
സോഷ്യൽ മീഡിയ ഭരിക്കുന്ന ഇക്കാലത്ത് കൊറിയൻ വേവിനെക്കുറിച്ച് അറിയാത്തവർ കുറവായിരിക്കും. കെ പോപ്പ്, കെ ഡ്രാമ, കെ ബ്യൂട്ടി എന്നിവയൊക്കെ കൊച്ചുകുട്ടികൾക്ക് വരെ പരിചിതമായ വാക്കുകളാണ്. ഈ വാക്കുകൾപോലെ ഇന്ന് ട്രെൻഡിംഗ് ആവുന്ന ഒരു വാക്കാണ് ഗ്ളാസ് സ്‌കിൻ. ഇൻസ്റ്റഗ്രാം റീലുകളും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർമാരുമാണ് ഗ്ളാസ് സ്‌കിൻ എന്ന വാക്കിന് ഏറെ പ്രചാരം നൽകിയത്.
മെഡിക്കൽ ടൂറിസത്തിന് പേരുകേട്ട രാജ്യമായി ഇന്ത്യ മാറിയതുപോലെ ദക്ഷിണ കൊറിയ ലോകത്തിലെ ബ്യൂട്ടി ടൂറിസത്തിന്റെ തലസ്ഥാനമായി മാറിയിരിക്കുകയാണ്. കൊറിയൻ ബ്യൂട്ടി സ്റ്റാൻഡേർഡ്‌സ് പിന്തുടരുന്ന നിരവധി പേർ ഇന്ന് ലോകത്താകമാനമായി ഉണ്ട്. കൊറിയക്കാരുടേത് പോലെ തിളങ്ങുന്ന, കുഴികളോ പാടുകളോയില്ലാത്ത ചർമം സ്വന്തമാക്കാൻ ദിവസേന അനേകായിരങ്ങളാണ് കൊറിയയിലേയ്ക്ക് യാത്ര ചെയ്യുന്നത്. 2021ൽ ഒൻപത് ലക്ഷത്തിലധികം പേർ സൗത്ത് കൊറിയയിലെത്തിയപ്പോൾ 2023ൽ 65 ലക്ഷത്തിലധികം ടൂറിസ്റ്റുകളാണ് രാജ്യത്തെത്തിയത്. സെപ്തംബറിൽ ടൂറിസ്റ്റുകളുടെ വരവിന്റെ വളർച്ചാനിരക്ക് 227.3 ശതമാനമായി ഉയർന്നു.
ഗ്ലാസ് സ്‌കിൻ തരംഗം
ഗ്ലാസ് സ്‌കിൻ ലഭിക്കാൻ പത്ത് സ്റ്റെപ്പുകളുള്ള ചർമ്മ സംരക്ഷണമാണ് ഉള്ളത്. കുഴികളോ പാടുകളോ മറുകുകളോയില്ലാത്ത കണ്ണാടി പോലെ തിളങ്ങുന്ന ചർമ്മമാണ് ഗ്ളാസ് സ്‌കിൻ കൊണ്ടുദ്ദേശിക്കുന്നത്. കെ പോപ്പ് താരങ്ങളുടെയും കൊറിയൻ നടീനടൻമാരുടെയും മുഖത്ത് നോക്കിയാൽ കണ്ണാടി പോലെ തിളങ്ങുന്നത് കാണാം. ഗ്ളാസ് സ്‌കിൻ ലഭിക്കാൻ അരിയുടെ വെള്ളത്തിന്റെ ടോണറുകളും ഒച്ച് ഉത്പാദിപ്പിക്കുന്ന ഒരുതരം പ്രോട്ടീനായ മ്യൂസിനുമാണ് കൂടുതലായും നിർദേശിക്കപ്പെടുന്നത്.
കഴിഞ്ഞവർഷത്തെ ബ്യൂട്ടി ട്രെൻഡ്‌സിൽ ആദ്യ അഞ്ചിൽ ഗ്ളാസ് സ്‌കിന്നുമുണ്ട്. ഗ്ളാസ് സ്‌കിൻ ലഭിക്കാൻ വേദനയുള്ള പല ബ്യൂട്ടി ട്രീറ്റ്‌മെന്റ്‌സിലൂടെയും കടന്നുപോകേണ്ടതുണ്ട്. ഇവയിൽ രണ്ടെണ്ണമാണ് അൽത്തേറയും പോട്ടൻസയും. മുഖത്തെയും കഴുത്തിലെയും ചർമം ദൃഢമുള്ളതാക്കാനാണ് അൽത്തേറ ചെയ്യുന്നത്. പൊട്ടൻസയിൽ വളരെ നേർത്ത സൂചികളും റേഡിയോഫ്രീക്വൻസി ഊർജവും ഉപയോഗിക്കുന്നു.
എന്നാൽ ഇന്ത്യക്കാർക്ക് ഗ്ളാസ് സ്‌കിൻ ലഭിക്കുന്നത് അസാദ്ധ്യമാണെന്ന് ഡെർമറ്റോളജിസ്റ്റുകൾ പറയുന്നു. ദക്ഷിണ കൊറിയക്കാരുടെ ചർമ്മത്തിൽ പിഗ്മന്റേഷൻ അഥവാ നിറവ്യത്യാസം ഉണ്ടാകാനുള്ള സാദ്ധ്യത വളരെ കുറവാണ്. അവരുടെ ജനിതകഘടനയാണ് ഇതിന് കാരണം. എന്നാൽ ഇന്ത്യക്കാരുടെ ചർമ്മത്തിൽ മെലാനിന്റെ അളവ് കൂടുതലായതിനാൽ ഹൈപ്പർ പിഗ്മന്റേഷനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. മാത്രമല്ല ചർമ്മത്തിൽ കുഴികളുണ്ടാവുന്നതും ഇന്ത്യക്കാരുടെ ചർമ്മത്തിൽ സാധാരണമാണ്. കൂടാതെ ജീവിതരീതികളിൽ വളരെ ശ്രദ്ധാലുക്കളാണ് കൊറിയക്കാർ. ഭക്ഷണത്തിനും വ്യായാമത്തിനും ഇവർ വളരെയധികം പ്രാധാന്യം നൽകുന്നു. ഇവയും ചർമ്മം മികച്ചതായി നിലനിർത്താൻ കൊറിയക്കാരെ സഹായിക്കുന്നു.