
വർഷങ്ങളായി കേടുപാട് കൂടാതെ സൂക്ഷിച്ചിരിക്കുന്ന മൃതശരീരങ്ങളെയാണ് മമ്മിയെന്ന് വിളിക്കുന്നത്. ഈജിപ്‌റ്റിലാണ് കൂടുതൽ മമ്മികളെ കണ്ടെത്തിയിട്ടുള്ളത്. എന്നാൽ ഈജിപ്റ്റിൽ മാത്രമല്ല, ഏറ്റവും സുരക്ഷിതമായി മൃതദേഹങ്ങൾ സൂക്ഷിക്കുന്നതിൽ അതിവിദഗ്ദ്ധരായിരുന്നു ചൈനക്കാരും. ലോകത്ത് കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും സുരക്ഷിതമായി സംരക്ഷിക്കപ്പെട്ടിട്ടുള്ള മമ്മികളിൽ ഒന്ന് ചൈനയിൽ നിന്നും ലഭിച്ചതാണെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?. എന്നാൽ ഇത് സത്യമാണ്.
ചൈനയിലെ ഹുനാൻ പ്രവശ്യയിലെ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന 2,100 വർഷങ്ങൾക്ക് മുമ്പ് മരിച്ച ദായ് എന്ന രാജ്ഞിയുടെ മൃതദേഹമായിരുന്നു അത്. ഹാൻ വംശത്തിലെ രാജാവായ ലി കാംഗിന്റെ പത്നിയായിരുന്ന ദായ്. ബി സി 168ൽ 50-ാം വയസിലാണ് മരിച്ചതെന്നാണ് കരുതുന്നത്.

1968ൽ ഈ മമ്മി കണ്ടെത്തിയ ഗവേഷകർ ഒന്നടങ്കം ഞെട്ടി. മിനുസമായ ത്വക്ക്, കാര്യമായ കേടുപാടുകൾ ഇല്ലാത്ത അസ്ഥികൾ, കൺപീലികൾ, പുരികങ്ങൾ, തലമുടി. എന്തിന് രക്തക്കുഴലുകളിൽ രക്തം പോലുമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. 2000 വർഷം മുമ്പ് മരിച്ച സ്ത്രീയുടെ മമ്മിയാണ് തങ്ങൾക്ക് മുന്നിലുള്ളതെന്ന് ഓർത്തപ്പോൾ ഗവേഷകർ അക്ഷരാർത്ഥത്തിൽ പകച്ചു പോയി.
' ശരിക്കും അടുത്തിടെ മരിച്ച ഒരാളുടേത് പോലയായിരുന്നു ആ മമ്മി' പോസ്‌റ്റ് മോർട്ടം നടത്തിയ ഫോറൻസിക് വിദഗ്ദ്ധർ പറഞ്ഞു. ആന്തരികാവയവങ്ങൾക്ക് കോട്ടം സംഭവിച്ചിരുന്നില്ല. ഹൃദയസ്‌തംഭനമായിരുന്നു രാജ്ഞിയുടെ മരണകാരണമെന്നും അമിത വണ്ണം ഉണ്ടായിരുന്ന അവർക്ക് പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ അസുഖങ്ങൾ ഉണ്ടായിരുന്നെന്നും കണ്ടെത്തി.

രാജ്ഞി അവസാനം കഴിച്ചത് പോലും ഗവേഷകർ കണ്ടെത്തിരുന്നു. തണ്ണിമത്തങ്ങയായിരുന്നു അത്. ദഹിക്കാതെ കിടന്ന 138 തണ്ണിമത്തൻ കുരുക്കളാണ് രാജ്ഞിയുടെ കുടലിലും അന്നനാളത്തിലും നിന്ന് ഗവേഷകർ കണ്ടെത്തിയത്. തണ്ണിമത്തൻ കുരുക്കൾ ദഹിക്കാൻ ഏകദേശം ഒരു മണിക്കൂർ വേണ്ടി വരും. അതുകൊണ്ട്, തണ്ണിമത്തൻ കഴിച്ചുടൻ രാജ്ഞി മരിച്ചിരിക്കാമെന്നുമാണ് നിഗമനം.
കല്ലറയിൽ നിന്നും പുറത്തെടുത്തതോടെ അന്തരീക്ഷ ഓക്‌സിജനുമായുണ്ടായ പ്രവർത്തനഫലമായി മമ്മിയുടെ രൂപത്തിൽ വ്യത്യാസം ഉണ്ടായി. അതുകൊണ്ട് തന്നെ, കണ്ടെത്തിയ സമയത്ത് എങ്ങനെയായിരുന്നോ അത് പോലെയല്ല ഇന്ന് നമുക്ക് ഈ മമ്മിയെ കാണാൻ സാധിക്കുക.
ഇത്രയും കേൾക്കുമ്പോൾ സ്വാഭാവികമായി ഒരു ചോദ്യം ഉയരാം; വർഷങ്ങളോളം രാജ്ഞിയുടെ മൃതദേഹം കേടുപാടുണ്ടാകാതെ സുക്ഷിക്കാൻ ഉപയോഗിച്ചത് എന്താണെന്ന് ഇന്നും കൃത്യമായ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വായു സഞ്ചാരം ഒട്ടുമില്ലാത്ത മഗ്നീഷ്യം അടങ്ങിയ അമ്ല സ്വഭാവമുള്ള ഒരു അജ്ഞാത ദ്രാവകത്തിലാണ് മമ്മി സൂക്ഷിച്ചിരുന്നത്. ഈ ദ്രാവകം ഏതാണെന്ന് കണ്ടെത്താൻ ഇന്നും കഴിഞ്ഞിട്ടില്ല.