
ലണ്ടൻ: പോയ വർഷത്തെ മികച്ച പുരുഷ ഫുട്‌ബാൾ താരത്തിനുള്ള ഫിഫയുടെ ദ ബെസ്റ്റ് പുരസ്‌കാരം സ്വന്തമാക്കി അർജന്റീനയുടെ ഇതിഹാസതാരം ലയണൽ മെസി. കഴിഞ്ഞ തവണയും മെസി തന്നെയായിരുന്നു ഫിഫയുടെ 'ബെസ്റ്റ് ".
ഇക്കുറി അവസാന പട്ടികയിലുണ്ടായിരുന്ന മാഞ്ചസ്റ്റർ സിറ്റിയുടെ നോർവെ താരം എർലിംഗ് ഹാലാൻഡ്, പി.എസ്.ജിയുടെ ഫ്രഞ്ച് താരം കിലിയൻ എംബാപ്പെ എന്നിവരെ പിന്തള്ളിയാണ് മെസി മികച്ച താരമായത്. മികച്ച വനിതാ താരമായി ബാഴ്‌സലോണയുടെ സ്പാനിഷ് താരം അയ്താന ബോൺമതി തിരഞ്ഞെടുക്കപ്പെട്ടു. ഇക്കുറി മികച്ച താരത്തിനുള്ള ഫ്രഞ്ച് ഫുട്ബാൾ മാസികയുടെ ബാലൻ ഡി ഓർ പുരസ്കാരവും മെസിയും അയ്താനയുമാണ് നേടിയിരുന്നത്.
ഇത് മൂന്നാം തവണയാണ് ബെസ്റ്റ് പുരസ്കാരം മെസി സ്വന്തമാക്കുന്നത്. 2019ലും 2022 ലുമായിരുന്നു ഇതിനുമുമ്പുള്ള മെസിയുടെ ബെസ്റ്റ് നേട്ടങ്ങൾ. അമേരിക്കൻ മേജർ ലീഗ് സോക്കറിൽ കളിച്ചുകൊണ്ടിരിക്കുന്ന ഒരു താരം ആദ്യമായാണ് ഫിഫ ദ ബെസ്റ്റ് പുരസ്കാരം സ്വന്തമാക്കുന്നത്.
അമേരിക്കയിൽ ഇന്റർ മയാമി ക്ലബിനൊപ്പം പരിശീലനത്തിലുള്ള മെസി പുരസ്കാരം വാങ്ങാൻ ലണ്ടനിലെത്തിയിരുന്നില്ല. മെസിക്കൊപ്പം മത്സരിച്ച എർലിംഗ് ഹാലാൻഡ്, കിലിയൻ എംബപെ എന്നിവരും ചടങ്ങിൽ ഉണ്ടായിരുന്നില്ല.
യു.എസ് ക്ലബിനൊപ്പം പ്രീ സീസണിനുള്ള ഒരുക്കത്തിലാണ് മെസി. വെള്ളിയാഴ്ച എൽ സാൽവദോർ ദേശീയ ടീമിനെതിരെയാണു മത്സരം. 2024 മേജർ ലീഗിൽ ഫെബ്രുവരി 21ന് റിയൽ സാൾട്ട് ലേക്കിനെതിരെയാണ് ഇന്റർമയാമിയുടെ ആദ്യ മത്സരം. അതിനു മുൻപ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസർ ക്ലബിനെതിരെ അടക്കം ഇന്റർ മയാമിക്ക് സന്നാഹ മത്സരങ്ങളുണ്ട്. ഫ്രഞ്ച് ക്ലബ് പി.എസ്.ജി വിട്ട് മെസി കഴിഞ്ഞ വർഷമാണ് ഇന്റർ മയാമിയിൽ ചേർന്നത്.
8
ഇത് എട്ടാം തവണയാണ് മെസി ഫിഫയുടെ വാർഷിക പുരസ്കാരം സ്വന്തമാക്കുന്നത്. ഒരു തവണ ഫിഫ വേൾഡ് പ്ലെയർ ഓഫ് ദ് ഇയർ, നാലു തവണ ഫിഫ ബാലൺ ഡി ഓർ, 3 തവണ ഫിഫ ദ ബെസ്റ്റ് എന്നിവയാണ് മെസി നേടിയത്. 2016 മുതലാണ് ഫിഫ ബെസ്റ്റ് പുരസ്കാരം ഏർപ്പെടുത്തിയത്. ആദ്യ രണ്ട് വർഷങ്ങളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് പുരസ്കാരം നേടിയത്.
ആൾ ദ ബെസ്റ്റ്
പുരുഷ താരം : ലയണൽ മെസി
വനിതാ താരം : അയ്താന ബോൺമതി
പുരുഷ കോച്ച്: പെപ് ഗാർഡിയോള
വനിതാ കോച്ച്: സറീന വെയ്ഗ്മാൻ
പുഷ്‌കാസ് അവാർഡ് (മികച്ച ഗോൾ): ഗ്യൂലിഹേർമ മഡ്രൂഗ
പുരുഷ ഗോൾകീപ്പർ: എഡേഴ്‌സൺ
വനിതാ ഗോൾകീപ്പർ: മേരി ഇയേപ്‌സ്
ഫാൻ: ഹ്യൂഗോ മിഗ്യേൽ ഇനിഗ്വസ്
ഫെയർപ്ലേ: ബ്രസീൽ പുരുഷ ദേശീയ ടീം
പ്രത്യേക പുരസ്‌കാരം: മാർത്ത
ഫിഫ പുരുഷ ഇലവൻ: തിബോ കുർട്ട്വോ, കൈൽ വാക്കർ, ജോൺ സ്‌റ്റോൺസ്, റൂബൻ ഡയസ്, ബെർനാർഡോ സിൽവ, കെവിൻ ഡി ബ്രുയാൻ, ജൂഡ് ബെല്ലിംഗ്ഹാം, ലയണൽ മെസി, എർലിംഗ് ഹാലാൻഡ്, കിലിയൻ എംബാപ്പെ, വിനിഷ്യസ് ജൂനിയർ
ഫിഫ വനിതാ ഇലവൻ: മേരി ഇയേപ്സ്, ലൂസി ബ്രോൺസ്, അലക്‌സ് ഗ്രീൻവുഡ്, ഓൾഗ കർമോണ, എല്ല ടൂണെ, അയ്താന ബോൺമതി, കെയ്‌റ വാൽഷ്, ലോറൻ ജെയിംസ്, സാം കെർ, അലക്‌സ് മോർഗൻ, അലസ്സിയ റുസ്സോ.