bahrain

മനാമ: സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതൽ നടപടികൾ സ്വീകരിച്ച് ബഹ്‌റൈൻ ഭരണകൂടം. തൊഴിലാളികളുടെ വർക്ക് പെർമ്മിറ്റ് ഫീസ് പത്ത് ശതമാനമോ അതിൽ കൂടുതലോ വർദ്ധിപ്പിക്കാൻ ആലോചയുണ്ടെന്നണ് റിപ്പോർട്ട്. ധനകാര്യമന്ത്രി ഷെയ്ഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച നിർദ്ദേശം ഉയർന്നത്. പാർലമെന്റ്, ശൂറ അംഗങ്ങൾക്ക് മുന്നിൽ ഈ നിർദ്ദേശം വച്ചിട്ടുണ്ട്.

നിലവിൽ മന്ത്രിസഭ സമിതി മൂന്ന് ഓപ്ഷണലുകളാണ് മുന്നോട്ടുവച്ചിരിക്കുന്നത്. ഒരു പ്രവാസി തൊഴിലാളിയുടെ പെർമ്മിറ്റ് നൽകുന്നതിനും പുതുക്കുന്നതിനും 100 ദിനാറാണ് ഈടാക്കുന്നത്. ആരോഗ്യപരിരക്ഷ ചെലവുമായി ബന്ധപ്പെട്ട് 72 ദിനാറും അഞ്ച് തൊഴിലാളികൾ വരെയുള്ള ബിസിനസുകാരിൽ നിന്ന് അഞ്ച് ദിനാർ വീതമാണ് ഈടാക്കുന്നത്. അഞ്ചിൽ കൂടുതൽ തൊഴിലാളികളുള്ള ബിസിനസുകാർക്ക് 10 ദിനാർ വീതമാണ് ഓരോ തൊഴിലാളിയും അടയ്‌ക്കേണ്ടത്.

എന്നാൽ പുതിയ ശുപാർശയുടെ ആദ്യ ഓപ്ഷൻ അനുസരിച്ച് തൊഴിലാളി പെർമ്മിറ്റ് നൽകുന്നതിനും പുതുക്കുന്നതിനുമുളള ഫീസ് നൂറിൽ നിന്ന് 200 ആയി വർദ്ധിപ്പിച്ചു. ആരോഗ്യ സംരക്ഷണത്തിന് 144 ദിനാറാക്കും. കൂടാതെ അഞ്ച് വരെ തൊഴിലാളികളുള്ള ബിസിനസിന് പ്രതിമാസ ഫീസ് 10 ആക്കും. അഞ്ചിൽ കൂടുതൽ തൊഴിലാളികളുള്ള ബിസിനസുകൾക്ക് 10 ദിനാർ വീതമായിരുന്നു നേരത്തെ അടയ്‌ക്കേണ്ടിയിരുന്നത്. എന്നാൽ അത് 20 ആയി വർദ്ധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.

രണ്ടാമത്തെ ഒപ്ഷനിൽ പെർമ്മിറ്റ് പുതുക്കുന്നതിനുള്ള ഫീസ് പത്ത് ശതമാനം വർദ്ധിപ്പിച്ച് 110 ദിനാർ ആക്കും. ആരോഗ്യ സംരക്ഷണ ഫീസ് ശതമാനം പത്ത് മുതൽ 80 ദിനാർ വരെ വർദ്ധിപ്പിക്കും. മൂന്നാമത്തെ ഒപ്ഷനിൽ പെർമ്മിറ്റ് റദ്ദാക്കുന്നതിനും പെർമ്മിറ്റ് നൽകുന്നതിനും പുതുക്കുന്നതിനുമുള്ള ഫീസ് 970 ദിനാറാക്കും. ആരോഗ്യ സുരക്ഷ ഫീസ് 144 ദിനാറായും അഞ്ച് തൊഴിലാളികളുള്ള ബിസിനസിന് പ്രതിമാസ ഫീസ് 50 ദിനാറായും അഞ്ചിലധികം തൊഴിലാളികളുണ്ടെങ്കിൽ 80 ശതമാനം വർദ്ധിപ്പിക്കാനുമാണ് ശുപാർശ ചെയ്തിരിക്കുന്നത്. 2025 ജനുവരി ഒന്ന് മുതൽ പുതിയ മാറ്റം പ്രാബല്യത്തിൽ വരുമെന്നാണ് കരുതുന്നത്.