sumit

ഓസ്ട്രേലിയൻ ഓപ്പണിന്റെ ആദ്യ റൗണ്ടിൽ 31-ാം റാങ്ക് താരത്തെ അട്ടിമറിച്ച് സുമിത് നാഗൽ

മെൽബൺ : ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് ടൂർണമെന്റിന്റെ പുരുഷ സിംഗിൾസിൽ ചരിത്ര നേട്ടവുമായി ഇന്ത്യയുടെ സുമിത് നാഗൽ രണ്ടാം റൗണ്ടിൽ കടന്നു. ആദ്യ റൗണ്ടിൽ ലോക 31–ാം നമ്പർ താരം അലക്സാണ്ടർ ബുബ്ലിക്കിനെ അട്ടിമറിച്ചാണ് സുമിത് അത്ഭുതം സൃഷ്ടിച്ചത്. ക്വാളിഫിക്കേഷൻ റൗണ്ടിലൂടെയെത്തിയ സുമിത്ത് നേരിട്ടുള്ള സെറ്റുകൾക്കാണ് കസാഖിസ്ഥാൻ താരമായ ബുബ്ളിക്കിനെ അടിച്ചിട്ടത്. സ്കോർ: 6–4, 6-2, 7–6. മത്സരത്തിന്റെ മൂന്നാം സെറ്റിൽ തിരിച്ചുവരാനുള്ള ബുബ്ളിക്കിന്റെ അവസാനശ്രമങ്ങളെയും ചെറുത്തുതോൽപ്പിച്ച് സുമിത് വിജയഥയെഴുതുകയായിരുന്നു.

ഓസ്ട്രേലിയൻ ഓപ്പണിൽ 1989ന് ശേഷം ആദ്യമായാണ് സിംഗിൾസിൽ ഒരു ഇന്ത്യക്കാരൻ ‍സീഡ് ചെയ്ത താരത്തെ തോൽപിക്കുന്നത്. പുരുഷ സിംഗിൾസിൽ മൂന്നാം റൗണ്ട് വരെ എത്തിയതാണ് ഒരു ഇന്ത്യൻ താരത്തിന്റെ മികച്ച പ്രകടനം. ഇതിഹാസ താരം രമേഷ് കൃഷ്ണൻ അഞ്ചു തവണ ഓസ്ട്രേലിയൻ ഓപ്പണിന്റെ മൂന്നാം റൗണ്ടിൽ എത്തിയിട്ടുണ്ട്. 1983,1984,1987,1988,1989 വർഷങ്ങളിലാണ് രമേഷ് കൃഷ്ണൻ മൂന്നാം റൗണ്ടിലെത്തിയത്.

ഓസ്ട്രേലിയൻ ഓപ്പണിന്റെ ആദ്യ റൗണ്ട് കടന്ന മറ്റൊരു ഇന്ത്യൻ താരം വിജയ് അമൃത്‍രാജ് ആണ്. 198 ൽ അദ്ദേഹം രണ്ടാം റൗണ്ടിലെത്തിയിരുന്നു. 1997, 2000 വർഷങ്ങളിൽ ലിയാൻഡർ പേസും രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്. 2013 ൽ സോംദേവ് ദേവ്‍വർമൻ ഓസ്ട്രേലിയൻ ഓപ്പണിന്റെ രണ്ടാം റൗണ്ടിൽ കളിച്ചിട്ടുണ്ട്.