
പൃഥ്വിരാജ് നാലാമതായി സംവിധാനം ചെയ്യാൻ പോകുന്ന ടൈസൺ എന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിലൂടെ കന്നട താരം ശിവരാജ്‌കുമാറും തമിഴിലെ വിലപിടിപ്പുള്ള സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും മലയാളത്തിലേക്ക് എത്തുന്നു. രജനികാന്ത് ചിത്രം ജയിലറിലൂടെ മലയാളത്തിന് ഏറെ പരിചിതനാണ് ശിവരാജ് കുമാർ. ടൈസണിലെ മറ്റു അണിയറ പ്രവർത്തകരെ തീരുമാനിച്ചിട്ടില്ല.
ചിത്രത്തിൽ പൃഥ്വിരാജ് അഭിനയിക്കുന്ന കാര്യവും തീരുമാനിച്ചിട്ടില്ല. യു.കെയിൽ എമ്പുരാന്റെ ലൊക്കേഷനിലാണ് പൃഥ്വിരാജ് ഇപ്പോൾ. മോഹൻലാൽ ഉൾപ്പെടെയുള്ള താരങ്ങളുടെ രംഗങ്ങളാണ് ചിത്രീകരിക്കുന്നത്. യു.കെയിലെ ചിത്രീകരണത്തിനുശേഷം യു.എസിലും ചെന്നൈയിലും ചിത്രീകരണമുണ്ട്. ചെന്നൈയിൽ എമ്പുരാനുവേണ്ടി കൂറ്റൻ സെറ്റ് ഒരുങ്ങുന്നുണ്ട്. എമ്പുരാൻ പൂർത്തിയായ ശേഷം പൃഥ്വിരാജ് ചെറിയ ഒരു ബ്രേക്ക് എടുക്കും. തുടർന്ന് ടൈസണിന്റെ ജോലിയിലേക്കു പ്രവേശിക്കാനാണ് തീരുമാനം. മുരളി ഗോപി തിരക്കഥ ഒരുക്കുന്ന ടൈസൺ മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യും. കെ.ജി.എഫ് നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസ് ആണ് നിർമ്മാണം. ഹോംബാലെ ഫിലിംസ് നിർമ്മിച്ച കെ.ജി.എഫ് 2 കേരളത്തിൽ വിതരണം ചെയ്തത് പൃഥ്വിരാജ് പ്രൊഡക്‌ഷൻസായിരുന്നു. ഹോം ബാലെ ഫിലിംസ് നിർമ്മിച്ച പ്രഭാസ് ചിത്രം സലാറിൽ പ്രധാന വേഷത്തിൽ പൃഥ്വിരാജ് അഭിനയിച്ചിരുന്നു.സലാറിന്റെ കേരളത്തിലെ വിതരണവും പൃഥ്വിരാജ് പ്രൊഡക്ഷൻസിനായിരുന്നു. കെ.ജി.എഫ് നിർമ്മാതാക്കൾക്കൊപ്പം ടൈസണിലൂടെ പൃഥ്വിരാജ് - പാൻ ഇന്ത്യൻ ചിത്രം ചെയ്യാൻ ഒരുങ്ങുന്നു എന്നതാണ് ശ്രദ്ധേയം.