൽ 2019-21 വരെ ദാരിദ്ര്യത്തിന്റെ അനുപാതത്തിലെ ഇടിവ് വേഗത്തിൽ.

പോഷൻ അഭിയാൻ, അനീമിയ മുക്ത് ഭാരത്, പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന, ഉജ്ജ്വല യോജന പാചക ഇന്ധന വിതരണം, സൗഭാഗ്യ വൈദ്യുതി കവറേജ്, സ്വച്ഛ് ഭാരത് മിഷൻ, ജൽ ജീവൻ മിഷൻ തുടങ്ങിയ പദ്ധതികൾ ജനങ്ങളുടെ ജീവിത സാഹചര്യങ്ങളും മൊത്തത്തിലുള്ള ക്ഷേമവും ഉയർത്തിയെന്നാണ് കണ്ടെത്തൽ. നിതി ആയോഗ് സി.ഇ.ഒ ബി.വി. ആർ. സുബ്രഹ്മണ്യത്തിന്റെ സാന്നിധ്യത്തിൽ നിതി ആയോഗ് അംഗം പ്രൊഫ. രമേഷ് ചന്ദ് ഡിസ്‌കഷൻ പേപ്പർ പ്രകാശനം ചെയ്തു.